പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് അമേരിക്കന്‍ കോടതിയുടെ നോട്ടീസ്

Web Desk
Posted on September 20, 2019, 10:57 pm

ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് ടെക്‌സാസ് ഫെഡറല്‍ കോടതിയുടെ നോട്ടീസ്. അടുത്ത ദിവസം രാജ്യം സന്ദര്‍ശിക്കാനിരിക്കേയാണ് ജമ്മു കശിമീരിന്റെ ഭരണഘടനാ പദവി എടുത്തുകളഞ്ഞത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച കേസില്‍ മോഡിക്ക് നോട്ടീസ് അയച്ചത്. യുഎസിലുള്ള രണ്ട് കശ്മീരികളാണ് ഹര്‍ജി നല്‍കിയതെന്ന് ഹൂസ്റ്റണ്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹര്‍ജിക്കാരുടെ പേര് ലഭ്യമായില്ലെന്നും കശ്മീര്‍ ഖലിസ്ഥാന്‍ റഫണ്ടം ഫ്രണ്ട് എന്ന സംഘടനയുടെ ഗുരുപത്‌വന്ത് പന്നു എന്ന അഭിഭാഷകനാണ് ഇവര്‍ക്കുവേണ്ടി ഹാജരാകുന്നതെന്ന് കണ്ടെത്തിയതായും വാര്‍ത്തയിലുണ്ട്.

സിഖ്‌സ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയുടെ നിയമവിഭാഗം തലവനാണ് ഗുരുപത് വന്ത്. ഇന്ത്യയില്‍ ഈ സംഘടനയെ കഴിഞ്ഞ ജൂലൈയില്‍ നിരോധിച്ചിരിക്കുകയാണ്.
അമേരിക്കന്‍ കോടതികളില്‍ സിവില്‍ വ്യവഹാരങ്ങള്‍ നടത്താന്‍ അനുമതി നല്‍കുന്ന ക്രൂരതയ്ക്കിരയാകുന്നവരുടെ സംരക്ഷണത്തിനുള്ള 1991 ലെ നിയമപ്രകാരമാണ് 73 പേജുള്ള ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ, കശ്മീരിലെ സൈനിക ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയും ഹര്‍ജിയില്‍ പരാമര്‍ശങ്ങളുണ്ട്. കശ്മീരിലെ കടുത്ത നടപടികളെയും മരണങ്ങളെയും ഹര്‍ജിയില്‍ പരാമര്‍ശിക്കുന്നുണ്ട്.

2014 ല്‍ മോഡിക്കെതിരെ അമേരിക്കയിലെ സമാനമായൊരു കേസ് ഉണ്ടായിരുന്നു. എന്നാല്‍ അത് പിന്നീട് കോടതി തള്ളുകയായിരുന്നു.