ഇനിയും പ്രതിഫലം ലഭിക്കാതെ കസബിന് വേണ്ടി ഹാജരായ അഭിഭാഷകര്‍

Web Desk

മുംബൈ

Posted on November 26, 2018, 9:10 am

26/11 ആക്രമണ കേസില്‍ പൊലീസ് പിടികൂടിയ അജ്മല്‍ കസബിന് വേണ്ടി ഹാജരായ രണ്ട് അഭിഭാഷകര്‍ക്ക് ഇനിയും പ്രതിഫലം ലഭിച്ചില്ലെന്ന് ആരോപണം. അതേസമയം ഇവര്‍ യാതൊരു ബില്ലും നല്‍കിയിട്ടില്ലെന്നാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ വിശദീകരണം.
അമിന്‍ സോല്‍ക്കര്‍, ഫര്‍ഹാന ഷാ എന്നിവരാണ് കസബിന് വേണ്ടി ഹാജരായത്. ബോംബെ ഹൈക്കോടതിയിലെ അന്നത്തെ ആക്ടിങ് ചീഫ് ജസ്റ്റിസ് ജെ എന്‍ പട്ടേലാണ് ഇവരെ കസബിന് വേണ്ടി നിര്‍ദേശിച്ചത്. 2010 ജൂണ്‍ എട്ടിനാണ് ഇവരെ നിയമിച്ച് കൊണ്ടുളള ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സോല്‍ക്കര്‍ക്ക് പബ്ലിക് പ്രൊസിക്യൂട്ടറുടേതിനും ഷായ്ക്ക് അസിസ്റ്റന്റ് പബ്ലിക് പ്രൊസിക്യൂട്ടറുടേതിനും സമാനമായ പ്രതിഫലമാണ് നിശ്ചയിച്ചിരുന്നത്.

പ്രതിക്ക് സ്വയം അഭിഭാഷകനെ ഏര്‍പ്പെടുത്താന്‍ സാധിക്കാത്ത പക്ഷം സര്‍ക്കാരിന് ഇയാള്‍ക്ക് ഒരു അഭിഭാഷകന്റെ സേവനം ഉറപ്പ് വരുത്താമെന്ന ചട്ടത്തിന്‍പ്രകാരമായിരുന്നു ഈ നടപടി.
കസബിന്റെ വധശിക്ഷ റദ്ദാക്കണമെന്ന ആവശ്യവുമായി ഇവര്‍ ഒമ്പത് മാസത്തോളം നിത്യേന കോടതിയില്‍ വാദിച്ചു. ഇയാള്‍ കുറ്റകൃത്യം നടത്തിയെന്ന് സുപ്രിം കോടതിയും ശരിവച്ചതോടെ 2012 ല്‍ പൂനയിലെ യെര്‍വാദ ജയിലില്‍ വച്ച് തൂക്കിക്കൊല്ലുകയായിരുന്നു. ദിവസവും രാവിലെ പതിനൊന്ന് മണി മുതല്‍ അഞ്ച് മണി വരെ തങ്ങള്‍ ഈ കേസ് വാദിച്ചുവെന്നാണ് സോല്‍ക്കറും ഷായും പറയുന്നത്. സര്‍ക്കാര്‍ തങ്ങള്‍ക്ക് പ്രതിഫലം നല്‍കാതിരിക്കുന്നത് എന്ത് കൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും ഇവര്‍ പറയുന്നു. ഹൈക്കോടതി ഉത്തരവ് പുറത്ത് വന്നിട്ട് ഏഴ് വര്‍ഷമായിരിക്കുന്നു. സുപ്രിം കോടതിയും ഹൈക്കോടതി ഉത്തരവ് ശരി വയ്ക്കുകയും കസബിനെ തൂക്കിക്കൊല്ലുകയും ചെയ്ത് കഴിഞ്ഞു. ഞങ്ങള്‍ ഇപ്പോഴും ഫീസിന് വേണ്ടി കാത്തിരിക്കുകയാണെന്നും അവര്‍ പറയുന്നു.

താനിത് വിട്ട് കളഞ്ഞെന്നും ഇതൊരു സേവനമായി കണക്കാക്കുകയാണെന്നും ഷാ പറയുന്നു. 1993ലെ മുംബൈ സ്‌ഫോടന കേസിലും പല പ്രതികള്‍ക്കും വേണ്ടി ഷാ ഹാജരായിരുന്നു. ദിവസവും 1500 മുതല്‍ 2000 രൂപവരെയാണ് ഇവര്‍ക്ക് നല്‍കേണ്ടത്. തങ്ങളെ നിയോഗിച്ച സര്‍ക്കാരിന് എന്തിനാണ് ബില്‍ നല്‍കേണ്ടത് എന്ന മറു ചോദ്യവും ഇവര്‍ ഉയര്‍ത്തുന്നുണ്ട്. എം എല്‍ തഹല്യാനി എന്ന ജഡ്ജിന് മുന്നില്‍ കസബിന് വേണ്ടി വാദിച്ചതില്‍ തനിക്ക് പ്രതിഫലം നല്‍കിയിരുന്നുവെന്നാണ് മറ്റൊരു അഭിഭാഷകനായ അബ്ബാസ് കസ്മി പറയുന്നത്. താന്‍ ഒരു ബില്ലും ഹാജരാക്കിയില്ലെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. വിചാരണ കഴിഞ്ഞ ഉടന്‍ തന്നെ തനിക്ക് പ്രതിഫലം കിട്ടിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.