മതേതരത്വത്തിന്റെ അടിത്തറയിളക്കിയ കല്ലുകൾ വീണ്ടും

Web Desk
Posted on August 05, 2020, 3:00 am

പതിറ്റാണ്ടുകളായി ഇന്ത്യയുടെ ഹൃദയത്തിലെ നോവായി നീറുന്ന അയോധ്യയിലെ ബാബറി മസ്ജിദ് തകർത്ത സ്ഥലത്ത് രാമക്ഷേത്രത്തിനായി ഇന്ന് തറക്കല്ലിടൽ ചടങ്ങ് നടക്കുകയാണ്. 1992 ഡിസംബർ ആറിന് ഹിന്ദു തീവ്രവാദ സംഘടനകൾ കർസേവയെന്ന ഓമനപ്പേരിലൂടെ ബാബരി മസ്ജിദ് തകർത്തതിന്റെ കേസുകൾ പിന്നീടിങ്ങോട്ട് നീതിപീഠങ്ങളിൽ തർക്കവിതർക്കങ്ങൾക്കും കീഴ്‌കോടതി വിധികൾക്കും അപ്പീൽ ഹർജികൾക്കും ഇടയാക്കി ഇപ്പോഴും തുടരുന്നു. അതേസമയം തർക്ക ഭൂമിയുടെ ഉടമസ്ഥതസംബന്ധിച്ച കേസ് പല കോടതികളിൽ വിചാരണയ്ക്ക് വിധേയമായി. അലഹബാദ് ഹൈക്കോടതി വിധിയാവുകയും ചെയ്തു. അപ്പീൽ ഹർജിയായെത്തിയ പ്രസ്തുത തർക്കത്തിന് 2019 നവംബർ ഒമ്പതിന് അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ചൻ ഗോഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് തീർപ്പാക്കി. ബാബറി മസ്ജിദ് തകർക്കപ്പെട്ട സ്ഥലം രാമക്ഷേത്രം നിർമ്മിക്കുന്നതിന് ട്രസ്റ്റിന് നല്കണമെന്നായിരുന്നു പ്രസ്തുത വിധിയുടെ കാതൽ. ഇത്രമേൽ വൈരുദ്ധ്യങ്ങൾ നിറഞ്ഞതും പരസ്പര വിരുദ്ധവും വിചിത്രവുമായൊരു വിധി ഇതിന് മുമ്പ് ഏതെങ്കിലും കോടതിയിൽ നിന്ന് ഉണ്ടായിട്ടുണ്ടാവുമെന്ന് തോന്നുന്നില്ല. അങ്ങനെയല്ലെന്ന് ബോധ്യപ്പെടണമെങ്കിൽ മസ്ജിദ് തകർത്ത സംഭവത്തിൽ ഇപ്പോൾ സിബിഐ കോടതി പരിഗണിക്കുന്ന കേസിലെ വിധി നീതിപൂർവകമായിരിക്കണം.

കാരണം 1949 ൽ ബാബറി മസ്ജിദിനകത്ത് വിഗ്രഹങ്ങൾ കൊണ്ടിട്ടതും 1992 ഡിസംബർ ആറിന് ബാബറി മസ്ജിദ് തകർത്തതും ക്രിമിനൽ കുറ്റമാണെന്ന് രഞ്ചൻ ഗോഗോയ് അധ്യക്ഷനായ ബെഞ്ചിന്റെ വിധിയിൽ നിരീക്ഷിച്ചിട്ടുണ്ട്. എങ്കിലും ഭരണഘടനാ ബെഞ്ചിന്റെ വിധിയോടെ ബാബറി മസ്ജിദ് — രാമക്ഷേത്ര തർക്കത്തിന് അറുതിയാവണമെന്നാണ് രാജ്യസ്നേഹികളെല്ലാം ആഗ്രഹിച്ചത്. തർക്കം ആരംഭിച്ചതിന് ശേഷമാണ് ഇന്ത്യയുടെ സഞ്ചാരപഥം വെട്ടിമുറിക്കപ്പെട്ടത്. ഭരണഘടനാനുസൃതമായി മതേതരത്വവും ജനാധിപത്യവും അടിസ്ഥാന ശിലയായ ഒരു രാജ്യത്ത് മതത്തിന് അമിതപ്രാമുഖ്യം ലഭിച്ചു. ഒരു മതസംഹിതയുടെ നിർവചനങ്ങൾക്കെല്ലാം പുറത്തായിരുന്നു എങ്കിലും സങ്കല്പത്തിലെ ഹിന്ദു എന്ന മതത്തിനകത്ത് ആന്തരിക വൈവിധ്യത്തിന്റെ അടിസ്ഥാനത്തിൽ സവർണ ഹിന്ദു, അവർണ ഹിന്ദു എന്ന നിലയിലുളള വിഭജനം രൂക്ഷമായി. ഭരണ കാർമികത്വത്തിന്റെ പിൻബലത്തോടെ നടന്ന സവർണ മേധാവിത്വത്തിന്റെ ആധി­പത്യശ്രമങ്ങൾ രാജ്യത്ത് ദളിത് — ന്യൂനപക്ഷ വേട്ടകൾ നിത്യസംഭവങ്ങളാക്കി. ആ തർക്കം രാജ്യത്ത് — പ്രത്യേകിച്ച് ഉത്തരേന്ത്യൻ ഭൂപ്രദേശങ്ങളിലെ ജനവിഭാഗങ്ങൾക്കിടയിൽ സൃഷ്ടിച്ച വേർതിരിവുകളുടെ വിളഭൂമിയിലൂടെയാണ് സംഘപരിവാർ നിയന്ത്രിക്കുന്ന ബിജെപി, കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും അധികാരത്തിലേയ്ക്കുള്ള വഴി എളുപ്പമാക്കിയത്. അതിന്റെ അനന്തര ദുരിതഫലങ്ങൾ ആധുനിക ഫാസിസത്തിന്റെ ഭരണനയങ്ങളായി രാജ്യത്തെ ജനങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്.

മതേതര — ജനാധിപത്യസംവിധാനങ്ങൾ കടന്നാക്രമണത്തിനും കയ്യേറ്റങ്ങൾക്കും വിധേയമായിക്കൊണ്ടിരിക്കുന്നു. ആറു വർഷത്തെ ബിജെപി ഭരണം സാമൂഹ്യ ജീവിതത്തെ മാത്രമല്ല സാമ്പത്തിക അടിത്തറയെപോലും തകർത്താണ് ഇപ്പോഴെത്തി നില്ക്കുന്നത്. കോവിഡെന്ന മഹാമാരി പോലും അന്ധ വിശ്വാസങ്ങളും മതചിഹ്നങ്ങളും പ്രചരിപ്പിക്കുന്നതിനുള്ള അവസരമാക്കുന്നതിന് ശ്രമങ്ങളുണ്ടായത് മതാന്ധതയിൽ ഒരു ജനതയെ തളച്ചിട്ട ഭൂമികയാണ് ഇത് എന്നതിനാലായിരുന്നു. ഈ പരിസരത്താണ് ഇന്ന് അയോധ്യയിൽ രാമക്ഷേത്ര ട്രസ്റ്റിന് കോടതിവിധിപ്രകാരം അനുവദിച്ച ഭൂമിയിൽ രാമക്ഷേത്രത്തിന്റെ തറക്കല്ലിടൽ നടക്കുന്നത്. മതേതര ഇന്ത്യയുടെ സങ്കല്പത്തെ പോലും ഇല്ലാതാക്കുന്ന വിധത്തിലാണ് ഈ ചടങ്ങ് നടക്കുന്നതെന്നത് വേദനാജനകവും ആശങ്കാകുലവുമാണ്. ഉത്തർപ്രദേശിലെയും കേന്ദ്രത്തിലെയും ബിജെപി സർക്കാരുകൾ ഒരു ക്ഷേത്രത്തിന്റെ തറക്കല്ലിടൽ ചടങ്ങിനെ സർക്കാർ പരിപാടിയാക്കി മാറ്റി. നാനാ ജാതി മതസ്ഥർ ജീവിക്കുകയും വോട്ടുചെയ്യുകയും ചെയ്യുന്ന ഒരു ഭൂപ്രദേശമെന്ന നിലയിൽ ഈ ഭരണാധികാരികൾ രാജ്യത്തെയാകെയാണ് വഞ്ചിക്കുന്നത്. തങ്ങളുടെ തന്നെ പൂർവികരോടാണ് ഇതിലൂടെ നീതികേട് കാട്ടുന്നത്. അതുവഴി ശക്തമായി നിലനിൽക്കുന്ന രാജ്യത്തിന്റെ എല്ലാ നന്മകളെയുമാണ് തകർക്കുന്നത്. മതേതര രാജ്യത്തിന്റെ പ്രധാനമന്ത്രിയും അവിടെയൊരു സംസ്ഥാനത്തെ മുഖ്യമന്ത്രിയുമാണ് നരേന്ദ്ര മോഡിയും ആദിത്യ നാഥും. അവർക്ക് വ്യക്തിപരമായി മതവിശ്വാസം കൊണ്ടുനടക്കുന്നതിൽ വിയോജിപ്പുമില്ല. പക്ഷേ തികച്ചും മതപരമായൊരു ചടങ്ങിൽ ആ പദവികളുപയോഗിച്ചുകൊണ്ടും അധികാരം വിനിയോഗിച്ചും പങ്കെടുക്കുന്നത് മതേതര കാഴ്ചപ്പാടിന് വിരുദ്ധമാണ്. ഭരണഘടനാ തത്വങ്ങളുടെയും സ്വന്തം സത്യപ്രതിജ്ഞയുടെയും ലംഘനവുമാണ്. ഭൂമിശാസ്ത്രപരമായല്ലെങ്കിലും ഇന്ത്യയുടെ രണ്ടാം വിഭജനത്തിന്റെ വിത്തുപാകപ്പെട്ട വിഷയമാണ് ബാബറി മസ്ജിദ് തകർക്കപ്പെട്ട സംഭവം. സിബിഐ കോടതിയിൽ നിന്ന് പ്രതീക്ഷാ നിർഭരമായൊന്നും പ്രതീക്ഷിക്കാൻ വകയില്ലെങ്കിലും അതൊരു കുറ്റകൃത്യമാണെന്ന ഭരണഘടനാ ബെഞ്ചിന്റെ വിധിയാണ് നിലവിലുള്ളത്. അതിനാൽ ഈ ചടങ്ങ് അധികാര ദുരുപയോഗത്തിലൂടെ മതത്തെ വീണ്ടും വീണ്ടും വോട്ടിനുള്ള ഉപാധിയാക്കുകയും അധികാരം ഉറപ്പിച്ചു നിർത്തുകയും ചെയ്യുന്നതിനുള്ള ഹീനശ്രമം തന്നെയാണ്. മതേതരത്വത്തിന്റെ അടിത്തറയിളക്കിയെടുത്ത കല്ലുകൾ ഉപയോഗിച്ചാണ് ഇന്ന് അയോധ്യയിൽ രാമക്ഷേത്രത്തിന്റെ തറക്കല്ലിടൽ നടക്കുന്നത്. ഏകപക്ഷീയമായ ഭൗതിക ലക്ഷ്യത്തിന് വേണ്ടി ബിജെപിയും സംഘപരിവാറും അധികാരമുപയോഗിച്ച് നടത്തുന്ന ഹീന ശ്രമങ്ങളെ ചെറുക്കേണ്ടത് മതേതര ഇന്ത്യയുടെ നിലനിൽപ്പിന്റെ അനിവാര്യതയാണ്.