September 28, 2022 Wednesday

Related news

September 26, 2022
September 26, 2022
September 25, 2022
September 23, 2022
September 18, 2022
September 17, 2022
September 16, 2022
September 16, 2022
September 14, 2022
September 6, 2022

സർക്കാരിന്റെ ലക്ഷ്യം ജനങ്ങളുടെ ക്ഷേമം

Janayugom Webdesk
തിരുവനന്തപുരം
May 28, 2021 10:08 pm

ജനാധിപത്യത്തിലും മതനിരപേക്ഷതയിലും ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതാകും എൽഡിഎഫ് സർക്കാരിന്റെ നയമെന്ന് പ്രഖ്യാപിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭാഷാപരവും മതപരവും പ്രത്യയശാസ്ത്രപരവുമായ വ്യത്യസ്തതകളുടെ ഐക്യത്തെ കൂടുതൽ ശക്തിപ്പെടുത്തി അസമത്വം ഇല്ലാതാക്കും. തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ നൽകിയ വാഗ്ദാനങ്ങൾ യാഥാർത്ഥ്യമാക്കുമെന്നും ഗവർണർ പറഞ്ഞു. 

പതിനഞ്ചാം കേരള നിയമസഭയുടെ പ്രഥമസമ്മേളനത്തിന് തുടക്കം കുറിച്ചുള്ള നയപ്രഖ്യാപന പ്രസംഗം നടത്തുകയായിരുന്നു ഗവർണർ. 

കഴിഞ്ഞ അഞ്ചുവർഷത്തെ എൽഡിഎഫ് സർക്കാരിന്റെ പ്രവർത്തന മികവാണ് കേരള ജനത നൽകിയ ജനവിധി. പുതിയ ജനപ്രതിനിധികളുടെ മഹനീയ സഭയെ അഭിസംബോധന ചെയ്യുന്നത് ബഹുമതിയും വിശേഷാധികാരമായും കരുതുന്നുവെന്നും ഗവർണർ പറഞ്ഞു. 

സാമ്പത്തിക വളർച്ചയുടെ ഗുണഫലങ്ങൾ ലഭിക്കാതെ വരുന്ന ഒരാൾപോലും കേരളത്തിൽ ഉണ്ടാകരുതെന്നതാണ് എൽഡിഎഫ് സർക്കാരിന്റെ നയമെന്നും ഗവർണർ പ്രഖ്യാപിച്ചു. കഴിഞ്ഞ എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ എല്ലാ ക്ഷേമ — വികസന പരിപാടികളും കൂടുതൽ കരുത്തോടെ തുടരും. സമ്പദ് വ്യവസ്ഥയുടെ എല്ലാ മേഖലകളിലും സംസ്ഥാനത്തെ ബഹുദൂരം പുരോഗതിയിലേക്കു നയിക്കാൻ എൽഡിഎഫ് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ഗവർണർ വ്യക്തമാക്കി.
കോവിഡ് മഹാമാരിയെ പ്രതിരോധിക്കാനും മരണനിരക്ക് നിയന്ത്രിക്കാനും കാര്യക്ഷമവും ഏകോപിതമായ പ്രവർത്തനത്തിലൂടെ സർക്കാരിന് കഴിഞ്ഞു. കോവിഡ് പ്രതിരോധ വാക്സിൻ പൊതുനന്മയായി കരുതണമെന്നും അത് എല്ലാവർക്കും നൽകണമെന്നതുമാണ് സർക്കാർ നയം. ഇതിനായി 1000 കോടി രൂപ അധികമായി ചെലവിടുകയും വാക്സിൻ ലഭ്യമാക്കാനായി ആഗോളടെൻഡർ നടപടികൾ ആരംഭിക്കുകയും ചെയ്തു. 

കേരളത്തിന് സാമ്പത്തിക തകർച്ച ഉണ്ടാകാതിരിക്കാൻ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിന് എതിർ ചാക്രിക ധനനയം ആരംഭിച്ചു. സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്ക് കരുതൽ നൽകാൻ എൽഡിഎഫ് സർക്കാർ അതിന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ഗവർണർ അറിയിച്ചു. 

രാവിലെ കേരള നിയമസഭയിലെത്തിയ ഗവർണറെ മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എം ബി രാജേഷ്, പാർലമെന്ററികാര്യ മന്ത്രി കെ രാധാകൃഷ്ണൻ, നിയമസഭാ സെക്രട്ടറി വി ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.
ഒൻപത് മണിക്ക് ആരംഭിച്ച നയപ്രഖ്യാപന പ്രസംഗം ഒരു മണിക്കൂർ 56 മിനിട്ട് നീണ്ടുനിന്നു. 

ജനാധിപത്യവും മതേതരത്വവും ഉയർത്തിപ്പിടിക്കും

കേന്ദ്രവും സംസ്ഥാനവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും തുല്യ പങ്കാളികളാകുന്ന സഹകരണ ഫെഡറലിസത്തിന്റെ തത്വങ്ങളിലാണ് സർക്കാർ ഉറച്ചു വിശ്വസിക്കുന്നത്.
ഭരണഘടനാപരമായ മൂല്യചേതനയെ പരിപോഷിപ്പിക്കുന്നതിന് സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ മൂല്യങ്ങളായ ജനാധിപത്യവും മതേതരത്വവും ഉയർത്തിപ്പിടിക്കും. സമൂഹത്തിലെ എല്ലാവർക്കും പുരോഗതിയുടെ ഫലങ്ങൾക്കുള്ള അവകാശം യാഥാർത്ഥ്യത്തിലേക്കു പരിണമിപ്പിക്കുന്നതിനു സർക്കാർ പ്രയത്നിക്കുമെന്നും ഗവർണർ പറഞ്ഞു. 

Eng­lish Sum­ma­ry : ldf gov­ern­ments moto is wel­fare of people

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.