Web Desk

കാസര്‍കോട്‌

March 10, 2021, 7:27 pm

ജനഹൃദയങ്ങള്‍ കീഴടക്കാന്‍ എല്‍ ഡിഎഫ്‌ സ്ഥാനാര്‍ത്ഥികള്‍ പര്യടനം ആരംഭിച്ചു

Janayugom Online

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന്‌ പിന്നാലെ എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥികള്‍ പര്യടനം ആരംഭിച്ചു. ഇന്നലെ മണ്‌ഡലത്തിലെ പ്രമുഖ നേതാക്കളെ കണ്ട്‌ അനുഗ്രഹം വാങ്ങിയും പ്രവര്‍ത്തകരെ കണ്ടുമാണ്‌ ഇന്നലെ പര്യടനം നടത്തിയത്‌.
കാഞ്ഞങ്ങാട്‌ മണ്‌ഡലം എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥി ഇ ചന്ദ്രശേഖരന്‍ ഇന്നലെ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ്‌ നേതാവ്‌ അതിയാമ്പൂരിലെ എ.കെ നാരായണനെ കണ്ടാണ്‌ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കം കുറിച്ചത്‌. സി.പി.ഐ എം സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ സെക്രട്ടറിയുമായിരുന്ന എ.കെ നാരായണന്‍ വാര്‍ധക്യ സഹജമായ അസുഖം മൂലം വീട്ടില്‍ വിശ്രമത്തിലാണ്‌. കഴിഞ്ഞ ദിവസം സംസ്ഥാന കൗണ്‍സില്‍ യോഗം കഴിഞ്ഞെത്തിയ ഇ. ചന്ദ്രശേഖരന്‍ സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, സി.പി.എം ഏരിയ സെക്രട്ടറി കെ. രാജ്‌മോഹന്‍ , രതീഷ്‌ നെല്ലിക്കാട്ട്‌ എന്നിവര്‍ക്കൊപ്പമാണ്‌ അതിയാമ്പൂരിലെ വീട്ടിലെത്തി ഏ കെ നാരായണനെ കണ്ടത്‌. എ കെ നാരായണന്റെ ഭാര്യ ഇന്ദിരയും ഇളയ മകള്‍ സീമയും പേരക്കുട്ടികളും ചേര്‍ന്ന്‌ സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചു.

 ഇ ചന്ദ്രശേഖരന്‍ മുതിര്‍ന്ന സിപിഎം നേതാവ്‌ എകെ നാരായണന്റെ വീട്ടില്‍ നിന്നും തെരഞ്ഞെടുപ്പ്‌ പ്രചരണത്തിന്‌ തുടക്കം കുറിക്കുന്നു

ഇടതുപക്ഷ ജനാധിപത്യ മുന്നണി ഉദുമ നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി അഡ്വ. സി.എച്ച്‌ കുഞ്ഞമ്പു സിപിഎം ഗ്രാമമായ ബേഡകത്ത്‌ പര്യടനം ആരംഭിച്ചു. മുന്‍ എം എല്‍എയും മുതിര്‍ന്ന സിപിഎം നേതാവുമായ പി.രാഘവനെ വീട്ടില്‍ ചെന്ന്‌ കണ്ട്‌ അനുഗ്രഹം വാങ്ങി. തുടര്‍ന്ന്‌ കുറ്റിക്കോല്‍, ബേഡഡുക്ക പഞ്ചായത്തിലെ പ്രധാനപ്പെട്ട ടൗണുകളില്‍ പര്യടനം നടത്തി.

എല്‍ഡിഎഫ്‌ ഉദുമ മണ്‌ഡലം സ്ഥാനാര്‍ത്ഥി അഡ്വ. സി എച്ച്‌ കുഞ്ഞമ്പു കുണ്ടംകുഴിയില്‍ വോട്ട്‌ അഭ്യര്‍ത്ഥിക്കുന്നു
കയ്യൂര്‍ രക്തസാക്ഷികളുടെ മണ്ണില്‍ നിന്നാണ്‌ തൃക്കരിപ്പൂര്‍ മണ്ഡലം എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥി എം രാജഗോപാലന്‍ പര്യടനം ആരംഭിച്ചത്‌. എല്‍ഡിഎഫ്‌ നേതാക്കള്‍ക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം കയ്യൂര്‍ രക്തസാക്ഷി മണ്ഡപത്തില്‍ എത്തി പുഷ്‌പാര്‍ചന നടത്തിയാണ്‌ മണ്ഡലത്തിലെ പര്യടനത്തിന്‌ തുടക്കം കുറിച്ചത്‌. എല്‍ഡിഎഫ്‌ തൃക്കരിപ്പൂര്‍ മണ്ഡലം സെക്രട്ടറി സാബു എബ്രഹാം, ജില്ലാ കെ പി വത്സലന്‍, പി.ജനാര്‍ദ്ദനന്‍, കെ സുധാകരന്‍, വിജയന്‍, കുര്യാക്കോസ്‌ പ്ലാപറമ്പില്‍, കെ ബാലകൃഷ്‌ണന്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന്‌ ചീമേനി രക്തസാക്ഷികളുടെ സ്‌മൃതിമണ്ഡപത്തിലും പുഷ്‌പാര്‍ച്ചന നടത്തി. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം മണ്ഡലത്തിലെ ജനപ്രതിനിഥിയായി നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയ എം രാജഗോപാലന്‍ ജനങ്ങള്‍ക്ക്‌ സുപരിചിതനാണ്‌. ഉറപ്പാണ്‌ എല്‍ഡിഎഫ്‌ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച്‌ ഇനിയുള്ള ദിവസങ്ങളില്‍ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ എത്തും.