കേരളത്തിന്‍റെ രക്ഷകരെയാണ് ശശി തരൂര്‍ അപമാനിച്ചത്: എല്‍ഡിഎഫ്

Web Desk
Posted on March 29, 2019, 9:16 pm

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളെ അപമാനിച്ച ശശതരൂര്‍ എം പിയുടെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് എല്‍ഡിഎഫ് തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ എം വിജയകുമാറും സെക്രട്ടറി അഡ്വ. ജി ആര്‍ അനിലും പ്രസ്താവനയില്‍ പറഞ്ഞു.

പ്രളയകാലത്ത് കേരളീയ ജനസമൂഹത്തെ മഹാദുരന്തത്തില്‍ നിന്ന് രക്ഷിച്ച കേരളത്തിന്റെ സ്വന്തം സൈന്യത്തെയാണ് ശശിതരൂര്‍ അപമാനിച്ചിരിക്കുന്നത്. തൊഴിലാളികളോടും അടിസ്ഥാന ജനവിഭാഗങ്ങളോടുമുള്ള അദ്ദേഹത്തിന്റെ സമീപനമാണ് ഇതിലൂടെ വെളിവാക്കപ്പെട്ടിരിക്കുന്നത്. ഒരു ജനവിഭാഗത്തെ അടച്ചാക്ഷേപിക്കാനുള്ള നീക്കം അംഗീകരിക്കാനാവുന്നതല്ല. ഒരു ജനപ്രതിനിധി എല്ലാ വിഭാഗം ജനങ്ങളെയും ഒരുപോലെ ഉള്‍ക്കൊള്ളാനാകുന്നില്ലെന്നത് ജനാധിപത്യവിരുദ്ധമായ കാഴ്ചപ്പാടും സമീപനവുമാണ്. ഈ സമീപനം ഒരു പരിഷ്‌കൃത സമൂഹത്തിനും അംഗീകരിക്കാനാവുന്നതല്ല. ഈ പ്രതികരണത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന് എം വിജയകുമാറും ജി ആര്‍ അനിലും അഭ്യര്‍ഥിച്ചു.