Web Desk

March 18, 2021, 2:44 pm

ഇടതോരം ചേർന്ന് പാലാ

Janayugom Online

എൻസിപിയുടെ മണ്ഡലമായിരുന്ന പാലായിൽ ഇത്തവണ ഇടത്പക്ഷത്തിന് വേണ്ടി കേരളകോൺഗ്രസ് നേതാവ് ജോസ് കെ മാണിയാണ് രംഗത്തിറങ്ങുക. മുൻ പാലാ എംഎൽഎ മാണി സി കാപ്പനാണ് യുഡി­എഫ് സ്ഥാനാർത്ഥി. എൻഡിഎയ്ക്ക് വേണ്ടി മുൻ വനിത കമ്മിഷൻ അംഗവും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ പ്രമീളാദേവിയാണ് രംഗത്തിറങ്ങുന്നത്.
ഏറെ കാലങ്ങൾക്ക് ശേഷമുണ്ടായ ഇടത് ചായ്­വ് ഇനിയും ആവർത്തിക്കാനൊരുങ്ങുകയാണ് പാലായിൽ. കെ എം മാണിയുടെ മരണത്തിന് ശേഷം നടന്ന ഉപതെരഞ്ഞെടുപ്പിലായിരുന്നു പാലാ ഇടതിനോട് ആഭിമുഖ്യം കാട്ടി തുടങ്ങിയത്. പിന്നീട് ആ ചായ്­വ് തദ്ദേശ തെരഞ്ഞെടുപ്പിലും ആവർത്തിച്ചു. ചരിത്രത്തിലാദ്യമായി പാലാ നഗരസഭ ഇടതുപക്ഷത്തിനൊപ്പം ചേർന്നു. 

ഒരിക്കലും എൽഡിഎഫ് ജയിക്കില്ലെന്ന് പലരും വിധിയെഴുതിയ മണ്ഡലമായിരുന്നു പാലാ. എന്നാൽ ഇടതിനൊപ്പം ചേരാനും മടിയില്ലെന്ന് സൂചിപ്പിച്ചായിരുന്നു 2019ലെ ഉപതെരഞ്ഞെടുപ്പിൽ പാലാ ആദ്യമായി ചുവന്നത്. മണ്ഡലം രൂപീകരിച്ചത് 1965ൽ. തുടർന്നങ്ങോട്ട് അരനൂറ്റാണ്ടിലേറെ നീണ്ട കെ എം മാണി യുഗമായിരുന്നു ഇവിടെ. പാലാ നഗരസഭ, ഭരണങ്ങാനം, കടനാട്, കരൂർ, കൊഴുവനാൽ, മീനച്ചിൽ, മേലുകാവ്, മൂന്നിലവ്, മുത്തോലി, രാമപുരം, തലനാട്, തലപ്പലം, എലിക്കുളം പഞ്ചായത്തുകളും ചേർന്നതാണ് പാലാ മണ്ഡലം. ഇതിൽ പാലാ നഗരസഭയും കരൂർ, കടനാട്, തലനാട്, മീനച്ചിൽ, എലിക്കുളം, കൊഴുവനാൽ പഞ്ചായത്തുകളും എൽഡിഎഫ് ഭരിക്കുന്നു. ഭരണങ്ങാനം, രാമപുരം, മേലുകാവ്, മൂന്നിലവ്, തലപ്പലം പഞ്ചായത്തുകളിൽ യുഡിഎഫും. മുത്തോലി പഞ്ചായത്ത് ബിജെപിക്കുമാണ്. കെ എം മാണിയുടെ മരണത്തിനു ശേഷമുണ്ടായ രാഷ്ട്രീയ സംഭവ വികാസങ്ങളിലൂടെ ഏറെ ശ്രദ്ധനേടിയ മണ്ഡലമാണിത്. 2019ൽ ഇടത് സ്ഥാനാർത്ഥിയായി വിജയിച്ച മാണി സി കാപ്പൻ ഇത്തവണ കാലുമാറി യുഡിഎഫിലെത്തിയതും പാലായിലെ പുതു രാഷ്ട്രീയ ചരിത്രം. 

ഇതിനിടെ ഉപതെരഞ്ഞെടുപ്പിന് ശേഷം പാലായിലെ പ്രമുഖരായ കേരള കോൺഗ്രസ് എം ജോസ് കെ മാണിയുടെ നേതൃത്വത്തിൽ എൽഡിഎഫിലെത്തി. പാലായിൽ കേരള കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് ചരിത്രം തുടങ്ങുന്നതേ ഒറ്റക്ക് നിന്ന് നേടിയ വിജയത്തോടെയാണ്. 1965ലും, 67ലും 70ലും കേരള കോൺഗ്രസ് ഒറ്റക്ക് മത്സരിച്ചു. 1965ലെ ആദ്യ തെരഞ്ഞെടുപ്പിൽ കെ എം മാണിക്ക് ലഭിച്ച ഭൂരിപക്ഷം 9,885. പിന്നീട് ആ ഭൂരിപക്ഷം ഏറിയും കുറഞ്ഞും നിന്നെങ്കിലും വിജയം ഒരിക്കലും കെ എം മാണിയെ കൈവിട്ടില്ല. 1970ൽ മാണി ജയിച്ചത് വെറും 364 വോട്ടിനായിരുന്നു. കോൺഗ്രസിലെ എം എം ജേക്കബായിരുന്നു മാണിയെ അന്ന് വിറപ്പിച്ചത്. 

1980ൽ കെ എം മാണി ഇടതുപക്ഷത്തു നിന്ന് മത്സരിച്ചപ്പോഴും എതിരാളിയായി എം എം ജേക്കബ് എത്തി. പക്ഷേ അപ്പോഴേക്കും കേരള രാഷ്ട്രീയത്തിലെ കരുത്തനായി മാറിക്കഴിഞ്ഞിരുന്ന മാണിയോട് എം എം ജേക്കബ് 4,566 വോട്ടിന് പരാജയപ്പെട്ടു. 1996ൽ സി കെ ജീവനെ തോൽപിച്ച് നേടിയ 23,780 വോട്ടിന്റെ ഭൂരിപക്ഷമാണ് കെ എം മാണിക്ക് പാലാ നൽകിയ ഏറ്റവും വലിയ ഭൂരിപക്ഷം. 2006 മുതൽ മാണി സി കാപ്പനായിരുന്നു കെ എം മാണിയുടെ എതിരാളി. വലത് കുത്തകയായിരുന്ന മണ്ഡലത്തിന് ഇപ്പോൾ ഇടതു മനസാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ പാലാ നഗരസഭയിൽ ആദ്യമായി എൽഡിഎഫ് അധികാരത്തിലേറി. മണ്ഡലത്തിൽ മൊത്തം വോട്ടുകളിൽ എൽഡിഎഫ് മുന്നിലായി. വോട്ട് നില 2016 നിയമസഭാ തെരഞ്ഞെടുപ്പ് യുഡിഎഫ് – 58,884 എൽഡിഎഫ് – 54,181. 2019 ഉപതെരഞ്ഞെടുപ്പ് യുഡിഎഫ് – 51,194 എൽഡിഎഫ് – 54,137. 2019 ലോക്‌സഭ യുഡിഎഫ് – 66,971. എൽഡിഎഫ് – 33,499. 2020 തദ്ദേശ തെരഞ്ഞെടുപ്പ് യുഡിഎഫ് – 47,994 എൽഡിഎഫ് – 57,357.

ENGLISH SUMMARY:ldf in pala
You may also like this video