സത്യൻ മൊകേരി

March 23, 2020, 5:00 am

എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ ബദല്‍ സാമ്പത്തിക രാഷ്ട്രീയ ആരോഗ്യ ഇടപെടല്‍

Janayugom Online

 കൊറോണ വൈറസ് ലോകത്ത് വലിയ പ്രതിസന്ധി സൃഷ്ടിക്കുകയും രോഗം പിടിപെട്ട് മാര്‍ച്ച് 22 വരെയുള്ള കണക്കുകള്‍ അനുസരിച്ച് ലോകത്ത് 13,000 ത്തിലധികം പേര്‍ മരിക്കുകയും ചെയ്തു. 183 രാജ്യങ്ങളിലായി മൂന്നു ലക്ഷത്തിലധികം പേരില്‍ രോഗബാധ ഉണ്ടായിട്ടുണ്ട്. കൊറോണ വൈറസ് കാരണം ദശലക്ഷക്കണക്കിന് ആളുകള്‍ മരിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് ഐക്യരാഷ്ട്ര സംഘടന ഇതിനകം മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. പിന്നാക്കം നില്ക്കുന്ന രാജ്യങ്ങളിലായിരിക്കും മഹാമാരി ഏറെ ബാധിക്കുക. വൈറസിനെ കാട്ടുതീ പോലെ പടരാന്‍ അനുവദിച്ചാല്‍ കനത്ത പ്രത്യാഘാതം ലോകം നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും ഐക്യരാഷ്ട്ര സംഘടനാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് നല്കിയിട്ടുണ്ട്. സമ്പന്ന രാജ്യങ്ങള്‍ അവരുടെ പൗരന്മാരുടെ കാര്യം മാത്രം നോക്കിയാല്‍ പോരെന്നും മറ്റു രാജ്യങ്ങളെ സഹായിക്കണമെന്നും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജി-20 രാജ്യങ്ങള്‍ ആഫ്രിക്കന്‍ രാജ്യങ്ങളെക്കുറിച്ചും സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന രാജ്യങ്ങളെക്കുറിച്ചും ശ്രദ്ധിക്കുവാനും സഹായിക്കുവാനും തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

താഴെക്കിടയിലുള്ള തൊഴിലാളികള്‍ക്ക് വരുമാനവും ഇന്‍ഷുറന്‍സും സാമൂഹ്യ സുരക്ഷയും ഉറപ്പുവരുത്തണം. അവര്‍ക്ക് തൊഴില്‍ നഷ്ടം വരാതെയും നോക്കേണ്ടതായിട്ടുണ്ട്. സാമ്പത്തിക പ്രയാസം നേരിടുന്ന രാജ്യങ്ങള്‍ക്ക് മറ്റുള്ള രാജ്യങ്ങള്‍ സാമ്പത്തിക സഹായം നല്കുന്നതിനായി മുന്നോട്ടുവരണം. അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിനായി പ്രത്യേക ശ്രദ്ധ ഉണ്ടാകണമെന്നും ഐക്യരാഷ്ട്ര സംഘടന ആവശ്യപ്പെട്ടത് ഏറെ ശ്രദ്ധിക്കേണ്ടതാണ്. ലോകത്തിലെ സമ്പന്ന രാജ്യങ്ങള്‍ എന്നറിയപ്പെടുന്ന ജി-7 രാജ്യങ്ങളില്‍ എല്ലാം കൊറോണ വൈറസ് ഇതിനോടകം പിടിമുറുക്കിയിട്ടുണ്ട്. ജി-7 ഗ്രൂപ്പില്‍പ്പെട്ട ഇറ്റലിയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍‍ രോഗബാധയേറ്റ് മരിച്ചത്.

യുഎസ്എ, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങിയ ജി-7 രാജ്യങ്ങളും കൊറോണ ഭീഷണി നേരിടുകയാണ്. ആരോഗ്യ മേഖലയില്‍ വ്യാപിച്ച ഗുരുതരമായ പ്രസിസന്ധി ലോക സാമ്പത്തിക രംഗത്തെ ആകെ പിടിച്ചുകുലുക്കുകയാണ്. നമ്മുടെ രാജ്യത്തിന്റെ സമ്പദ്ഘടനയെയും കൊറോണരോഗം പ്രതിസന്ധിയിലാക്കുവാന്‍ തുടങ്ങി. ലോകത്ത് രണ്ടര കോടിയിലധികം തൊഴില്‍ നഷ്ടം ഉണ്ടാകുമെന്നാണ് ഐക്യരാഷ്ട്ര സംഘടന നടത്തിയ പ്രാഥമിക പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. വിവിധ രാജ്യങ്ങള്‍ സമയബന്ധിതമായ ആസൂത്രണവും വ്യക്തമായ നയവും രൂപപ്പെടുത്തി, മുന്നോട്ടുപോയാല്‍ മാത്രമേ, രാജ്യവും ലോകവും നേരിടുന്ന പ്രതിസന്ധിയെ മറികടക്കുവാന്‍ കഴിയുകയുള്ളു. ലോക തൊഴില്‍ സംഘടന (ഐഎല്‍ഒ) ഇതിനകം തന്നെ വച്ച നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധേയമാണ്. തൊഴിലിടത്തെ ജീവനക്കാരുടെ സംരക്ഷണം, തൊഴിലും വരുമാനവും ഉറപ്പുവരുത്തല്‍, സമ്പദ്ഘടനയെ ഉത്തേജിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ അടിയന്തരമായി സ്വീകരിച്ചില്ലെങ്കില്‍ വിവിധ രാജ്യങ്ങള്‍ വലിയ പ്രതിസന്ധിയെ നേരിടേണ്ടിവരുമെന്നും ഐഎല്‍ഒ വ്യക്തമാക്കിയിട്ടുണ്ട്.

കൊറോണ വൈറസ് ഉണ്ടാക്കുന്ന വിപത്തിന്റെ ഭാഗമായി ലോകത്തിന്റെ 2.47 കോടിയിലധികം തൊഴില്‍ നഷ്ടം ഉണ്ടാകുമെന്നും ഐഎല്‍ഒ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. തൊഴിലും വരുമാനവും വലിയ തോതില്‍ കുറവുവരുന്നതിലൂടെ വിവിധ രാജ്യങ്ങളിലെ സമ്പദ് വ്യവസ്ഥ കൂപ്പുകുത്തുന്ന സാഹചര്യം സംജാതമാകും. കൊറോണയുടെ പ്രത്യാഘാതം എന്ന നിലയില്‍ 860 ലക്ഷം കോടി ഡോളര്‍ വരെ ലോകത്തില്‍ വരുംനാളുകളില്‍ വരുമാനഷ്ടം ഉണ്ടാകുവാനുള്ള സാഹചര്യം ഉണ്ടെന്നും മുന്നറിയിപ്പ് ഉണ്ട്. ലോകത്തിലെ ദാദിദ്ര്യം വലിയ തോതില്‍ വര്‍ധിക്കുവാന്‍ ഇത് കാരണമാകും. 88 ലക്ഷം മുതല്‍ 2.5 കോടി വരെ തൊഴിലാളികള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെ ആകാനിടയുണ്ടെന്നും ഐഎല്‍ഒ വ്യക്തമാക്കുന്നു. കൊറോണ ആരോഗ്യ മേഖലയില്‍ മാത്രമല്ല നാശം ഉണ്ടാക്കുക, ലോകരാജ്യങ്ങളുടെ സമ്പദ്ഘടനയെ ആകെ തളര്‍ത്തുമെന്നും വ്യക്തമാണ്. കാര്‍ഷിക വ്യാവസായിക മേഖലയാകെ തകര്‍ന്നു തരിപ്പണമാകുന്ന ഏറെ ഭീതിജനകമായ സാഹചര്യമാണ്. ലോകത്തിന്റെയും നമ്മുടെ രാജ്യത്തിന്റെ മുന്നിലും ഇത് വന്നുചേര്‍ന്നിട്ടുണ്ട്. കൊറോണ രോഗം അറബി രാജ്യങ്ങളില്‍ ഉണ്ടാക്കുന്ന പ്രതിസന്ധിയുടെ ഭാഗമായി 17 ലക്ഷത്തിലധികം തൊഴില്‍ നഷ്ടങ്ങള്‍ ഉണ്ടാകുമെന്നാണ് ഐഎല്‍ഒയുടെ നിഗമനം. ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ ലക്ഷക്കണക്കിന് ആളുകളാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നത്. തൊഴില്‍ നഷ്ടപ്പെടുന്നതോടെ അവരെല്ലാം നമ്മുടെ രാജ്യത്തേക്കും സംസ്ഥാനത്തേക്കും തിരിച്ചുവരേണ്ടിവരുന്ന സാഹചര്യങ്ങള്‍ വന്നുചേര്‍ന്നു. രാജ്യത്തിനും കേരളത്തിനും ഇത് താങ്ങാന്‍ കഴിയാത്തതാണ്. കൊറോണ വൈറസ് ഇന്ത്യയിലും വ്യാപകമാകുകയാണ്. കേരളത്തിലെ വിവിധ മേഖലകളില്‍ ഇത് പടര്‍ന്നുതുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്തെ ജനങ്ങള്‍ ഏറെ പരിഭ്രാന്തിയിലാണ്. കേരളവും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളും നേരിടുന്നത് ഗുരുതരമായ പ്രതിസന്ധികളാണ്.

കാര്‍ഷിക മേഖല വലിയ തകര്‍ച്ചയെ നേരിടുന്നു. കാര്‍ഷിക ഉല്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുവാന്‍ കഴിയുന്നില്ല. വിളവെടുക്കുവാന്‍ കഴിയുന്നില്ല. കൃഷിസ്ഥലത്തു തന്നെ ഉല്പന്നങ്ങള്‍ കൂട്ടിയിട്ടിരിക്കുകയാണ്. വിറ്റഴിക്കുവാന്‍ കമ്പോളവുമില്ല. കര്‍ഷകര്‍ ദുരിതത്തിലായ സന്ദര്‍ഭം നോക്കി, വന്‍കിടക്കാര്‍ ഉല്പന്നങ്ങളുടെ വില കുത്തനെ കുറയ്ക്കുന്ന സംഭവങ്ങളും റിപ്പോര്‍ട്ടു ചെയ്യുന്നു. എങ്ങനെയാണ് ഇനിയുള്ള ദിവസങ്ങളില്‍ ജീവിക്കുക എന്നത് ചില കര്‍ഷകരേയും കര്‍ഷകത്തൊഴിലാളികളെയും അലട്ടുന്നു. ഗ്രാമീണ മേഖലയില്‍ കൃഷിക്കാര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും കൈത്തൊഴിലാളികള്‍‍ക്കും തൊഴില്‍ ഇല്ലാത്ത സാഹചര്യത്തിലേക്കും രാജ്യം നീങ്ങുകയാണ്. രാജ്യത്തുടനീളം കടകമ്പോളങ്ങള്‍ അടച്ചിടാന്‍ നിര്‍ബന്ധിക്കപ്പെടുന്ന സാഹചര്യമാണുള്ളത്. പൊതുചരക്ക് നീക്കത്തിന് ഉള്‍പ്പെടെ തടസങ്ങള്‍ വന്നു ചേരുന്ന നിലയില്‍ പ്രതിസന്ധി രൂക്ഷമാകുകയാണ്. ഇത്തരമൊരു സന്ദര്‍ഭത്തിലാണ് മാര്‍ച്ച് 19ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. രാജ്യം നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ഉതകുന്ന പ്രഖ്യാപനങ്ങളാണ് പ്രധാനമന്ത്രിയില്‍ നിന്ന് ജനങ്ങള്‍ പ്രതീക്ഷിച്ചിരുന്നത്. പ്രസംഗം കഴിഞ്ഞപ്പോള്‍ ജനങ്ങള്‍ നിരാശയിലായിരുന്നു. പ്രധാനമന്ത്രി ജനങ്ങള്‍ക്ക് ഉപദേശങ്ങള്‍ നല്കുവാനുള്ള അവസരമായാണ് രാഷ്ട്രത്തോട് നടത്തിയ പ്രസംഗത്തെ ഉപയോഗപ്പെടുത്തിയത്.

കോവിഡ് ഭീഷണി നേരിടുന്നതിനായി പ്രധാനമന്ത്രി ജനങ്ങള്‍ക്ക് നല്കിയ ഉപദേശങ്ങള്‍:‍

1. മാര്‍ച്ച് 22ന് രാവിലെ ഏഴു മുതല്‍ രാത്രി ഒമ്പതുവരെ ജനതാകര്‍ഫ്യു ആരും വീട്ടില്‍ നിന്ന് പുറത്ത് ഇറങ്ങാതിരിക്കുക. 2. അടുത്ത ഏതാനും ആഴ്ച സര്‍ക്കാര്‍ ജോലിക്കാരും ആശുപത്രികളിലും മാധ്യമങ്ങളിലും പ്രവര്‍ത്തിക്കുന്നവരും ജനപ്രതിനിധികളും മാത്രം വീട്ടില്‍ നിന്ന് പുറത്തിറങ്ങുക, അറുപത് വയസിന് മുകളിലുള്ളവര്‍ വീട്ടില്‍നിന്ന് പുറത്തിറങ്ങല്‍‍ തീര്‍ത്തും ഒഴിവാക്കുക. 3. നിയന്ത്രണങ്ങള്‍ കാരണം ജോലിക്ക് എത്താത്തവരുടെ ശമ്പളം നല്കാതിരിക്കരുത്‍. 4. ഭക്ഷ്യവസ്തു ദൗര്‍ലഭ്യമില്ല, ആശങ്കപ്പെട്ട് ഭക്ഷ്യവസ്തുക്കളും മറ്റും വാങ്ങി കൂട്ടരുത്‍. 5. ആള്‍കൂട്ടങ്ങളില്‍ നിന്നും നിങ്ങള്‍ ഒഴിഞ്ഞുനില്‍ക്കുക, രോഗത്തെ നിസ്സാരമായി കാണാതിരിക്കുക, സാമൂഹ്യ അകല വ്യവസ്ഥ പാലിക്കുക. 6. രോഗഭീഷണി വകവയ്ക്കാതെ പ്രവര്‍ത്തിക്കുന്ന ആശുപത്രി, വിമാനത്താവളം, സര്‍ക്കാര്‍, മാധ്യമങ്ങള്‍ തുടങ്ങിയ അവശ്യമേഖലയില്‍ ഉള്ളവര്‍ക്ക് മാര്‍ച്ച് 22ന് വൈകിട്ട് അഞ്ചിന് ജനം നന്ദി അര്‍പ്പിക്കണം. അഞ്ച് മിനിറ്റ് എല്ലാവരും വീട്ടില്‍ ബാല്‍ക്കണിയിലോ ജനലരികിലോ നിന്ന് കയ്യടിച്ചോ പാത്രങ്ങള്‍ മുട്ടിയോ നന്ദി പ്രകടിപ്പിക്കണം. 7. സാധാരണ ആശുപത്രി പരിശോധനകള്‍ ഒഴിവാക്കുക, അടിയന്തര സ്വഭാവമില്ലാത്ത ശസ്ത്രക്രിയകള്‍‍ ഒരു മാസം മാറ്റിവയ്ക്കുക, കോവിഡിനെ നേരിടാന്‍ വേണ്ടത് നിശ്ചയദാര്‍ഢ്യവും സ്വയം നിയന്ത്രണവും. സ്വയം സംരക്ഷിക്കുക, സംരക്ഷിക്കുവാന്‍ മറ്റുള്ളവരെ സഹായിക്കുക എന്നീ സാധാരണഗതിയില്‍ ജനങ്ങള്‍ക്ക് അറിയാവുന്ന കാര്യങ്ങളാണ് ഉപദേശമായി പ്രധാനമന്ത്രി രാജ്യത്തിന് നല്കിയത്.

കേന്ദ്ര ധനമന്ത്രിയുടെ നേതൃത്വത്തില്‍ രാജ്യത്തിന്റെ സമ്പദ്ഘടന നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് പഠിക്കുവാന്‍ ഒരു സമിതിയെ നിയോഗിക്കുന്ന കാര്യവും പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഇതെല്ലാം നല്ല കാര്യം തന്നെ. കൊറോണ വൈറസ് വ്യാപനം രാജ്യത്തിന്റെ സാമ്പത്തിക മേഖലയില്‍ ഉണ്ടാക്കിയ പ്രതിസന്ധി പരിഹരിക്കുന്നതിനായി ദേശീയാടിസ്ഥാനത്തില്‍ പ്രധാനമന്ത്രി പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുമെന്നായിരുന്നു ജനങ്ങള്‍ കരുതിയിരുന്നത്. അതൊന്നും ഉണ്ടായില്ല. രാജ്യം നേരിടുന്ന പ്രതിസന്ധിയുടെ ആഴം ഇപ്പോഴും പ്രധാനമന്ത്രിക്ക് മനസിലായിട്ടില്ല എന്നാണ് പ്രസംഗം ശ്രദ്ധിച്ചാല്‍ മനസിലാക്കുക. കേരളം ഉള്‍പ്പെടെയുളള ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍, പ്രതിസന്ധി തരണം ചെയ്യുന്നതിനായി നിരവധി നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ഗവണ്‍മെന്റിന് മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്. ആരോഗ്യ മേഖലയെ ശക്തിപ്പെടുത്തുന്നതിന് കൊറോണ വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനങ്ങള്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനും ആവശ്യമായ നിര്‍ദ്ദേശങ്ങളാണ് മുന്നോട്ടുവച്ചത്. നമ്മുടെ സംസ്ഥാനം മുമ്പ് ഒരിക്കലും നേരിട്ടിട്ടില്ലാത്ത സാമ്പത്തിക പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. ഇതിനെയെല്ലാം അതിജീവിച്ച് മുന്നോട്ടുപോകാന്‍ ശ്രമിക്കുന്ന ഘട്ടത്തിലാണ് നമ്മുടെ സംസ്ഥാനവും കൊറോണ വൈറസിന്റെ ഭീഷണിയെ നേരിടുന്നത്. 2018–19 വര്‍ഷത്തില്‍ സംസ്ഥാനം പ്രളയക്കെടുതിയെ അഭിമുഖീകരിച്ചു. പ്രകൃതി ദുരന്തങ്ങള്‍ സംസ്ഥാനത്തിന്റെ നട്ടെല്ലൊടിക്കുകയായിരുന്നു. ഇതിനെയെല്ലാം ധീരമായി അതിജീവിക്കുവാനുള്ള പരിശ്രമമാണ് സംസ്ഥാനം നടത്തിയത്. കേരളത്തിന്റെ കാര്‍ഷിക‑വ്യാവസായിക, ടൂറിസം, സര്‍വീസ് മേഖലകളെ പ്രളയം വല്ലാതെ പിന്നോട്ടു കൊണ്ടുപോയി. വലിയ തോതിലുള്ള വരുമാനനഷ്ടമാണ് ഉണ്ടായത്.

കേരളത്തിന്റെ സമ്പദ്ഘടന ആഗോള വിപണിയുമായി ഏറെ ബന്ധപ്പെട്ടതാണ്. നമ്മുടെ ആഭ്യന്തര ഉല്പന്നങ്ങളുടെ മാര്‍ക്കറ്റ് വിദേശ വിപണിയാണ്. കാപ്പി, തേയില, കരുമുളക്, സമുദ്ര ഉല്പന്നങ്ങള്‍, കശുഅണ്ടി, കയര്‍ തുടങ്ങിയ ഉല്പന്നങ്ങളുടെ മാര്‍ക്കറ്റ് നിശ്ചലമാകുന്ന സാഹചര്യം വന്നു ചേര്‍ന്നിരിക്കുകയാണ്. സംസ്ഥാനത്തിന്റെ വരുമാനത്തില്‍ വലിയപങ്ക് പ്രവാസികളുടെ അദ്ധ്വാനത്തിന്റെ ഫലമായി അവര്‍ അയയ്ക്കുന്ന പണമാണ്. അതൊക്കെ നിശ്ചലമാകുന്ന സാഹചര്യം വന്നു കഴിഞ്ഞു. നാട്ടിലെ ജനങ്ങള്‍ മാര്‍ക്കറ്റുകളില്‍ വരാന്‍ മടിക്കുന്നു. കമ്പോളങ്ങള്‍ അതിന്റെ ഫലമായി തന്നെ അടഞ്ഞുകിടക്കുന്നു. ഭയവും കൂടി വന്നു ചേരുമ്പോള്‍ മാര്‍ക്കറ്റ് പൂര്‍ണമായും അടഞ്ഞുതന്നെയാണ്. കര്‍ഷകരുടെ ഉല്പന്നങ്ങള്‍ വിറ്റഴിക്കുവാന്‍ കഴിയാതെ അവര്‍ ആകെ ആശങ്കയിലുമാണ്. പഴം, പച്ചക്കറി, മാംസം, പാല്‍, മുട്ട ഇവ ഉല്പാദിപ്പിക്കുന്ന കര്‍ഷകര്‍ എല്ലാം എന്തുചെയ്യണമെന്നറിയാതെ നട്ടം തിരിയുകയാണ്.

(അവസാനിക്കുന്നില്ല)