എല്ലാവര്‍ക്കും സുപരിചിതന്‍, ആശ്ലേഷിക്കാനും വിജയം നേരാനും നിരവധി പേര്‍’

Web Desk
Posted on March 20, 2019, 7:47 pm
ജനമനസ്സ് കീഴടക്കി സതീഷ് ചന്ദ്രന്‍
തൃക്കരിപ്പൂര്‍: എങ്ങും പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല, എല്ലാവര്‍ക്കും സുപരിചിതന്‍. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ഓടിവന്ന് ആശ്ലേഷിക്കാനും വിജയം നേരാനും നിരവധി പേരെത്തി. എല്ലാവരോടും കുശലം പറഞ്ഞ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ പി സതീഷ് ചന്ദ്രന്‍. എല്‍ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ ഇന്നലത്തെ പര്യടനം സ്വന്തം തട്ടകമായ തൃക്കരിപ്പൂര്‍ മണ്ഡലത്തിലായിരുന്നു.  96 മുതല്‍ 2006 വരെ രണ്ട് തവണ തൃക്കരിപ്പൂര്‍ മണ്ഡലത്തിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയപ്പോള്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനത്തിലൂടെ നേടിയെടുത്ത  ജന പിന്തുണ ഒന്ന് കൂടി ഊട്ടിയുറപ്പിക്കുന്നതായിരുന്നു പര്യടനം.   രാവിലെ എട്ടിന് മാടായി കാവില്‍ നിന്നാണ് ആരംഭിച്ചത്.
വികസന കുതിപ്പിന്റെ കൈയ്യൊപ്പ് ചാര്‍ത്തി ജനമനസില്‍ ഇടം നേടിയ ജനപ്രിയന് ജനങ്ങളുടെ പൂര്‍ണ പിന്‍തുണ പ്രഖ്യാപിക്കുന്ന കാഴ്ചയായിരുന്നു ഓരോ കേന്ദ്രങ്ങളിലും കണ്ടത്.  വിജയം ഉറപ്പാക്കാന്‍ ഞങ്ങളും രംഗത്തിറങ്ങുമെന്ന് വിദ്യാര്‍ഥികളും തൊഴിലാളികളും ഉറപ്പ് നല്‍കിയത്.  എംഎല്‍എ ആയിരുന്നപ്പോള്‍ നടത്തിയ മലയോര തീരദേശ മേഖലകളില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളൊന്നും ജനമനസില്‍ ഇന്നും മാഞ്ഞുപോയിട്ടില്ല.  മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തൊഴില്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലായിരുന്നു  പര്യടനം നടത്തിയത്. ചീമേനിയില്‍ കോണ്‍ഗ്രസ് ഗുണ്ടകള്‍ കൊല ചെയ്ത കയ്യൂരിലെ കെ വി കുഞ്ഞിക്കണ്ണന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടു. തുടര്‍ന്ന് കയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തി ജീവനക്കാരെയും ആശുപത്രയിലെത്തിയവരെയും കണ്ട് വോട്ട് ഉറപ്പിച്ചു. കയ്യൂര്‍ ഗവ. ഐടിഐയില്‍ എത്തിയ സ്ഥാനാര്‍ത്ഥിയെ ബാന്റ് മേളത്തിന്റെ അകമ്പടിയോടൊപ്പം കര്‍ഷകരുടെ നേരടയാളമായ പാളത്തൊപ്പിയും അണിയിച്ച് കോളേജിലേക്ക് ആനയിച്ചു.
ഐടിഐയിലെ മുഴുവന്‍ വിദ്യാര്‍ഥികളും ജീവനക്കാരും ഞങ്ങളുടെ വോട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സതീഷ്ചന്ദ്രന് തന്നെ എന്ന ഉറപ്പും നല്‍കി. സതീഷ്ചന്ദ്രന്റെ ശ്രമഫലമായുണ്ടായ ചീമേനി എന്‍ജിനിയറിങ്ങ് കോളേജില്‍ വെടിക്കെട്ടിന്റെയും ചെണ്ട മേളത്തിന്റെയും മുദ്രാവാക്യം വിളിയുടെയും അകമ്പടിയോടെ രക്തഹാരമണിയിച്ച് വീരോചിതമായ വരവേല്‍പ്പാണ് നല്‍കിയത്. പാര്‍ലമെന്റില്‍ എത്തിയാല്‍ എന്നും നിങ്ങളോടൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ ഞാനുണ്ടാകും എന്ന സ്ഥാനാര്‍ഥിയുടെ വാക്കുകള്‍ ഓരോ കേന്ദ്രത്തിലും ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്.
മാണിയാട്ടെ മരണ വീട്ടില്‍ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് തൃക്കരിപ്പൂര്‍ ഇ കെ നായനാര്‍ ഗവ. പോളിയിലെത്തി. സതീഷ് ചന്ദ്രന്‍ എം എല്‍ എ ആയ സമയത്താണ് തൃക്കരിപ്പൂരില്‍ പോളിടെക്‌നിക്ക്  കൊണ്ടുവന്നത്. അത് കൊണ്ട് തന്നെ വിദ്യാര്‍ഥികള്‍ ഗംഭീര സ്വീകരണമാണ് പോളിയില്‍ ഒരുക്കിയത്. ബാന്റ് വാദ്യവും വെടികെട്ടും ബൊക്കയും പുഷ്പ വൃഷ്ടിയോടെ കോളേജിലേക്ക് ആനയിച്ചു.  പേരിന് പോലും ഒരു കോളേജ് ഇല്ലാതിരുന്ന കാലത്ത് ഉന്നത പഠനത്തിന് അവസരം ഒരുക്കിയ പഴയ എം എല്‍ എ യുടെ പാര്‍ലിമെന്റിലേക്കുള്ള ഊഴത്തില്‍ ഞങ്ങളും ഉണ്ടാകുമെന്ന് ഉറപ്പും വിദ്യാര്‍ഥികള്‍ നല്‍കി.
തൃക്കരിപ്പൂര്‍ മുജമ്മഅ ഇസ്ലാമിയിലെത്തി. അഗതികളായ നൂറ് കണക്കിന് വിദ്യാര്‍ഥികളും  സയ്യിദ് ത്വയ്യിബുല്‍ ബുഖാരി തങ്ങള്‍, എം ടി ജലീല്‍ സഖാഫി, മാനേജര്‍ ജാബിര്‍ സഖാഫി എന്നിവരും ചേര്‍ന്ന് സ്വീകരിച്ചു. മുനവ്വിര്‍ ഇസ്ലാമിക് അറബി കോളേജിലെത്തി ആത്മീയാചാര്യന്‍ മാണിയൂര്‍ അഹമ്മദ് മൗലവിയെ നേരില്‍ കണ്ട് സൗഹൃദ സംഭാഷണം നടത്തി. ഇളബച്ചി വിവേഴ്‌സ് സൊസൈറ്റി, ഖാദി കേന്ദ്രം എന്നിവിടങ്ങളിലെത്തി തൊഴിലാളികളോടും വോട്ടഭ്യര്‍ഥിച്ചു. രാജീവ് ഗാന്ധി ഫാര്‍മസി കോളേജ്, തൃക്കരിപ്പൂര്‍ ടാസ്‌ക് കോളേജ് എന്നിവിടങ്ങളിലെത്തി വോട്ടര്‍മാരെ കണ്ടു. രാമവില്യം കഴകത്തിലെ വെളിച്ചപ്പാടന്‍, ആചാര സ്ഥാനികര്‍, കര്‍ണവര്‍മാര്‍ എന്നിവരേയും നേരില്‍ കണ്ടു. പൂരാഘോഷം നടക്കുന്ന പുത്തിലോട്ടെ മാപ്പിട്ടച്ചേരി കാവിലും വോട്ടര്‍മാരെ കണ്ടു. തുടര്‍ന്ന് ഏളേരിതട്ട് ഇ കെ നായനാര്‍ സ്മാരക കോളേജിലെത്തി സതീഷ് ചന്ദ്രന് ഉജ്വല സ്വീകരണമാണ് വിദ്യാര്‍ത്ഥികളൊരിക്കിയത്. സ്ഥാനാര്‍ഥിയോടൊപ്പം എം രാജഗോപാലന്‍ എംഎല്‍എയും എല്‍ഡി എഫ് നേതാക്കളും  അനുഗമിച്ചു.