20 April 2024, Saturday

രാജ്യദ്രോഹക്കുറ്റം നിലനിര്‍ത്തണം; ശിക്ഷ വര്‍ധിപ്പിക്കണമെന്നും കേന്ദ്ര നിയമ കമ്മിഷന്‍ ശുപാര്‍ശ

Janayugom Webdesk
ന്യൂഡല്‍ഹി
June 2, 2023 11:05 pm

രാജ്യദ്രോഹക്കുറ്റം വ്യവസ്ഥ ചെയ്യുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124 എ വകുപ്പ് നിലനിര്‍ത്തണമെന്ന് ദേശീയ നിയമ കമ്മിഷന്‍ ശുപാര്‍ശ. ശിക്ഷയുടെ കാലാവധി വര്‍ധിപ്പിക്കണമെന്നും കമ്മിഷൻ കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. വലിയ രീതിയിലുള്ള ദുരുപയോഗം കണക്കിലെടുത്ത് നിയമം താല്ക്കാലികമായി സുപ്രീം കോടതി മരവിപ്പിച്ചിരുന്നു. സര്‍ക്കാരിനെതിരെ അവമതിപ്പുണ്ടാക്കുന്ന ഏതൊരു പരാമര്‍ശത്തെയും ചിഹ്നങ്ങളെയും രാജ്യദ്രോഹക്കുറ്റമായി വ്യാഖ്യാനിച്ച് ജീവപര്യന്തം തടവിനുവരെ ശിക്ഷിക്കാന്‍ പറ്റുന്നവിധത്തിലാണ് ഐപിസി 124 എ വകുപ്പിലെ നിര്‍ദേശങ്ങളെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

നിലവില്‍ രാജ്യദ്രോഹക്കുറ്റത്തിനുള്ള ശിക്ഷ മൂന്നുവര്‍ഷമാണ്. കുറഞ്ഞ ശിക്ഷ ഏഴ് വര്‍ഷം തടവായി വര്‍ധിപ്പിക്കാനും പരമാവധി ശിക്ഷ ജീവപര്യന്തമായി നിലനിര്‍ത്താനുമാണ് ശുപാര്‍ശ. നിയമം നിലനിര്‍ത്തേണ്ടതുണ്ടോ എന്നകാര്യം പുനഃപരിശോധിക്കുമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് നിയമത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ പഠിക്കാന്‍ നിയമകമ്മിഷനോട് നിര്‍ദേശിച്ചത്. കൊളോണിയല്‍ നിയമമാണെന്നത് കൊണ്ട് മാത്രം നിയമം റദ്ദാക്കേണ്ടതില്ലെന്ന് കമ്മിഷന്‍ പറയുന്നു.

നിയമത്തിന്റെ ദുരുപയോഗം തടയേണ്ടതുണ്ട്. ഇതിനുള്ള നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കണം. 1973 ലെ ക്രിമിനല്‍ നടപടി ചട്ടത്തിലെ 196(3), 154 എന്നിവ അടിസ്ഥാനപ്പെടുത്തിയുള്ള വ്യവസ്ഥ ഉള്‍പ്പെടുത്താം. ഈ സാഹചര്യം ഐപിസി 124 എ വകുപ്പ് പ്രകാരമുള്ള എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് കുറ്റാരോപിതര്‍ക്ക് ആവശ്യമായ സംരക്ഷണം ലഭിക്കാന്‍ അവസരം ഉണ്ടാക്കുമെന്നും കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് റിതുരാജ് അവസ്തി നിയമമന്ത്രി അര്‍ജുന്‍ റാം മേ‌ഘ്‌വാളിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

Eng­lish Sum­ma­ry: law com­mis­sion rec­om­mends to keep sedi­tion law with amendments
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.