ഇടത് സര്‍ക്കാര്‍ നാലാം വര്‍ഷത്തിലേക്ക്; പ്രോഗ്രസ് റിപ്പോര്‍ട്ട് ഇന്ന് പ്രകാശനം ചെയ്യും

Web Desk
Posted on June 10, 2019, 8:00 am

തിരുവനന്തപുരം: നാലാംവര്‍ഷത്തിലേക്ക് കടക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ടിന്റെ പ്രകാശനം ഇന്ന് നടക്കും. വൈകിട്ട് അഞ്ചിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് പ്രോഗ്രസ് റിപ്പോര്‍ട്ട് നല്‍കി പ്രകാശനം നിര്‍വഹിക്കും. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും.

അഴിമതിരഹിത- മതനിരപേക്ഷ‑വികസിത കേരളം എന്ന മുദ്രാവാക്യം ഉയര്‍ത്തി, അധികാരത്തിലെത്തിയ ഇടതുസര്‍ക്കാര്‍, മൂന്നുവര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ പ്രകടനപത്രികയില്‍ നല്‍കിയ 600 വാഗ്ദാനങ്ങള്‍ എത്രത്തോളം നടപ്പാക്കിയെന്നതിന്റെ വിലയിരുത്തലാണ് പ്രോഗ്രസ് റിപ്പോര്‍ട്ടിലുള്ളത്. മതനിരപേക്ഷവും അഴിമതിരഹിതവും വികസിതവുമായ കേരളം സൃഷ്ടിക്കുന്നതിനുള്ള കര്‍മ്മപദ്ധതിയാണ് പ്രകടനപത്രികയിലൂടെ ഇടത് മുന്നണി മുന്നോട്ടുവച്ചത്. അതുനടപ്പിലാക്കുന്നതിനുള്ള ആത്മാര്‍ത്ഥമായ പരിശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് പുറമേ സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അനുബന്ധമായി ഇതില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്.

സര്‍ക്കാര്‍ പ്രഖ്യാപിച്ച നയങ്ങള്‍, പ്രളയാനന്തര പുനര്‍നിര്‍മാണം, അടിയന്തരസഹായങ്ങള്‍, കേരള പുനര്‍നിര്‍മാണ പദ്ധതി, ലോക പുനര്‍നിര്‍മാണ സമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ പ്രസംഗം, വിഭവസമൃദ്ധിക്ക് കിഫ്ബി, മറ്റു പ്രധാന പദ്ധതികളും പ്രവര്‍ത്തനങ്ങളും, മികവിനു കിട്ടിയ അംഗീകാരങ്ങള്‍ തുടങ്ങിയവയും പ്രോഗ്രസ് റിപ്പോര്‍ട്ടിനൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രകാശനശേഷം സര്‍ക്കാര്‍ വെബ്‌സൈറ്റിലും പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കും.