Web Desk

തിരുവനന്തപുരം :

November 16, 2020, 10:28 pm

താക്കീതായി എൽഡിഎഫ് ജനകീയ പ്രതിരോധം

വികസന പദ്ധതികളെ തകർക്കാൻ അനുവദിക്കില്ല
Janayugom Online
എൽഡിഎഫ് നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധസായാഹ്നം കോട്ടയം തിരുനക്കര പഴയ പൊലീസ് സ്റ്റേഷന്‍ മൈതാനത്ത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

കേരളത്തിന്റെ അഭിമാന വികസന പദ്ധതികളെ തകർക്കാൻ അനുവദിക്കില്ലെന്ന താക്കീതുമായി എൽഡിഎഫ് ജനകീയ പ്രതിരോധം. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച്‌ കേരളത്തിന്റെ വികസന പദ്ധതികളെ തകർക്കാനുള്ള നീക്കത്തിനെതിരെ എൽഡിഎഫ്‌ സംഘടിപ്പിച്ച ജനകീയ പ്രതിരോധം യഥാർത്ഥത്തിൽ വികസനത്തെ തകർക്കുന്നവർക്കുള്ള മുന്നറിയിപ്പായി. സംസ്ഥാനത്തെ ഇരുപത്തയ്യായിരത്തിലധികം ബൂത്ത്‌ കേന്ദ്രങ്ങളിലായി 25 ലക്ഷത്തിലേറെ ജനങ്ങളാണ്‌ സമരത്തിന്റെ ഭാഗമായത്.

കേരളത്തിന്റെ വികസന നേട്ടങ്ങളെ തുരങ്കം വയ്‌ക്കാൻ പരസ്‌പരം കൈകോർത്ത കോൺഗ്രസിനും ബിജെപിക്കുമെതിരായ നാടിന്റെ വികാരം ഓരോ പ്രതിഷേധ കേന്ദ്രങ്ങളിലും പ്രകടമായിരുന്നു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സാമൂഹ്യ അകലം പാലിച്ച്‌ നൂറിലധികം പേരാണ്‌ ഓരോ ബൂത്ത്‌ കേന്ദ്രങ്ങളിലും പ്രതിഷേധനിര തീർത്തത്‌. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കോട്ടയത്തും എല്‍ഡിഎഫ്‌ കൺവീനർ എ വിജയരാഘവൻ, സിപിഐ ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, സംസ്ഥാന അസി.സെക്രട്ടറി കെ പ്രകാശ് ബാബു എന്നിവർ തിരുവനന്തപുരത്തും പ്രതിരോധം ഉദ്ഘാടനം ചെയ്തു. സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി കൊല്ലത്തും സംസ്ഥാന അസി.സെക്രട്ടറി സത്യൻ മൊകേരി പത്തനംതിട്ടയിലും പ്രതിഷേധത്തിന്റെ ഭാഗമായി. വിവിധ കേന്ദ്രങ്ങളിൽ പ്രമുഖ എല്‍ഡിഎഫ്‌ നേതാക്കൾ സമരത്തിന്റെ ഭാഗമായി പങ്ക് ചേർന്നു.

ഇടതുമുന്നണി അധികാരത്തിൽ തുടരണമെന്ന യാഥാർത്ഥ്യം ജനം മുന്നിൽ കാണുന്നു: കാനം

കേരളത്തിന്റെ സമഗ്രവികസനത്തിനും പുരോഗതിക്കും ഇടതുമുന്നണി വീണ്ടും അധികാരത്തിൽ വരണമെന്ന യാഥാർത്ഥ്യം ജനം മുന്നിൽ കാണുന്നുവെന്നും അത് ഉറപ്പാക്കാനുള്ള ഒരുക്കങ്ങൾ ജനങ്ങൾ നടത്തുന്നുണ്ടെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഇത് മുന്നില്‍ കണ്ടുകൊണ്ട് സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങളെ എങ്ങനെ തടസപ്പെടുത്താം എന്ന ഗവേഷണമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്, കാനം പറഞ്ഞു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ തടസപ്പെടുത്തുന്നതിരെ എൽഡി എഫ് നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധസായാഹ്നം കോട്ടയത്ത് പഴയ പൊലീസ് സ്റ്റേഷന്‍ മൈതാനത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കാനം രാജേന്ദ്രന്‍.

നയതന്ത്രബാഗേജിലൂടെ സ്വർണം കടത്തിയതില്‍ സംസ്ഥാന സർക്കാരിനെ എങ്ങനെ പങ്കാളിയാക്കാം എന്ന ചർച്ചയാണ് നടക്കുന്നത്. കേന്ദ്ര ഏജൻസികളുടെ പരാജയം മൂലമാണ് സ്വർണ്ണക്കടത്ത് നടന്നത്. അത് മറച്ചുവച്ച് നിയമസഭാ തെരഞ്ഞെടുപ്പുവരെ ആരോപണങ്ങൾ വലിച്ച് നീട്ടാനും പുകമറയില്‍ സര്‍ക്കാരിനെ നിര്‍ത്താനുമാണ് കേന്ദ്ര ഏജൻസികളുടെ ശ്രമം. ഇക്കാര്യത്തില്‍ കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ നിലപാട് ലജ്ജാകരമാണ്. കേന്ദ്ര ഏജൻസികൾ എന്ത് നടപടിയാണ് ബിജെപി ഇതര സംസ്ഥാനങ്ങളിൽ നടത്തുന്നത് എന്ന് കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് ഇതുവരെയും മനസിലായിട്ടുമില്ല, കാനം വിശദീകരിച്ചു. ബിജെപിക്കൊപ്പമെങ്കില്‍ കേസുകളില്‍ നിന്ന് ഒഴിവാക്കുക അല്ലെങ്കില്‍ അഴിക്കുള്ളില്‍ ആക്കുക എന്നതാണ് കേന്ദ്രഏജന്‍സികളുടെ നിലപാട്. എതിര്‍ക്കുന്നത് ഇത്തരത്തിലുള്ള രാഷ്ട്രീയ പക്ഷപാതിത്വത്തെയാണെന്നും കാനം വ്യക്തമാക്കി. സിപിഐ(എം) ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ അധ്യക്ഷത വഹിച്ചു.

ENGLISH SUMMARY: LDF JANAKIYA PROTEST

YOU MAY ALSO LIKE THIS VIDEO