Web Desk

കണ്ണൂർ/മാനന്തവാടി/കൊച്ചി:

February 16, 2021, 10:40 pm

ജനസഞ്ചയം വരവേറ്റ് ജനമുന്നേറ്റ ജാഥകൾ

Janayugom Online

കേരളത്തിൽ എൽഡിഎഫ് തുടർഭരണം ഉറപ്പാണെന്ന പ്രഖ്യാപനവുമായി വികസന മുന്നേറ്റ ജാഥകളിലെ ജനസഞ്ചയം. വർധിതാവേശത്തോടെയാണ് ഓരോ സ്വീകരണ കേന്ദ്രങ്ങളും പിന്നിട്ട് ജാഥകൾ മുന്നേറുന്നത്. ജനക്ഷേമം സാർത്ഥകമാക്കിയ പദ്ധതികൾക്കും കരുതലോടെ ചേർത്തുപിടിച്ച സർക്കാരിനുമുള്ള പിന്തുണയുടെ തെളിവായി ഓരോ സ്വീകരണ കേന്ദ്രങ്ങളിലെയും ജനപ്രവാഹം. വടക്കൻ മേഖല വികസന മുന്നേറ്റ ജാഥ കണ്ണൂർ ജില്ലയിലെ ഉജ്ജ്വല പര്യടനം പൂർത്തിയാക്കി ഇന്ന് വയനാട് ജില്ലയില്‍ പ്രവേശിച്ചു. ജില്ലാ അതിർത്തിയായ തലപ്പുഴയിൽ സിപിഐ ജില്ലാ സെക്രട്ടറി വിജയൻ ചെറുകര, സിപിഐ(എം) ജില്ലാ സെക്രട്ടറി പി ഗഗാറിൻ തുടങ്ങിയ എൽഡിഎഫ്‌ ജില്ലാ നേതാക്കൾ ജാഥയെ സ്വീകരിച്ചു. വയനാട്ടിലെ ആദ്യസ്വീകരണ സ്ഥലമായ മാനന്തവാടിയില്‍ ജാഥയ്ക്ക് ഉജ്ജ്വലവരവേല്‍പ്പാണ് ലഭിച്ചത്. കണ്ണൂർ ഇരിട്ടിയിലെ സ്വീകരണത്തിന് ശേഷമാണ് ജാഥ വയനാട് ജില്ലയിൽ പ്രവേശിച്ചത്. ഇന്ന് രാവിലെ സുൽത്താൻ ബത്തേരിയിലും, കൽപറ്റയിലും പര്യടനം നടത്തി ജാഥ കോഴിക്കോട് ജില്ലയിലേക്ക് പ്രവേശിക്കും. ഇന്ന് രാവിലെ പിണറായിയിൽ നിന്നാണ് ജാഥ പര്യടനം തുടങ്ങിയത്.

നൂറുകണക്കിന് ജനങ്ങളുടെയും വളണ്ടിയർമാരുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാണ് ജാഥാ ലീഡർ എ വിജയരാഘവൻ ഉൾപ്പെടെയുള്ളവരെ സ്വീകരിച്ചത്. പിണറായി കൺവെൻഷൻ സെന്ററിൽ നടന്ന യോഗത്തിൽ എൻ ബാലൻ അധ്യക്ഷനായി. തുടർന്ന് പാനൂരിലായിരുന്നു സ്വീകരണം. പി കെ പ്രവീൺ അധ്യക്ഷനായി. സമാപന കേന്ദ്രമായ ഇരിട്ടിയിൽ കെ ടി ജോസ് അധ്യക്ഷനായി. സ്വീകരണ കേന്ദ്രങ്ങളിൽ ജാഥ ലീഡർക്ക് പുറമെ ജാഥ മാനേജറും സിപിഐ ദേശീയ കൗൺസിൽ അംഗവുമായ കെ പി രാജേന്ദ്രൻ, അംഗങ്ങളായ പി സതീദേവി, കെപി മോഹനൻ, പി ടി ജോസ്, കാസിം ഇരിക്കൂർ, കെ ലോഹ്യ, പി കെ രാജൻ മാസ്റ്റർ, യു ബാബു ഗോപിനാഥ്, അഡ്വ. എ ജെ ജോസഫ്, ബിനോയ് ജോസഫ്, ജോസ് ചെമ്പേരി എന്നിവർ പ്രസംഗിച്ചു. മന്ത്രി കെ കെ ശൈലജ, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി എൻ ചന്ദ്രൻ, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എ പ്രദീപൻ, സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ തുടങ്ങിയവരും സന്നിഹിതരായി. തെക്കന്‍ മേഖലാ വികസന മുന്നേറ്റ ജാഥയ്ക്ക് മൂന്നാം ദിനത്തിലും എറണാകുളം ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ ഉജ്ജ്വല സ്വീകരണങ്ങളാണ് ലഭിച്ചത്. കാര്‍ഷിക മേഖലയായ ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളിലായിരുന്നു ബിനോയ് വിശ്വം എംപി ക്യാപ്റ്റനായുള്ള ജാഥയുടെ ഇന്നലത്തെ പര്യടനം. പെരുമ്പാവൂരിലായിരുന്നു ആദ്യ സ്വീകരണം.

സിപിഐ(എം) ജില്ലാ സെക്രട്ടേറിയറ്റംഗം എന്‍ സി മോഹനന്‍ അധ്യക്ഷത വഹിച്ചു. തുടർന്ന് കോലഞ്ചേരി, പിറവം, മൂവാറ്റുപുഴ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം കോതമംഗലത്ത് സമാപിച്ചു. കോലഞ്ചേരിയിൽ സി ബി ദേവദര്‍ശനനും പിറവത്ത് സി എന്‍ സദാമണിയും മുവാറ്റുപുഴയില്‍ എന്‍ അരുണും കോതമംഗലത്ത് എ ആര്‍ വിനയനും അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി പി രാജു, സിപിഐ (എം) ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ എന്നിവരും ജില്ലയിലെ എല്‍ഡിഎഫ് ഘടകകക്ഷിനേതാക്കളും ജാഥയോടൊപ്പമുണ്ടായിരുന്നു. ജാഥാ ക്യാപ്റ്റനു പുറമെ അംഗങ്ങളായ എം വി ഗോവിന്ദന്‍ മാസ്റ്റര്‍, പി വസന്തം, തോമസ് ചാഴിക്കാടന്‍ എം പി, സാബു ജോര്‍ജ്, വര്‍ക്കല ബി രവികുമാര്‍, മാത്യൂസ് കോലഞ്ചേരി, വി സുരേന്ദ്രന്‍പിള്ള, എം വി മാണി, അബ്ദുള്‍ വഹാബ്, ഡോ. ഷാജി കടമല, ജോര്‍ജ് അഗസ്റ്റിന്‍ എന്നിവരും വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു. ജാഥ നാളെ ഇടുക്കി ജില്ലയില്‍ പ്രവേശിക്കും. രാവിലെ 10ന് അടിമാലി, 11ന് നെടുങ്കണ്ടം, വൈകിട്ട് മൂന്നിന് കട്ടപ്പന, ആറിന് വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളിലാണ് ഇന്നത്തെ സ്വീകരണം.

ENGLISH SUMMARY: LDF JANAMUTTETA JADHA 0N 17-02-2021

YOU MAY ALSO LIKE THIS VIDEO