Janayugom Online
george alencherry

കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരെ വീണ്ടും സമരം

Web Desk
Posted on June 05, 2018, 8:54 pm

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി ഇടപാട് വിഷയത്തില്‍ ആരോപണ വിധേയനായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാന ത്യാഗം ചെയ്യണമെന്നാവശ്യപ്പെട്ട് അതിരൂപതയിലെ അല്‍മായരുടെ നേതൃത്വത്തില്‍ രൂപീകരിച്ചിരിക്കുന്ന ആര്‍ച് ഡയോഷ്യന്‍ മൂവ്‌മെന്റ്(എഎംടി)യുടെ നേതൃത്വത്തില്‍ രണ്ടാം ഘട്ടം സമരം ആരംഭിച്ചു. അതിരൂപത ബിഷപ് ഹൗസിനു മുന്നില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു.

എറണാകൂളം-അങ്കമാലി അതിരൂപതയെ കടക്കെണിയിലാക്കിയ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അതിരൂപതയിലെ ഒരു പൊതുപരിപാടിയിലും പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നും അതിനു ശ്രമിച്ചാല്‍ കര്‍ദിനാളിനെ തടയുമെന്നും എഎംടി അതിരൂപത കണ്‍വീനര്‍ റിജു കാഞ്ഞൂക്കാരന്‍ മാധ്യമ പ്രവര്‍ത്തകരോട്് പറഞ്ഞു.എറണാകുളം അതിരൂപത ഭൂമികുംഭകോണവുമായി ബന്ധപ്പെട്ടു കഴിഞ്ഞ ആറുമായി എഎംടി അതിരൂപത സമിതിയും അതിരൂപതയിലെ ഒരു വിഭാഗം വിശ്വാസികളും വൈദീകരും ശക്തമായ പ്രതിഷേധത്തിലാണ്.

കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ പിഒസിയില്‍ യില്‍ നടന്ന ഇതര കത്തോലിക്കാ മെത്രാന്മാരുടെയും സീറോ മലബാര്‍ സഭയുടെ സ്ഥിരം സിനഡ് മെത്രാന്മാരുടെയും സംയുക്ത ചര്‍ച്ചയില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തെറ്റ് ഏറ്റു പറയുകയും അതിരൂപതയുടെ സാമ്പത്തിക നഷ്ടം നികത്താന്‍ തയാറാണെന്ന് ചര്‍ച്ചയില്‍ അറിയിക്കുകയും ചെയ്തിരുന്നു. അന്നത്തെ ചര്‍ച്ചയില്‍ എറണാകുളം അതിരൂപതയെ പ്രതിനിധികരിച്ചു പങ്കെടുത്ത വൈദീകരും സഹായ മെത്രാന്മാരും ഈ നിര്‍ദേശം വൈദീക സമിതിയില്‍ ചര്‍ച്ച ചെയ്യണം എന്ന് പറഞ്ഞാണ് ചര്‍ച്ച അവസാനിപ്പിച്ചത്. അതിനു ശേഷം ഏതെങ്കിലും വിധത്തില്‍ ചര്‍ച്ച എവിടെയെങ്കിലും വച്ച് നടന്നിട്ടില്ല.

പക്ഷെ മാര്‍ ജോര്‍ജ് ആലഞ്ചേരി അതിനു അടുത്ത ദിവസങ്ങളില്‍ അള്‍ത്താരയില്‍ നിന്നുകൊണ്ട് വിശ്വാസികളോട എല്ലാ പ്രശ്‌നങ്ങളും പ്രശ്‌നം തീര്‍ന്നു എന്നും പ്രാര്‍ഥിച്ചവര്‍ക്കു നന്ദിയും പറഞ്ഞു. അതിനു ശേഷം ഈസ്റ്റര് ആഴ്ചയിലും ഇത്  ആവര്‍ത്തിച്ചു. എന്നാല്‍ എറണാകുളം അതിരൂപതയുടെ സാമ്പത്തിക സ്ഥിതി കൂടുതല്‍ വഷളായി വരികയായിരുന്നു.വൈദീകരോട് ഒരു മാസത്തെ അലവന്‍സ് ആവശ്യപ്പെട്ടു, അതിനു ശേഷം അതിരൂപതയിലെ മുഴുവന്‍ സ്ഥാപനങ്ങളോടും അവരുടെ പ്രവര്‍ത്തന മൂലധനം വാങ്ങി, ഇപ്പോള്‍ ഓരോ ഇടവകയോടും ഓരോ വ്യക്തികളോടും പലിശയില്ലാത്ത വായ്പയായി പണം ആവശ്യപ്പെടുന്നു.

വെള്ളിയാഴ്ച എറണാകുളം ബസിലിക്കയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വരുന്നുവെന്നാണ് അറിയുന്നത്. അത്തരത്തില്‍ വരാന്‍ തീരുമാനം എടുത്താല്‍ എഎംടി അത് തടയുമെന്നും റിജു കാഞ്ഞൂക്കാരന്‍ പറഞ്ഞു.