August 15, 2022 Monday

സഹകണമേഖലയ്ക്ക് കൈതാങ്ങായി എല്‍ഡിഎഫ് സര്‍ക്കാര്‍; 500 കോടിയുടെ സംരക്ഷണ നിധി

Janayugom Webdesk
തിരുവനന്തപുരം
August 6, 2022 11:02 am

എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ജനങ്ങളോടുള്ള പ്രതിബന്ധത ഒരിക്കല്‍ക്കൂടി വെളിവാക്കുന്നതാണ് പ്രതിസന്ധിയിലാകുന്ന സഹകരണ സംഘങ്ങളെ സഹായിക്കാൻ സംസ്ഥാനത്ത്‌ സംരക്ഷണനിധി രൂപീകരിക്കുകയെന്നുള്ളത്. സഹകരണമേഖലയ്‌ക്ക്‌ കേരളീയരുടെ സാമ്പത്തിക– സാമൂഹ്യ ജീവിതവുമായുള്ള ബന്ധത്തിന്‌ ആഴമേറെയാണുള്ളത്. മറ്റ്‌ സംസ്ഥാനങ്ങളിൽനിന്ന്‌ വ്യത്യസ്തമായി കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകൾ കാർഷിക വായ്പയിൽ മാത്രമല്ല, സാധാരണക്കാരുടെ ദൈനംദിന ജീവിതത്തിലും സഹായിക്കുന്നവയാണ്‌.

മനുഷ്യത്വം എന്ന കാരുണ്യത്തിന്റെ ഏറ്റവും വലിയ മുഖംതന്നെയാണ്‌ സഹകരണസ്ഥാപനങ്ങളുടെ പ്രധാന ആകർഷണീയത. അത്യാവശ്യഘട്ടങ്ങളിൽ ഓടിച്ചെന്നാൽ സാങ്കേതികത്വത്തിന്റെ നൂലാമാലകളില്ലാതെ പെട്ടന്ന്‌ സഹായം ലഭ്യമാകുമെന്ന്‌ സാധാരണക്കാർക്ക്‌ ഉറപ്പാണ്‌. അത്രമേൽ അവരോട്‌ ചേർന്നുനിൽക്കുന്ന ഈ സഹകരണമേഖല.ജനകീയ സമരങ്ങളുടെയും ജനകീയപ്രസ്ഥാനങ്ങളുടെയും സജീവമായ ഇടപെടലിന്റെ ഭാഗമായി ഉയര്‍ന്നുവന്നതാണ് നമ്മുടെ സഹകരണ പ്രസ്ഥാനം. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്‌ ദീര്‍ഘമായ ചരിത്രമുണ്ട്‌. ജന്മി കുടിയാന്‍ ബന്ധത്തിന് അറുതി വരുത്തി, അത്രനാള്‍ അടിച്ചമര്‍ത്തപ്പെട്ടു കിടന്ന ഒരു ജനവിഭാഗത്തെ അവകാശബോധത്തിലേക്കും അഭിമാനബോധത്തിലേക്കും ഉയര്‍ത്തിയതായിരുന്നു 1957ല്‍ അധികാരത്തില്‍ എത്തിയ ആദ്യ കമ്മ്യൂണിസറ്റ് സര്‍ക്കാര്‍ പാസാക്കിയ ഭൂപരിഷ്ക്കരണനിയമം. 

ഐക്യകേരളരൂപീകരണത്തിനു ശേഷം നടന്ന ഏറ്റവും വലിയ പുരോഗമന സാമ്പത്തിക‑സാമൂഹ്യ പ്രക്രിയയായിരുന്നു .ഭൂപരിഷ്ക്കരണത്തിന്‍റെ ഫലമായി രൂപീകരിക്കപ്പെട്ട ബദല്‍ സാമൂഹ്യ‑സമ്പദ്ഘടനയെ മുന്നോട്ടു കൊണ്ടുപോകാന്‍ കേരളത്തിനു കഴിഞ്ഞത് സഹകരണപ്രസ്ഥാനങ്ങളുടെ ശക്തമായ സാന്നിധ്യം ഒന്നുകൊണ്ടു മാത്രമാണ്. കൃഷി ചെയ്യുന്നവരിലേക്ക് ഭൂമി എത്തിച്ചേര്‍ന്നപ്പോള്‍ കൃഷി ഇറക്കാന്‍ അവര്‍ക്ക് മൂലധനം ആവശ്യമായി വന്നു. ജന്മിയുടെ ഭൂമിയില്‍ പണി ചെയ്ത് അന്നന്നത്തെ അത്താഴത്തിനുള്ള വക മാത്രം ഉണ്ടാക്കിയിരുന്ന കുടിയാന്റെ കൈയില്‍ ഈ പണം ഉണ്ടായിരുന്നില്ല. ഈ നിസ്സഹായാവസ്ഥ ചൂഷണം ചെയ്യാന്‍ ഒരുങ്ങിയിരുന്ന വന്‍കിട പലിശക്കാരുടെ കഴുത്തറുപ്പന്‍ ഇടപാടുകളില്‍ നിന്നും ജനങ്ങളെ രക്ഷിച്ച്‌ അവരുടെ ജീവിതത്തിന് ആവശ്യമായ വിഭവം ഒരുക്കിക്കൊടുത്തത് നമ്മുടെ സഹകരണബാങ്കുകളായിരുന്നു. ജന്മി കുടിയാന്‍ ബന്ധത്തിന് അറുതി വരുത്തി, അത്രനാള്‍ അടിച്ചമര്‍ത്തപ്പെട്ടു കിടന്ന ഒരു ജനവിഭാഗത്തെ അവകാശബോധത്തിലേക്കും അഭിമാനബോധത്തിലേക്കും ഉയര്‍ത്തിയതായിരുന്നു കേരളസര്‍ക്കാര്‍ പാസാക്കിയ ഭൂപരിഷ്ക്കരണനിയമം. 

സഹകരണബാങ്കുകള്‍ ഇല്ലായിരുന്നെങ്കില്‍ ഭൂപരിഷ്കരണത്തിന്റെ ഗുണഫലങ്ങള്‍ പണ്ടേ കേരളത്തിന് നഷ്ടമായേനെ. വിതരണം ചെയ്യപ്പെട്ട നല്ലൊരു വിഭാഗം തുണ്ടുഭൂമികള്‍ പണയാധാരങ്ങളായി പഴയ ജന്മിമാരുടെ കൈവശം തന്നെ തിരിച്ചെത്തുന്ന സ്ഥിതി ഉണ്ടാവുമായിരുന്നു.ഗ്രാമങ്ങളിലെ കര്‍ഷകരുടെയും സാധാരണക്കാരുടെയും ചെറിയ തുക സ്വരുക്കൂട്ടി ഉണ്ടായ നിക്ഷേപമാണ് കേരളത്തിന്റെ സഹകരണമേഖലയിലേത്. വാര്‍ഷിക മിച്ചം ഉണ്ടായില്ലെങ്കിലും ഗ്രാമീണരില്‍ താല്‍ക്കാലിക മിച്ചം ഉണ്ടാവാറുണ്ട്. ഈ താല്‍ക്കാലിക മിച്ചം ഒരു ബാങ്കിലും നിക്ഷേപിച്ചിരുന്നില്ല. അതുകൊണ്ട് ഗ്രാമീണരുടെ എല്ലാവിധ മിച്ച സമ്പാദ്യങ്ങളും സഹകരണ സംഘങ്ങളില്‍ കൊണ്ടുവരാനുള്ള പദ്ധതി നടപ്പില്‍ വരുത്തി. അങ്ങനെയാണ് ഒരു ലക്ഷം കോടി രൂപയിലേറെ നിക്ഷേപമുള്ള ഒരു വലിയ പ്രസ്ഥാനമായി നമ്മുടെ സഹകരണമേഖല വളര്‍ന്നത്. അതായത് സഹകരണബാങ്കുകളില്‍ ഇന്നുള്ള നിക്ഷേപത്തിന്റെ ഭൂരിഭാഗവും സാധാരണമനുഷ്യരുടെ കഠിനാധ്വാനത്തിന്റെ ഫലമായി ലഭിച്ച ചെറിത തുകകളുടെ സമാഹരണമാണ്. അല്ലാതെ കോടികള്‍ കൈകാര്യം ചെയ്യുന്ന വന്‍കിട കോര്‍പ്പറേറ്റുകളുടെ ലാഭവിഹിതമല്ല. 

അതുകൊണ്ടു തന്നെ ഈ സാമ്പത്തികസംവിധാനം തകര്‍ന്നാല്‍ കൂടെ ഇല്ലാതാകുന്നത് ഇവരുടെയൊക്കെ ഒരു ജീവിതകാലത്തെ മുഴുവന്‍ സമ്പാദ്യമാണ്. ഒരു കുടുംബത്തിന്റെ ജീവിതവും സ്വപ്നങ്ങളുമാണ്.ഇത്തരമൊരു സാഹചര്യത്തിലാണ് സഹകരണേഖല തകരാതിരിക്കുവാന്‍ സര്‍ക്കാര്‍ മുന്‍കൈഎടുത്ത് നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. അതിന്‍റെ ആദ്യഘട്ടം എന്ന നിലയില്‍ 500 കോടി രൂപ നിധിയിൽ ഉറപ്പാക്കും. പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളുടെ മിച്ചധനവും കരുതൽ ധനവുമുപയോഗിക്കും. ഇതിന്‌ സഹകരണ ചട്ടത്തിൽ ഭേദഗതി വരുത്തുമെന്ന്‌ മന്ത്രി വി എൻ വാസവൻഅറിയിച്ചു. സഹകരണമേഖലയുടെ വികസനത്തിനും പ്രതിസന്ധിയിലാകുന്ന സംഘങ്ങളുടെ വീണ്ടെടുപ്പിനും വായ്‌പാ സഹായം ഉറപ്പാക്കുവാനാണിത്. നിധിയിലേക്ക് നിക്ഷേപിക്കുന്ന തുകയ്‌ക്ക്‌ പലിശ നൽകും. നിശ്ചിത കാലപരിധിക്കുശേഷമോ അടിയന്തര സാഹചര്യത്തിലോ പലിശയടക്കം പിൻവലിക്കാം. പദ്ധതി വിശദാംശം പിന്നീട്‌ തയ്യാറാക്കും. നിധിക്കായി സംഘം, ജില്ല, സംസ്ഥാന തലങ്ങളിൽ അവലോകന സമിതി രൂപീകരിക്കും. സഹകാരികൾ, വകുപ്പ്‌– ‑കേരള ബാങ്ക് ഉദ്യോഗസ്ഥർ, സർക്കിൾ– ‑സംസ്ഥാന സഹകരണ യൂണിയൻ പ്രതിനിധികൾ, സാങ്കേതിക വിദഗ്‌ധർ എന്നിവർ അംഗങ്ങളാകും.സഹകരണ നിക്ഷേപ പരിരക്ഷ പരിധി രണ്ടിൽനിന്ന്‌ അഞ്ചുലക്ഷം രൂപയാക്കും.

ഗ്യാരന്റി ബോർഡ്‌ പ്രവർത്തനം വിപുലപ്പെടുത്തി പ്രതിസന്ധി ഘട്ടങ്ങളിൽ അഞ്ചുലക്ഷം രൂപവരെ നൽകാൻ വ്യവസ്ഥ ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കുന്നു. പ്രതിസന്ധിയിലായ കരുവന്നൂർ സഹകരണ ബാങ്കിലെ ഇടപാടുകാർക്ക്‌ നിക്ഷേപം തിരികെ നൽകാൻ‌ പ്രത്യേക പാക്കേജായി. കാലാവധിയായ നിക്ഷേപങ്ങൾ തിരികെ നൽകാൻ 35 കോടി രൂപ അനുവദിച്ചു. ബാങ്ക്‌ ആസ്തി ഈടിന്മേൽ കേരള ബാങ്കിൽനിന്ന് 25 കോടിയും സഹകരണ വികസന ക്ഷേമനിധി ബോർഡിൽനിന്ന്‌ 10 കോടിയും നൽകും. രോഗബാധിതയായി മരിച്ച ഫിലോമിനയുടെ ബാക്കി നിക്ഷേപം ഇന്ന് കുടുംബത്തിന്‌ കൈമാറുമെന്നും സഹകരണ മന്ത്രി വി എൻ വാസവൻ അറിയിച്ചു.ബാങ്ക്‌ പ്രതിസന്ധി മറികടക്കാൻ ഹ്രസ്വ, ദീർഘകാല പദ്ധതി നടപ്പാക്കും. നിക്ഷേപ, പലിശ ബാക്കിനിൽപ്പ്‌, കാലാവധിയെത്തിയ നിക്ഷേപവും പലിശയും എന്നിവയിൽ കൃത്യമായ കണക്കായി. ആകെ നിക്ഷേപം 284.61 കോടിയും പലിശ കൊടുക്കാനുള്ളത് 10.69 കോടിയുമാണ്. കാലാവധി എത്തിയത്‌ 142.71 കോടിയും. 35 കോടിയാണ്‌ നിക്ഷേപകർ ആവശ്യപ്പെട്ടത്‌. 

വായ്‌പ ബാക്കിനിൽപ്പ് 368 കോടിയാണ്‌. പലിശ പിരിഞ്ഞുകിട്ടേണ്ടത്‌ 108.03 കോടിയും. ആകെ കിട്ടാനുള്ളത്‌ 476 കോടി . ഇവ ഈടാക്കാൻ 217 ആർബിട്രേഷൻ കേസ്‌ ഫയൽ ചെയ്‌തു. വിധി നടപ്പാക്കൽ ആരംഭിച്ച 702 കേസിൽ നടപടി വേഗത്തിലാക്കാൻ നാല്‌ സ്‌പെഷ്യൽ സെയിൽ ഓഫീസർമാരെ നിയോഗിക്കും. സംഘം പ്രവർത്തനം തുടരാൻ വേണ്ട നടപടി സ്വീകരിക്കുന്നതായും മന്ത്രി പറഞ്ഞു. ഏതു മേഖലയിലുമെന്നപോലെ സഹകരണമേഖലയിലും മോശമായി പ്രവർത്തിക്കുന്ന ചില സംഘങ്ങളുമുണ്ട്. തൃശൂർ ജില്ലയിലെ കരുവന്നൂർ സഹകരണ ബാങ്ക് അത്തരത്തിലൊന്നാണ്. അത്തരം സംഘങ്ങൾ നന്നാക്കുന്നതിന് എന്തെല്ലാം ചെയ്യണമെന്ന് സഹകരണ നിയമത്തിലും ചട്ടങ്ങളിലും വ്യവസ്ഥയുണ്ട്. അത് നടപ്പാക്കുന്നതിനൊപ്പം, ഒരു രാഷ്ട്രീയ പരിഗണനയുമില്ലാതെ, വിട്ടുവീഴ്ചയില്ലാത്ത നിഷ്പക്ഷതയോടെ കുറ്റവാളികൾക്കെതിരെ നടപടിയെടുത്തു. 

നിക്ഷേപകരുടെ നയാ പൈസയും നഷ്ടപ്പെടില്ലെന്ന് സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്. കുറ്റക്കാരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും നടപടി ആരംഭിച്ചിട്ടുണ്ട്. ഇതൊന്നും കാണാതെയാണ് , സഹകരണ പ്രസ്ഥാനത്തെ തകർക്കാനുള്ള ഗൂഢാലോചനകൾ നടക്കുന്നത്. ഗ്രാമീണ വികസനത്തിനാവശ്യമായ വിഭവ സമാഹരണം ഗ്രാമങ്ങളില്‍ നിന്നുതന്നെ സമാഹരിക്കുന്നതിനുള്ളമാര്‍ഗം രാജ്യത്തിന് കാണിച്ചുകൊടുക്കുന്നവയാണ് കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങള്‍. ലോകപ്രശസ്തമായ കേരള വികസന മാതൃക കെട്ടിപ്പടുക്കുന്നതില്‍ സഹകരണപ്രസ്ഥാനത്തിന്റെ പങ്ക് ചെറുതല്ല. നിക്ഷേപകരുടെ പണം മടക്കിക്കൊടുക്കാന്‍ കഴിയാതെ ലോകത്തെ വന്‍കിട ബാങ്കുകള്‍ പോലും പൂട്ടേണ്ടിവരുമ്പോള്‍ കേരളത്തിലെ സഹകരണ പ്രസ്ഥാനം ഒരു നിക്ഷേപകന്റെയും പണം മടക്കിക്കൊടുക്കാതിരുന്നിട്ടില്ല എന്നത് ചെറിയ കാര്യമല്ല.

Eng­lish Sum­ma­ry: LDF govt Sup­port for coop­er­a­tive sec­tor; 500 crore con­ser­va­tion fund

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.