കെ കെ ജയേഷ്

കോഴിക്കോട്

July 14, 2021, 6:28 pm

ജീവിത ദുരിതങ്ങൾക്ക് മുമ്പിൽ തളരാതെ ലയജമണി

Janayugom Online

ജീവിത ദുരിതങ്ങൾക്ക് മുമ്പിൽ തളർന്നിരിക്കാതെ പുതിയ വഴികൾ വെട്ടിത്തെളിച്ച് മുന്നോട്ടുപോവുകയാണ് കോഴിക്കോട് തലയാട് സ്വദേശിയായ കൊല്ലരുകണ്ടി പേര്യമലയിൽ ലയജ മണി. ഒന്നര വയസ്സിൽ പോളിയോ ബാധിച്ച് അരക്ക് താഴെ ചലന ശേഷി നഷ്ടപ്പെട്ട ലയജയ്ക്ക് ജീവിതം സമ്മാനിച്ചത് വേദനകൾ മാത്രമാണ്. ഏറെക്കാലം ചികിത്സകൾ നടത്തിയെങ്കിലും യാതൊരു പുരോഗതിയുമുണ്ടായില്ല. എന്നാൽ തിരിച്ചടികൾക്ക് മുമ്പിൽ പതറാതെ നെറ്റിപ്പട്ടവും കുടകളും കടലാസ് പേനകളുമെല്ലാം നിർമ്മിച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോവുകയായിരുന്നു ലയജ. ഇതിനിടയിലാണ് കോവിഡിന്റെ വ്യാപനമുണ്ടായത്. സ്കൂളുകൾ തുറക്കാതാവുകയും ഉത്സവങ്ങളും മറ്റും ഇല്ലാതാവുകയും ചെയ്തതോടെ ഉത്പന്നങ്ങൾ വിൽക്കാനാവാതെ വന്നു. ഇവിടെയും ലയജ തളർന്നില്ല. മാസ്ക്കുകളും നൈറ്റികളുമുണ്ടാക്കിയാണ് നാൽപത്തി രണ്ടുകാരിയായ ലയജയിപ്പോൾ അതിജീവനത്തിന് ശ്രമിക്കുന്നത്.

ശാരീരിക പരിമിതികളെ മനോധൈര്യം കൊണ്ട് പൊരുതി തോൽപ്പിച്ച ലയജയുടെ പുതിയ സംരംഭം “ലയജ ലേഡീസ് ഡ്രസസ്” കഴിഞ്ഞ ദിവസമാണ് പ്രവർത്തനമാരംഭിച്ചത്. വിവിധ വലിപ്പത്തിലും ഡിസൈനിലുമുള്ള നൈറ്റികളാണ് ആദ്യഘട്ടത്തിൽ തയ്ച്ച് വിൽപ്പന നടത്തുന്നത്. 190 മുതൽ 250 രൂപ വരെയാണ് വില. നൈറ്റികൾ വാങ്ങി സംരംഭത്തെയും തന്നെയും സഹായിക്കാൻ താത്പര്യമുള്ളവർ 8129377541 നമ്പറിൽ ബന്ധപ്പെടണമെന്ന് ലയജ അഭ്യർത്ഥിക്കുന്നു.

നേരത്തെ ഒരു കുന്നിൻ മുകളിലായിരുന്നു ലയജയുടെ വീട്. അച്ഛൻ കൂലിപ്പണിക്ക് പോയിട്ടായിരുന്നു കുടുംബം പുലർന്നിരുന്നത്. വീട്ടിലേക്ക് നല്ലൊരു വഴിയില്ലാത്തതുകൊണ്ട് സ്കൂളിൽ പോയി പഠിക്കാനൊന്നും ലയജയ്ക്ക് സാധിച്ചില്ല. അച്ഛനാണ് എഴുതാനും വായിക്കാനുമൊക്കെ പഠിപ്പിച്ചത്. പത്തൊൻപത് വർഷം മുമ്പ് അച്ഛൻ ശ്രീധരൻ മരിച്ചു. ഇതോടെ അമ്മ ലീലയാണ് ഏറെ പ്രയാസപ്പെട്ട് ലയജയെയും സഹോദരി ലീനയെയും വളർത്തിയത്. ആറു വർഷം മുമ്പ് കുന്നിൻ മുകളിലെ വീട്ടിൽ നിന്ന് താഴെ തലയാട് ഇരുപത്തഞ്ചാം മൈലിലെത്തി. സർക്കാറിൽ നിന്ന് കിട്ടിയ സഹായധനം കൊണ്ട് ഇവിടെ ചെറിയൊരു വീടും പൂർത്തിയാക്കി. അലിവ് ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികളാണ് കുടയുണ്ടാക്കാൻ പഠിപ്പിച്ചത്. പിന്നീട് നെറ്റിപ്പട്ടവും കടലാസ് പേനയുമൊക്കെ ഉണ്ടാക്കാൻ പഠിച്ചു. ലയജയുണ്ടാക്കുന്ന ഉത്പന്നങ്ങൾ വിറ്റു കിട്ടുന്ന പണം കൊണ്ടായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്. ഇതിനിടയിൽ കോവിഡ് വന്നതോടെ കുടയുടെയും മറ്റു സാധനങ്ങളുടെയും വിൽപ്പന കുറഞ്ഞു. ലയജയുടെ പ്രയാസം മനസ്സിലാക്കിയ ഒരാൾ തയ്യൽ മിഷ്യൻ വാങ്ങിനൽകി. തുടർന്ന് യൂ ട്യൂബ് നോക്കി മാസ്ക്കുകളും നൈറ്റികളും ഉണ്ടാക്കുന്നത് പഠിച്ചു. തയ്യൽ പഠിച്ച സഹോദരി ലീനയുടെ സഹായം കൂടിയായപ്പോൾ ആത്മവിശ്വാസം വർധിച്ചു. തളർന്നുപോവുമായിരുന്ന തന്നെ കൈപിടിച്ചു കയറ്റിയ ടീം കംപാഷനെറ്റ് ഹാർഡ് നെറ്റ് വർക്ക്, ആസ്മാൻ ഫൗണ്ടേഷൻ ട്രസ്റ്റ്, തണൽ സൊസൈറ്റി എന്നിവയ്ക്ക് നന്ദി പറയുകയാണ് തലയാട് അമ്മയ്ക്കൊപ്പം താമസിക്കുന്ന ലയജ.