ജനങ്ങൾക്ക് കൃഷിയോടുള്ള ആഭിമുഖ്യം തിരിച്ചുകൊണ്ടുവരാൻ ഇടതുമുന്നണി ഗവണ്‍മന്‍റിന് കഴിഞ്ഞു: കാനം

Web Desk
Posted on May 26, 2018, 5:34 pm
വി എഫ് പി സി കെ സ്റ്റാഫ് അസോസിയേഷൻ എ ഐ ടി യു സി 12 ആം സംസ്ഥാന സമ്മേളനം സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഖാടനം ചെയ്യുന്നു. ജോൺ ലൂക്കോസ്, ജോജി കെ മാത്യുസ്, കെ കെ അഷറഫ്, കെ എൻ ഗോപി, പി രാജു, കെ എം ദിനകരൻ എന്നിവർ മുൻനിരയിൽ.

കൊച്ചി: സംസ്ഥാനത്തെ സാധാരണജനങ്ങൾക്കിടയിൽ കൃഷിയോടുള്ള ആഭിമുഖ്യം തിരിച്ചുകൊണ്ടുവരാൻ ഇടതുമുന്നണി ഗവണ്‍മന്‍റിന് കഴിഞ്ഞിട്ടുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. കൃഷി എന്നാൽ സൈഡ് ബിസിനസായി കൊണ്ടുനടന്നിരുന്ന കാലത്തുനിന്ന്‌ മുഴുവൻസമയ കൃഷിയിലേക്കിറങ്ങാൻ ചെറുപ്പക്കാരടക്കം മുന്നോട്ടുവരുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി. വിഎഫ്പിസികെ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാനസമ്മേളനം കാക്കനാട് ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ(എസ് ശിവശങ്കരപ്പിള്ള നഗർ )ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു  അദ്ദേഹം. നെൽകൃഷിയടക്കം ലാഭകരമാക്കാൻ കഴിയുന്ന സാഹചര്യം സംസ്ഥാനത്തുണ്ട്. കൃഷി രംഗത്ത് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ കർഷകരുടെ സുഹൃത്തും, സഹപ്രവർത്തകനുമായി തോളോട് തോൾ ചേർന്ന് പ്രവർത്തിച്ചാൽ ഈ രംഗത്ത് വാൻ പുരോഗതി സൃഷ്ടിക്കാൻ കഴിയും. ഇത്തരത്തിലുള്ള പ്രവർത്തനമാണോ ഉദ്യോഗസ്ഥ, ശാസ്ത്രജ്ഞരുടെയും ഭാഗത്തുനിന്ന് ഉണ്ടാവുന്നതെന്ന് ആത്മപരിശോധന നടത്തണം.

പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തത നേടാൻ കേരളത്തിന് കഴിയും. ശീതകാല പച്ചക്കറികൾ ഒഴികെ ബാക്കിയുള്ളവയ്ക്കു ഏറ്റവും വളക്കൂറുള്ള മണ്ണാണിത്. കേരളത്തിൽ നിന്ന് വെള്ളം കൊണ്ടുപോകുന്ന തമിഴ്നാട്ടുകാർ പച്ചക്കറി ഇങ്ങോട്ട് കയറ്റി അയക്കുന്നു. പച്ചക്കറി, പാൽ, മുട്ട, മാംസം എന്നീ മേഖലകളിൽ സ്വയം പര്യാപ്തത കൈവരിക്കത്തക്ക രീതിയിൽ കേരളത്തെ ഉയർത്തുക എന്നതാണ് ഇടതുമുന്നണി സർക്കാരിന്‍റെ ലക്ഷ്യം, കാനം  ചൂണ്ടിക്കാട്ടി.

ജീവനക്കാരുടെ ശമ്പളം, ആനുകൂല്യങ്ങൾ എന്നീ കാര്യങ്ങളിൽ അനുകൂല നിലപാടാണ് സർക്കാരിനുള്ളതെന്നും അതുകൊണ്ട് സ്ഥാപനം മെച്ചപ്പെട്ടരീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ മാനേജ്മെന്റിനും തൊഴിലാളികൾക്കും ഒരേ ചിന്തയാവണം, ഉണ്ടാവേണ്ടത്. അതെ സമയം, അവകാശങ്ങൾ നേടിയെടുക്കാൻ സംഘടനയ്ക്കു കഴിയുകയും വേണം. വി എഫ് പി സി കെ സ്റ്റാഫ് അസോസിയേഷൻ പ്രസിഡന്റ് കെ കെ അഷ്‌റഫ് അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി പി രാജു, എ ഐ ടി യു സി ജില്ലാ സെക്രട്ടറി കെ എൻ ഗോപി, വി എഫ് പി സി കെ ബോർഡ്അംഗം കെ എൻ രാമകൃഷ്ണൻ ‚കിസാൻ സഭ ജില്ലാ സെക്രട്ടറി കെ എം ദിനകരൻ, സി പി ഐ മണ്ഡലം സെക്രട്ടറി കെ കെ സന്തോഷ്ബാബു, എം ജെ ഡിക്സൺ, യൂണിയൻ ജനറൽ സെക്രട്ടറി ജോജി കെ മാത്യൂസ്, ജിജോ ചിതങ്ങറ, ജോൺലൂക്കോസ്  എ പി ഷാജി തുടങ്ങിയവർ സംസാരിച്ചു. എൻ ഇ നമ്പൂതിരിയെ ആദരിച്ചു.

ഫോട്ടോ: വിഎന്‍ കൃഷ്ണപ്രകാശ്