പാല്‍ഗര്‍ ആള്‍ക്കൂട്ട കൊലപാതകക്കേസില്‍ വാദിഭാഗം അഭിഭാഷകനായ ദിഗ്വിജയ് ത്രിവേദി വാഹനാപകടത്തില്‍ മരിച്ചു. വാദിഭാഗത്തിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകസംഘത്തിലെ ജൂനിയര്‍ അഭിഭാഷകനായ ദ്വിഗ്വിജയ് കോടതിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടത്തില്‍ പെട്ടത്. മുംബൈ- അഹമ്മദാബാദ് ദേശീയപാതയില്‍ രാവിലെ പത്തരയോടെയായിരുന്നു അപകടം. ദിഗ്വിജയ് സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു. ദിഗ്വിജയ് അപകടസ്ഥലത്ത് തന്നെ മരിച്ചു.
കൂടെയുണ്ടായിരുന്ന സഹപ്രവര്‍ത്തകയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആള്‍ക്കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട് 18 പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തതിന് അടുത്ത ദിവസമാണ് അപകടം ഉണ്ടായത് എന്നതിനാല്‍ അഭിഭാഷകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ശക്തമായി. വിശ്വഹിന്ദു പരിഷത് കേസില്‍ വീണ്ടും സിബിഐ അന്വേഷണം ആവശ്യപ്പെട്ടു. എന്നാല്‍ ദിഗ്വിജയിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് കേസില്‍ ഹാജരാകുന്ന മറ്റൊരു സീനിയര്‍ അഭിഭാഷകന് പി എന്‍ ഓജ വ്യക്തമാക്കി.
ഏപ്രില്‍ പതിനാറിനാണ് മഹാരാഷ്ട്രയിലെ പാൽഗറില്‍ രണ്ട് സന്ന്യാസികള്‍ ഉള്‍പ്പടെ മൂന്ന് പേര് സഞ്ചരിച്ചിരുന്ന കാറിന് നേരെ ആള്‍ക്കൂട്ടത്തിന്റെ ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ മൂന്ന് പേരും കൊല്ലപ്പെട്ടു. പൊലീസ് സംഭവസ്ഥലത്തെത്തിയെങ്കിലും പൊലീസിന് നേരെയും ആള്‍ക്കൂട്ടം ആക്രമണം നടത്തിയതിനെ തുടര്‍ന്ന് പൊലീസുകാര്‍ക്കും പരിക്കേറ്റു. സംഭവത്തില്‍ 120 ഓളം പേരെ ഇതുവരെ അറസ്റ്റ് ചെയ്തു. 35 പൊലീസുകാരെ സ്ഥലം മാറ്റി. പാല്‍ഗര്‍ എസ്പി കുനല്‍ സിങ് സംഭവത്തെ തുടര്‍ന്ന് നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ചു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.