ശബരിമലനട അടച്ച തന്ത്രിയുടെ നടപടി നിയമലംഘനമാണെന്ന‌് എൽഡിഎഫ‌് കൺവീനർ

Web Desk
Posted on January 02, 2019, 4:59 pm

കൊച്ചി;യുവതികൾ പ്രവേശിച്ചതിനെ തുടർന്ന‌് ശബരിമലനട അടച്ച തന്ത്രിയുടെ നടപടി നിയമലംഘനമാണെന്ന‌് എൽഡിഎഫ‌് കൺവീനർ എ വിജയരാഘവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബിജെപിയും ശബരിമല കർമസമിതിയും പ്രഖ്യാപിച്ചിരിക്കുന്ന ഹർത്താൽ ശബരിമല ഭക്തർക്കാണ‌് കൂടുതൽ അസൗകര്യം ഉണ്ടാക്കുന്നതെന്നും  ജനങ്ങൾ ഈ ഹർത്താൽ തള്ളുമെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനയും സുപ്രീം കോടതിയും അനുവദിച്ച അവകാശത്തിന്റെ ഭാഗമായാണ‌് സ‌്ത്രീകൾ ശബരിമല സന്ദർശനം നടത്തിയത‌്. നടയടിച്ചിട്ട‌് ശുദ്ധികലശം നടത്തിയ തന്ത്രി മറ്റ‌് ഭക്തരുടെ ദർശന അവകാശമാണ‌് നിഷേധിച്ചത‌്. ശബരിമലയുടെ ഉടമസ്ഥാവശകാശം ദേവസ്വം ബോർഡിനാണ‌്. ബോർഡിനോട‌് ആലോചിക്കാതെ നടയടച്ചതു വഴി തന്ത്രി തന്റെ ചുമതലയ‌്ക്ക‌് പുറത്താണ‌് പ്രവർത്തിച്ചത‌്. വത്സൻ തില്ലങ്കേരി നടയ‌്ക്ക‌് പുറം തിരിഞ്ഞ‌് നിന്ന‌് ആചാര ലംഘനം നടത്തിയപ്പോൾ ഉണ്ടാകാതിരുന്ന ശുദ്ധികലശം എന്തേ ഇപ്പോഴെന്നും അദ്ദേഹം ചോദിച്ചു. നടഅടച്ചിട്ടത‌് കോടതി വിധിക്ക‌് എതിരാണ‌്. സ‌്ത്രീ പ്രവേശനത്തിൽ സർക്കാരിനെ കുറ്റപ്പെടുത്തേണ്ട കാര്യമില്ല. യുവതികൾ ദർശനം നടത്തി മടങ്ങിയിട്ട‌് ശബരിമലയിൽ ഒരു പ്രതിഷേധവും ഉണ്ടായിട്ടില്ല. നടയടച്ചപ്പോൾ മാത്രമാണ‌് അസൗകര്യം ഉണ്ടായത‌്. തുടർന്ന‌് നട തുറന്നശേഷവും പതിനായിരക്കണിക്കിന‌് ഭക്തർ സമാധാനപൂർവ്വം സന്ദർശനം നടത്തി മടങ്ങുകയാണ‌്. സംഘപരിവാരങ്ങൾ ആഴ‌്ചകളായി നടത്തിയ ആക്രമണങ്ങൾക്കിടയിലും  സർക്കാർ ശബരിമലയിലെത്തിയ ഭക്തർക്ക‌് ദർശനത്തിന‌് കൂടുതൽ സൗകര്യമൊരുക്കുകയാണ‌് ചെയ‌്തത‌്. പരാതികളില്ലാത്ത മണ്ഡലകാലമാണ‌് കടന്നു പോയത‌്.
എന്നാൽ യുവതീ പ്രവേശനത്തിന്റെ പേരിൽ വീണ്ടും ആക്രമണവും വർഗീയ ചേരിതിരിവുമുണ്ടാക്കാനാണ‌് ബിജെപിയും മറ്റ‌് സംഘപരിവാർ സംഘടനകളും നടത്തുന്നത‌്. ഇതവരരുടെ പതിവ‌് പരിപാടിയാണ‌്. യുഡിഎഫാകട്ടെ അവരെ സഹായിക്കുന്ന സമീപനവും സ്വീകരിക്കുന്നു. തുടർന്നുള്ള ദിവസങ്ങളിലും ശബരിമലയിലെത്തുന്ന ഭക്തർ്ക്ക‌് സൗകര്യം ഒരുക്കണം. ക്രമസമാധാനം നിലനിർത്തേണ്ടത‌് സർക്കാരിന്റെ ഉത്തരവാദിത്തമാണ‌്. അത‌ിന‌് നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു