September 28, 2022 Wednesday

യുഡിഎഫ് സമരങ്ങൾക്കും വ്യാജ പ്രചരണങ്ങൾക്കുമെതിരെ 25ന് ജില്ലയിൽ എൽഡിഎഫിന്റെ വിശദീകരണ യോഗം

Janayugom Webdesk
September 22, 2020 6:03 pm

ഭൂ പ്രശ്നങ്ങളുടെ പേരിൽ യുഡിഎഫ് ജില്ലയിൽ നടത്തുന്ന സമരങ്ങൾക്കും വ്യാജ പ്രചരണങ്ങൾക്കെതിരെ 25ന് ജില്ലയിലെ
പഞ്ചായത്ത്,മുൻസിപ്പൽ കേന്ദ്രങ്ങളിൽ എൽഡിഎഫിന്റെ നേതൃത്വത്തിൽ വിശദീകരണ യോഗം നടത്തുെമന്ന് എൽഡിഎഫ് ജില്ലാ കൺവീനർ കെ കെ ശിവരാമൻ, സിപിഐ(എം) ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ എന്നിവർ തൊടുപുഴയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും വിവിധ കേന്ദ്രങ്ങളിൽ സമരങ്ങൾ നടത്തുക. ഭൂ പ്രശ്നങ്ങളുടെ പേരിൽ യുഡിഎഫ് നടത്തുന്ന സമരങ്ങൾ അവരുടെ കർഷക ദ്രോഹം മറച്ച് വയ്ക്കാനാണെന്ന് എൽഡിഎഫ് നേതാക്കാൾ ചൂണ്ടിക്കാട്ടി. അധികാരം കിട്ടിയപ്പോഴൊക്കെ യുഡിഎഫ് സർക്കാർ നടത്തിയ ജനവിരുദ്ധ‑കർഷക ദ്രോഹ നയങ്ങൾ ഇടുക്കിയിലെ കർഷകരുടെ ജീവിതം ദുരിത പൂർണമാക്കിയിട്ടുണ്ട്.

ഇപ്പോഴത്തെ സമരം ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ്.
1964,93 വർഷങ്ങളിലെ ഭൂപതിവ് ചട്ടങ്ങൾ നിർമ്മിച്ചത് കോൺഗ്രസാണ്. 1964 ലെ ഭൂവിനിയോഗ നിയമത്തിലെ 4-ാം ചട്ടം അനുശാസിക്കുന്നത് പതിച്ചു കിട്ടിയ ഭൂമി കൃഷിയിക്കും വീടു വയ്ക്കാനുമല്ലാതെ മറ്റൊന്നിനും ഉപയോഗിക്കാൻ പാടില്ലെന്നാണ്. 1993ലെ ചട്ടം പറയുന്നതും ഇതു തന്നെയാണ്. ഭാവിയെക്കുറിച്ച് എന്തെങ്കിലും കാഴ്ചപാടുള്ളവർ ഇങ്ങനെ ചട്ടം നിർമ്മിക്കില്ല. ഇപ്പോൾ ഉണ്ടായ പ്രതിസന്ധിയും യുഡിഎഫ് സൃഷ്ടിച്ചതാണ്. കോൺഗ്രസ് നേതാക്കളുടെ ഒത്താശയോടെ ചില പരിസ്ഥിതി സംഘടനകൾ ഹൈക്കോടതിയ്ക്ക് നൽകിയ പരാതിയെതുടർന്നാണ് 2010 സെപ്റ്റംബറിൽ മൂന്നാർ മേഖലയിൽ നിർമ്മാണങ്ങൾക്ക് റവന്യൂ വകുപ്പിന്റെ എൻഒസി നിർബന്ധമാക്കി ഹൈക്കോടതി ഉത്തരവിട്ടത്.

മൂന്നാർ മേഖല എന്നത് ആനവിലാസം ഉൾപ്പെടെയുള്ള 8 വില്ലേജുകളാണെന്ന് വ്യക്തമാക്കി ഹൈക്കോടതിയ്ക്ക് റിപ്പോർട്ട് നൽകിയതും യുഡിഎഫിന്റെ കാലത്താണ്. കളക്ടർ കൗശികൻ നൽകിയ ലിസ്റ്റിൽ പറയുന്ന 8 വില്ലേജുകൾ കോടതി അംഗീകരിച്ചു. ഈ പ്രതിസന്ധി മറികടക്കാൻ 2011 മുതൽ 2016 വരെ അധികാരത്തിലിരുന്നവർ ചെറുവിരൽ അനക്കിയില്ലെന്ന് നേതാക്കൾ പറഞ്ഞു. കോടതി ഉത്തരവുകൾ കാറ്റിൽ പറത്തി റിസോർട്ടുകൾ നിർമ്മിച്ചു കൂട്ടാൻ രാഷ്ട്രീയ ഉദ്യോഗസ്ഥ ലോബി എല്ലാ സഹായവും നൽകി. ഇപ്പോൾ കേരളത്തിലെവിടെയും 1964ലെ ചട്ടം ബാധകമാക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവിടാൻ കാരണമായതും ഇക്കൂട്ടരുടെ കേസുകൾ മൂലമാണ്. 8 വില്ലേജുകളിൽ
മാത്രമായി ഇത് പരിമിതപ്പെടുത്താനാണ് എൽഡിഎഫ് സർക്കാർ ശ്രമിച്ചത്. ഭൂപതിവ് ചട്ടങ്ങൾ കാലോചിതമായി പരിഷ്ക്കരിക്കണമെന്നാണ് ഇടതുമുന്നണിയുടെയും സർക്കാരിന്റെയും നിലപാട്. ആ നിലയ്ക്കുള്ള ശ്രമങ്ങൾ ആരംഭിച്ചപ്പോഴാണ് നമ്മുടെ സംസ്ഥാനത്ത് കോവിഡ് പടർന്നു പിടിക്കാൻ തുടങ്ങിയത്. എങ്കിലും ചട്ടങ്ങൾ ഭേദഗതി ചെയ്യാനുള്ള നടപടികൾ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാവും. അത് ഞമ്മടെ സമരം കൊണ്ടാണെന്ന് അവകാശപ്പെടാനായിരിക്കും ഈ സമരാഭാസമെന്ന് നേതാക്കൾ പരിഹസിച്ചു. പട്ടയമടക്കമുള്ള ജനകീയാവശ്യങ്ങളോട് യുിഡിഎഫ് സ്വീകരിച്ച സമീപനം എന്താണ്. 1964ലെ ചട്ടമനുസരിച്ച് എത്ര ഭൂമി കൈവശമുണ്ടെങ്കിലും ഒരേക്കറിനെ പട്ടയം നൽകൂ എന്ന് തീരുമാനിച്ചത് യുഡിഎഫ് അല്ലെയെന്ന് നേതാക്കൾ ആരാഞ്ഞു.

ഒരു ലക്ഷം രൂപയിൽ കൂടുതൽ വാർഷീക വരുമാനമുള്ളവർക്ക് പട്ടയം നൽകില്ല എന്ന് തീരുമാനിച്ചതും യുഡിഎഫാണ്. പട്ടയത്തിന് 12 വർഷത്തേയ്ക്ക് കൈമാറ്റം പാടില്ല എന്നതടക്കം 16 ഉപാധികൾ ഏർപ്പെടുത്തിയതും യുഡിഎഫാണ്. ഇതെല്ലാം എടുത്ത് കളഞ്ഞ് 4 ഏക്കർ കൈവശഭൂമിക്ക് വരെ ഉപാധി രഹിത പട്ടയമാണ് എൽഡിഎഫ് സർക്കാർ നൽകുന്നത്. ഇതിനകം 30000ത്തിൽ പരം പേർക്ക് ജില്ലയിൽ പട്ടയം നൽകി കഴിഞ്ഞു. ആദിവാസികൾക്ക് കൂടി പട്ടയം നൽകുവാൻ തീരുമാനിക്കുകയും അതനുസരിച്ചുള്ള പട്ടയ വിതരണം ആരംഭിക്കുകയും ചെയ്തു കഴിഞ്ഞു. ഡാമുകളുടെ 10 ചെയിൻ പ്രദേശത്ത് താമസിക്കുന്ന കൃഷിക്കാർക്ക് പട്ടയം നൽകാൻ തീരുമാനിച്ചതും എൽഡിഎഫ് ഗവൺമെന്റാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് യുഡിഎഫ്-ബിജെപി നേതൃത്വങ്ങൾ നടത്തിവരുന്ന അക്രമ രാഷ്ട്രീയങ്ങൾക്കെതിരെ എൽഡിഎഫിന്റെ നേതൃത്വത്തിൽ 29ന് സംസ്ഥാനത്ത് ഉടനീളം സംഘടിപ്പിക്കുന്ന ജനകീയ കൂട്ടായ്മയുടെ ഭാഗമായി ജില്ലയിൽ തൊടുപുഴയിൽ കൂട്ടായ്മ നടക്കുമെന്നും നേതാക്കൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ എൻ സി പി ജില്ലാ പ്രസിഡന്റ് അനിൽ കൂവപ്ലാക്കൽ,എം കെ ജോസഫ്(ജെഡിഎസ്),ഡോ.രാജഗോപാൽ(കോൺഗ്രസ് എസ്),ഡി ജയകുമാർ(കേരള കോൺഗ്രസ് സ്കറിയ,തോമസ് വിഭാഗം),ജോർജ്ജ് അഗസ്റ്റിൻ(ജനാധിപത്യ കേരള കോൺഗ്രസ്),പോൾസൺ മാത്യു(കേരള കോൺഗ്രസ് ബി),എം എം സുലൈമാൻ(ഐ എൻ എൽ),സോമശേഖരൻ നായർ(എൽ ജെ ഡി) എന്നിവരും പങ്കെടുത്തു.

Eng­lish sum­ma­ry; LDF committy

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.