പ്രത്യേക ലേഖകൻ

ന്യൂഡൽഹി:

May 10, 2020, 8:43 pm

തൊഴിലാളികൾക്ക് പിരിച്ചുവിടലും ശമ്പളം വെട്ടിക്കുറയ്ക്കലും; പിഎം കെയേഴ്സിലേക്ക് കോടികൾ

പിഎം കെയേഴ്സ് പ്രവർത്തനങ്ങളിൽ സുതാര്യത വേണമെന്ന് പ്രതിപക്ഷ പാർട്ടികൾ
Janayugom Online

കോവിഡ് പ്രതിസന്ധിയിൽ തൊഴിലാളികളെയും ജീവനക്കാരെയും പിരിച്ചുവിട്ടുകൊണ്ടിരിക്കുന്ന കമ്പനികളും പിഎം കെയേഴ്സ് ഫണ്ടിലേക്ക് ഒഴുക്കുന്നത് കോടികൾ. കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ പേരിൽ കേന്ദ്ര സർക്കാർ രൂപീകരിച്ച പിഎം കെയേഴ്സ് ഫണ്ട് നിഗൂഢമായ പ്രവർത്തനത്തിന്റെ പേരിൽ ഏറെ വിവാദം നേരിട്ടിട്ടുണ്ട്. എന്നാൽ കോർപറേറ്റ് സ്ഥാപനങ്ങൾ, ചലച്ചിത്ര താരങ്ങളടക്കമുള്ള സെലിബ്രിറ്റികൾ, വ്യവസായികൾ തുടങ്ങിയവർ രാജ്യത്തെ തൊഴിലാളികളുടെ ദുരിതത്തിനുനേരെ കണ്ണടച്ചുകൊണ്ട് പിഎം കെയേഴ്സിന് കൈയയച്ച് സംഭാവന ചെയ്യുന്നത് തുടരുകയാണ്.

കഴിഞ്ഞദിവസം 800 ജീവനക്കാരെ പിരിച്ചുവിട്ട ഫിറ്റ്നസ് സ്റ്റാർട്ടപ്പായ ക്യൂർ.ഇൻ തൊട്ടുപിന്നാലെ പിഎം കെയേഴ്സിലേക്ക് രണ്ടുകോടി സംഭാവന ചെയ്തു. രാജ്യത്തെ ഏറ്റവും പ്രമുഖ കോര്‍പറേറ്റുകളിലൊന്നായ റിലയൻസ് ആകട്ടെ തൊഴിലാളികളുടെ കോവിഡ് പ്രതിസന്ധിയുടെ പേരിൽ ശമ്പളം വെട്ടിക്കറച്ചു. അതേസമയം പിഎം കെയേഴ്സിലേക്ക് 500 കോടിയുടെ സംഭാവനയാണ് നൽകിയിട്ടുള്ളത്.

നിലവിൽ കോർപറേറ്റ് കമ്പനികൾ പിഎം കെയേഴ്സിലേക്ക് നൽകുന്ന സംഭാവനകൾക്ക് നികുതി ഇളവ് നൽകിയിട്ടുണ്ട്. കമ്പനികളുടെ സാമൂഹിക പ്രതിബദ്ധതാ ഫണ്ടിന്റെ വിനിയോഗമായിട്ടാണ് സംഭാവനകൾ പരിഗണിക്കപ്പെടുന്നത്. ഇതാണ് ഒഴുക്ക് വർധിക്കാനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതേസമയം സംസ്ഥാനങ്ങളിലെ ദുരിതാശ്വാസനിധികളിലേക്ക് നൽകുന്ന സംഭാവനകൾക്ക് നികുതിയിളവ് നൽകണമെന്ന ആവശ്യം കേന്ദ്രസർക്കാർ തള്ളുകയും ചെയ്തിരുന്നു.

പിഎം കെയേഴ്സ് ഫണ്ട് ഓഡിറ്റിന് വിധേയമാക്കണമെന്ന ആവശ്യം വീണ്ടും ശക്തമായിട്ടുണ്ട്. പിഎം കെയേഴ്സിൽ ലഭിച്ചപണം. അത് വിനിയോഗിച്ച വിധം എന്നിവ സംബന്ധിച്ച വിവരങ്ങൾ പരസ്യപ്പെടുത്തണമെന്ന ആവശ്യമാണ് ഇടതുപക്ഷം ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെടുന്നത്. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ, റയിൽവേ, മറ്റ് വകുപ്പുകളിലെ ജീവനക്കാർ തുടങ്ങിയവരും കോടികളാണ് പിഎം കെയേഴ്സ് ഫണ്ടിൽ നൽകിയത്. എന്നാൽ ഈ തുക എത്രയാണെന്നോ എന്തിനൊക്കെ വേണ്ടിയാണ് ചെലവിട്ടതെന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല. ഇതുസംബന്ധിച്ചുള്ള വിവരാവകാശ അപേക്ഷകളും കേന്ദ്രസർക്കാര്‍ നിരസിക്കുകയാണ്.

ഇപ്പോഴത്തെ ചട്ടങ്ങൾ പ്രകാരം പിഎം കെയേഴ്സിൽ എത്തുന്ന തുകയുടെ വിനിയോഗം സംബന്ധിച്ച് സിഎജി ഓഡിറ്റ് നടത്താൻ കഴിയില്ല. സംഭാവനകളായി തുക എത്തുന്ന കാരണത്താൽ ചാരിറ്റി സംഘടനകളുടെ കണക്കുകൾ ഓഡിറ്റ് നടത്താൻ സിഎജിക്ക് കഴിയില്ല. ഈ സാഹചര്യത്തിലാണ് ഓഡിറ്റ് നടത്താനും തുകയുടെ വിനിയോഗം സംബന്ധിച്ച കാര്യങ്ങളിൽ കൂടുതൽ വ്യക്തത വേണമെന്ന ആവശ്യവുമായി വീണ്ടും പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിട്ടുള്ളത്.

ENGLISH SUMMARY: Lay­offs and pay cuts for work­ers; Crores to PM Cares

YOU MAY ALSO LIKE THIS VIDEO