Monday
27 May 2019

യാത്രകള്‍ രാജ്യത്തെയും കേരളത്തെയും രക്ഷിക്കാന്‍

By: Web Desk | Thursday 14 February 2019 8:00 AM IST


യു വിക്രമന്‍

ടതു-ജനാധിപത്യ മുന്നണി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന കേരള സംരക്ഷണ യാത്രയ്ക്ക് ഇന്ന് തുടക്കമാവുകയാണ്. ‘മോഡിയെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ’ എന്ന മുഖ്യ മുദ്രാവാക്യമുയര്‍ത്തിയാണ് യാത്രകള്‍. സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേതൃത്വം നല്‍കുന്ന തെക്കന്‍ മേഖലാ ജാഥ ഇന്ന് വൈകിട്ട് പൂജപ്പുരയില്‍ സിപിഐ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി ഉദ്ഘാടനം ചെയ്യും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിക്കുന്ന വടക്കന്‍ മേഖലാ ജാഥ 16ന് വൈകിട്ട് മഞ്ചേശ്വരത്ത് സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. ഇരു ജാഥകളും വന്‍ റാലിയോടെ മാര്‍ച്ച് രണ്ടിന് തൃശൂരില്‍ സമാപിക്കും.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ഇനി ആഴ്ചകള്‍ മാത്രം ബാക്കി. ഏറെ നിര്‍ണായകമാണ് ഈ തെരഞ്ഞെടുപ്പ്. കാരണങ്ങള്‍ പലതാണ്. ജനാധിപത്യ, മതേതര ചിന്താധാരയില്‍ അധിഷ്ഠിതമായ ഭരണഘടനാ മൂല്യങ്ങള്‍ അട്ടിമറിച്ച് വര്‍ഗീയതയുടെയും ഫാസിസത്തിന്റെയും കോര്‍പറേറ്റ് താല്‍പര്യങ്ങളുടെയും സ്വഭാവം കൈവരിച്ചിരിക്കുന്ന ഭരണകൂടത്തെക്കുറിച്ച് കടുത്ത ഉത്കണ്ഠകളാണ് അതില്‍ പ്രധാനം. നാലരവര്‍ഷത്തിനിടയില്‍ കുറേയേറെ ഭയങ്ങള്‍ സൃഷ്ടിച്ചതല്ലാതെ ജനതയ്ക്ക് സാന്ത്വന സ്പര്‍ശം നല്‍കിയില്ലെന്നതാണ് യാഥാര്‍ഥ്യം.
അസഹിഷ്ണുതയുടെയും ആള്‍ക്കൂട്ട അതിക്രമത്തിന്റെയും വര്‍ഗീയ ധ്രുവീകരണത്തിന്റെയും നാളുകളാണ് പിന്നിട്ടത്. ഭൂരിപക്ഷവര്‍ഗീയതയുടെ മേല്‍ക്കോയ്മയ്ക്കിടയില്‍ ദളിത്, ന്യൂനപക്ഷങ്ങള്‍ കടുത്ത ഭയപ്പാടിലാണ്. സ്വേച്ഛാധിപത്യ സ്വഭാവം തെളിഞ്ഞുകത്തുന്ന സ്വഭാവത്തിനിടയില്‍, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങള്‍ പോലും കടുത്ത വെല്ലുവിളി നേരിടുന്നു. അഴിമതിക്കെതിരെ നടന്ന മുന്നേറ്റത്തിനു മുന്നില്‍ക്കയറി അധികാരത്തിലേക്ക് നടന്നവരുടെ പ്രതിച്ഛായയില്‍പേലും റഫാലും റിലയന്‍സ്, അഡാനി അവിഹിത ബന്ധവുമെല്ലാം കരിപടര്‍ന്നിരിക്കുന്നു. തൊഴിലിനും പുതിയ അവസരങ്ങള്‍ക്കും വേണ്ടിയുള്ള യുവാക്കളുടെ അഭിലാഷം മോഡിത്തിര സൃഷ്ടിച്ച 2014 ല്‍ നിന്ന് നൈരാശ്യത്തിലേക്ക് വഴുതി നില്‍ക്കുന്ന 2019 ലാണ് രാജ്യം എത്തി നില്‍ക്കുന്നത്.
നോട്ട് അസാധുവാക്കല്‍, ജിഎസ്ടി വൈകല്യങ്ങള്‍, മാന്ദ്യം, വിലക്കയറ്റം എന്നിങ്ങനെ പല വിഷയങ്ങളില്‍ തളര്‍ന്നു നില്‍ക്കുന്നു നമ്മുടെ സമ്പദ് രംഗം. സംഘ് പരിവാര്‍ നിയന്ത്രിത അജണ്ടകളുമായി അധികാരത്തിന്റെ രണ്ടാമൂഴം നേടാനൊരുങ്ങുന്ന മോഡിയും ബിജെപിയും ഇന്ന് നേരിടുന്നത് രുചിക്കാത്ത യാഥാര്‍ഥ്യങ്ങളാണ്. അഞ്ചു വര്‍ഷം കൊണ്ട് മോഡി വികസന പുരുഷനെന്ന പ്രതീതി കെട്ടുപോകുകയും ഭരണ വിരുദ്ധ വികാരം രൂപപ്പെടുകയും ചെയ്തിരിക്കുന്നു. കോണ്‍ഗ്രസ് മുക്ത ഭാരത മുദ്രാവാക്യം ഉയര്‍ത്തിയ കാലം മാറി.
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലായി അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍, ഹിന്ദി ഹൃദയ ഭൂമിയില്‍ കൈയടക്കിവച്ച മൂന്നു സംസ്ഥാനങ്ങളിലും ബിജെപിക്ക് ഭരണം നഷ്ടപ്പെട്ട് കോണ്‍ഗ്രസ് അധികാരത്തിലേറി. ബിജെപിക്ക് മുന്നില്‍ ഓച്ചാനിച്ചു നിന്ന സഖ്യ കക്ഷികള്‍ മസില്‍ പെരുക്കി തുടങ്ങി. പ്രധാന സഖ്യകക്ഷിയായ ശിവസേനയുടെ പോര്‍വിളി ഉച്ചത്തിലായി. ആന്ധ്രാപ്രദേശിലെ ടിഡിപി, ജമ്മു-കശ്മീരിലെ പിഡിപി, ബിഹാറിലെ ആര്‍എല്‍എസ്പി എന്നിങ്ങനെ പല കക്ഷികള്‍ എന്‍ഡിഎ വിട്ടു. നാലരവര്‍ഷത്തിനിടയില്‍ ഡസനോളം പാര്‍ട്ടികളാണ് എന്‍ഡിഎ വിട്ടത്. കേരളത്തില്‍ നിന്ന് പി സി തോമസ് അടക്കം എഴുതിക്കൂട്ടിയാല്‍ 44 പാര്‍ട്ടികള്‍ എന്‍ഡിഎ പക്ഷത്തുണ്ടെങ്കിലും ലോക്‌സഭയിലോ രാജ്യസഭയിലോ ചുരുങ്ങിയത് ഒരു എംപിയെങ്കിലും ഉള്ള പാര്‍ട്ടികള്‍ 12 മാത്രം.
കഴിഞ്ഞ തെരഞ്ഞെടുപ്പ് വേളയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും മോഡി സര്‍ക്കാര്‍ നടപ്പാക്കിയില്ല. തൊഴിലില്ലായ്മ പരിഹരിക്കാനോ, വിലക്കയറ്റം തടയാനോ, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനോ, നടപടിയൊന്നും ഉണ്ടായില്ല. ‘ചെറിയ സര്‍ക്കാര്‍, മെച്ചപ്പെട്ട ഭരണം’ എന്ന മുദ്രാവാക്യം എങ്ങുമെത്തിയില്ല. കേന്ദ്രസര്‍ക്കാരിന്റെ ബജറ്റ് വെറും തെരഞ്ഞെടുപ്പ് പ്രകടന പത്രികയാണ്.

ജനപക്ഷത്ത് നിന്ന് പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാരാണ് കേരളത്തിലെ ഇടതു ജനാധിപത്യ മുന്നണിയുടേത്. ജനങ്ങളോടുള്ള വാക്ക് പാലിച്ചുതന്നെയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ഏറ്റവും ഒടുവിലത്തെ സംസ്ഥാന ബജറ്റ് കേരളത്തിന്റെ വികസനത്തിന് ഒരു പുത്തന്‍പാത തുറന്നിരിക്കുന്നു.

റവന്യു വകുപ്പ് നാളിതുവരെ 102762 പേര്‍ക്ക് പട്ടയം നല്‍കിക്കഴിഞ്ഞു. ലാന്റ് ട്രിബ്യൂണലുകള്‍ വഴി 51000 പേര്‍ക്ക് ക്രയസര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. 01.01.77ന് മുമ്പ് വനഭൂമി കൈവശം വച്ചിരിക്കുന്ന പട്ടികവര്‍ഗക്കാര്‍ക്ക് കേവലം കൈവശരേഖ നല്‍കിയിരുന്ന രീതി അവസാനിപ്പിച്ച് അവര്‍ക്ക് സമ്പൂര്‍ണ പട്ടയം നല്‍കി. കഴിഞ്ഞ സര്‍ക്കാര്‍ നല്‍കിയതിന്റെ ഇരട്ടിയോളം പട്ടയങ്ങള്‍ ഒരു കാലയളവിനുള്ളില്‍ തന്നെ നല്‍കിക്കഴിഞ്ഞു. ഉപാധിരഹിത പട്ടയമെന്ന ദീര്‍ഘകാല ആവശ്യം 1964 ലെ ഭൂമിപതിവ് ചട്ടങ്ങള്‍ ഭേദഗതി ചെയ്തുകൊണ്ട് നടപ്പാക്കി. പട്ടയം ലഭിക്കുന്നതിനുണ്ടായിരുന്ന വരുമാന പരിധി ഒഴിവാക്കി. സാധാരണക്കാര്‍ക്ക് പതിച്ചുകിട്ടുന്ന ഭൂമി എല്ലാത്തരം ബാങ്കുകളിലും ഈട് വച്ച് ലോണ്‍ എടുക്കാന്‍ കഴിയുന്ന തരത്തില്‍ ചട്ടങ്ങള്‍ ഭേദഗതി ചെയ്തു. പട്ടയ ഭൂമിയില്‍ കൃഷിക്കാര്‍ വച്ച് പിടിപ്പിക്കുന്ന ചന്ദനം ഒഴികെയുള്ള മരങ്ങളുടെ അവകാശം കൃഷിക്കാര്‍ക്ക് തന്നെ നല്‍കി. ഈ നടപടികള്‍ക്കൊപ്പം വന്‍കിട കയ്യേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചു.
കേരളത്തിന്റെ വികസനം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ വിവിധ വകുപ്പുകള്‍ നടപ്പാക്കിവരികയാണ്.

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്താനും ശബരിമല വിഷയം ഉയര്‍ത്തി സംസ്ഥാനത്ത് കലാപം ഉണ്ടാക്കാനുമാണ് കോണ്‍ഗ്രസും ബിജെപിയും ശ്രമിക്കുന്നത്. ഈ ഗൂഢനീക്കം തിരിച്ചറിയണം. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ തുറന്നുകാട്ടാനും, കേരള സര്‍ക്കാരിന്റെ ജനപക്ഷ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാനുമാണ് കേരള സംരക്ഷണയാത്രകള്‍. അവ വിജയിപ്പിക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞു. ഈ യാത്രകളെ ജനം നെഞ്ചിലേറ്റുമെന്ന് ഉറപ്പ്.