March 31, 2023 Friday

Related news

March 25, 2023
March 11, 2023
March 1, 2023
March 1, 2023
February 18, 2023
February 16, 2023
December 6, 2022
December 2, 2022
November 18, 2022
November 15, 2022

ചരിത്ര വിജയത്തിനൊരുങ്ങി ഇടുക്കിയിൽ എൽഡിഎഫ്

എവിൻ പോൾ
തൊടുപുഴ
December 4, 2020 11:01 am

ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളിലൊന്നാണ് ഇടുക്കി. ഈ മാസം എട്ടിന് വോട്ടർമാർ പോളിംഗ് ബൂത്തുകളിലേക്ക് എത്തുമ്പോൾ നഗരസഭ, ബ്ലോക്ക് പഞ്ചായത്തുകൾ, ഗ്രാമ പഞ്ചായത്തുകൾ വ്യത്യാസമില്ലാതെ വലിയ വിജയം നേടാനാകുമെന്ന പ്രതീക്ഷയിലാണ് ജില്ലയിലെ എൽഡിഎഫ് നേതൃത്വം. എൽഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് ശേഷം ജില്ലയിലെ പട്ടയ പ്രശ്നങ്ങളിൽ ഉൾപ്പെടെ സജീവമായ ഇടപെടൽ നടത്തിയത് ജനങ്ങൾക്ക് അത്രവേഗം മറക്കാനാവില്ല.

ജില്ലയിലെ ഭൂ പ്രശ്നങ്ങളിൽ ശാശ്വത പരിഹാരം ഉണ്ടാക്കുന്നതിനും അർഹരായ മുഴുവൻ കുടിയേറ്റ കർഷകർക്കും കൈവശ ഭൂമിക്ക് പട്ടയം നൽകുന്നതിനും നടപടികൾ സ്വീകരിച്ചാണ് എൽഡിഎഫ് സർക്കാർ വാഗ്ദാനം നിറവേറ്റിയത്. നിയമങ്ങളുടെയും ചട്ടങ്ങളുടെയും പേരിൽ പട്ടയം ലഭ്യമാക്കുന്നതിന് നിലനിന്നിരുന്ന നിയമ തടസങ്ങൾ ഒന്നൊന്നായി നീക്കിയാണ് ജില്ലയിൽ വിവിധ പട്ടയമേളകളിലൂടെ ജനങ്ങൾക്ക് അവരുടെ പട്ടയമെന്ന സ്വപ്നം നിറവേറ്റി നൽകിയത്. ഈ സർക്കാർ ഇതുവരെ ഇടുക്കി ജില്ലയിൽ ആറ് പട്ടയമേളകളിലൂടെ 30,000ത്തിലേറെ പട്ടയങ്ങൾ വിതരണം ചെയ്തു. ഇനിയും അവശേഷിക്കുന്ന 20,000 പേർക്കു കൂടി പട്ടയം നൽകുമെന്ന വാഗ്ദാനവും കഴിഞ്ഞ പട്ടയമേളയിൽ ജില്ലയിലെത്തിയ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ നൽകിയിരുന്നു. സംസ്ഥാനത്തെ തന്നെ ആദ്യ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ സംസ്ഥാന സർക്കാരിന്റെ സമ്പൂർണ്ണ വൈദ്യുതീകരണ പദ്ധതിയിലൂടെ കുടികളിൽ വൈദ്യുതി വെളിച്ചമെത്തി. മഴയും മലയും മണ്ണിനടിയിലാക്കിയ പെട്ടിമുടിയിലെ ജനങ്ങളുടെ സ്വപ്നങ്ങൾ നെഞ്ചിലേറ്റിയ സർക്കാർ രക്ഷപ്പെട്ടവർക്ക് മാസങ്ങൾക്കകം കുറ്റിയാർവാലിയിൽ ഭൂമി കണ്ടെത്തി പട്ടയവും വിതരണം ചെയ്തു. ഇവർക്കായി വീടുകളുടെ നിർമ്മാണവും ദ്രുതഗതിയിൽ പൂർത്തീകരിച്ച് വരികയാണ്. ഇടുക്കി ജില്ലയുടെ സ്വപ്നമായിരുന്ന മെഡിക്കൽ കോളജിന്റെ ആദ്യ ഘട്ട പ്രവർത്തനമെന്ന നിലക്ക് ഒ പി വിഭാഗത്തിന്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ അടുത്തിടെയാണ് നിർവഹിച്ചത്. മെഡിക്കൽ കോളജിൽ കൂടുതൽ വിപുലമായ ചികിത്സാ സൗകര്യങ്ങളും ഒ പി സംവിധാനങ്ങളും ആരംഭിക്കുകയും ചെയ്തു.

സിപിഐക്ക് ശക്തമായ വേരോട്ടമുള്ള മണ്ണാണ് ഇടുക്കിയിലെ ഹൈറേഞ്ച് മേഖല. ഇവിടെയെല്ലാം ഊർജ്വസ്വലരായ ചെറുപ്പക്കാരെയാണ് പാർട്ടി മത്സരിക്കാനാ‍യി അണിനിരത്തിയിരിക്കുന്നത്. ആകെ 8,95,109 വോട്ടർമാരാണ് ജില്ലയിലുള്ളത്. ജില്ലയിൽ സ്ത്രീ വോട്ടർമാരാണ് കൂടുതലും. 4,52,002 സ്ത്രീകളാണ് വോട്ടർമാരായിട്ടുള്ളത്. പുരുഷ വോട്ടർമാരുടെ എണ്ണം 4,43,105 ആണ്. രണ്ട് ട്രാൻസ്ജെൻഡേഴ്സും ഇതിൽ ഉൾപ്പെടുന്നു. ഇത്തവണ മുൻസിപ്പാലിറ്റി, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലായി ആകെ 3213 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. ആകെ 1453 ബൂത്തുകളാണുള്ളത്. 197 പ്രശ്നബാധിത ബൂത്തുകളുമുണ്ട്. വണ്ടിപ്പെരിയാറാണ് (81) ജില്ലയിൽ ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികളുള്ള പഞ്ചായത്ത്. 34 വീതം സ്ഥാനാർത്ഥികളുള്ള രാജാക്കാട്, പുറപ്പുഴ, രാജകുമാരി പഞ്ചായത്തുകളിലാണ് കുറവ്. ജില്ലയിൽ തെരഞ്ഞെടുപ്പ് അടുത്തതോടെ ചൂടേറിയ പ്രചാരണവുമായി എൽഡിഎഫ് സ്ഥാനാർത്ഥികൾ എല്ലായിടത്തും ഏറെ മുന്നേറിക്കഴിഞ്ഞു. ജില്ലയിൽ തൊടുപുഴ, കട്ടപ്പന എന്നീ രണ്ട് മുൻസിപ്പാലിറ്റികളാണുള്ളത്. തൊടുപുഴയിൽ 35 ഉം കട്ടപ്പനയിൽ 34 ഉം വാർഡുകൾ ചേർത്ത് ആകെ 69 വാർഡുകളിൽ സിപിഐ 11 വാർഡുകളിലാണ് മത്സരിക്കുന്നത്. തൊടുപുഴയിൽ നാലിടത്തും കട്ടപ്പനയിൽ 7 വാർഡുകളിലും. ജില്ലാ പഞ്ചായത്തിലേക്ക് ആകെ 16 ഡിവിഷനുകളിൽ സിപിഐ അഞ്ച് ഡിവിഷനുകളിൽ മത്സരിക്കുന്നുണ്ട്. അടിമാലി, മൂന്നാർ, ഉപ്പുതറ, പാമ്പാടുംപാറ, വണ്ടിപ്പെരിയാർ ഡിവിഷനുകളിലാണ് സിപിഐ മത്സരിക്കുന്നത്. സിപിഐ(എം) ഏഴ്, കേരള കോൺഗ്രസ് (എം) നാല് ഡിവിഷനുകളിലും ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്നുണ്ട്. ജോസ് കെ മാണി വിഭാഗവും ജോസഫ് വിഭാഗവും തമ്മിൽ ഏറ്റുമുട്ടുന്ന ഡിവിഷനുകളാണ് മുരിക്കാശ്ശരി, മൂലമറ്റം എന്നിവ. ജില്ലയിലെ എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലായി ആകെ 104 സീറ്റുകളാണുള്ളത്. ഇതിൽ 28ൽ സിപിഐ മത്സരിക്കുന്നുണ്ട്. ജില്ലയിൽ ആകെയുള്ള 52 പഞ്ചായത്തുകളിൽ ആകെ വരുന്ന 792 വാർഡുകളിൽ 185 വാർഡുകളിൽ സിപിഐ മത്സരരംഗത്തുണ്ട്. എൽഡിഎഫ് സർക്കാർ എന്തു ചെയ്തുവെന്നത് ജനങ്ങൾക്ക് നല്ല ബോധ്യമുണ്ട്, ഈ വിശ്വാസം എൽഡിഎഫിന്റെ വിജയത്തിൽ നിർണായകമാകുമെന്നും ജില്ലയിൽ ഇത്തവണ ചരിത്ര വിജയം നേടുമെന്നും എൽഡിഎഫ് ജില്ലാ കൺവീനറും സിപിഐ ജില്ലാ സെക്രട്ടറിയുമായ കെ കെ ശിവരാമൻ പറഞ്ഞു.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.