തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധവും, മതം നോക്കി പൗരത്വം നിശ്ചയിക്കാൻ വ്യവസ്ഥ ചെയ്യുന്നതുമായ പൗരത്വ ഭേദഗതി ബില്ലിനെതിരെ ഡിസംബർ 19 ന് വൈകിട്ട് ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിക്കാൻ എൽഡിഎഫ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. രാജ്യത്തിന്റെ മതനിരപേക്ഷതയെ തകർക്കുന്ന കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.
പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്തെങ്ങും ജനരോഷം കത്തിപ്പടർന്നിട്ടും ബിജെപി സർക്കാർ ഭരണഘടനാ വിരുദ്ധ നടപടിയിൽ ഉറച്ചുനിൽക്കുകയാണ്. രാജ്യത്തിന്റെ മതനിരപേക്ഷതയേയും നാനാത്വത്തേയും ചോദ്യം ചെയ്യുന്ന ബിൽ പാസാക്കിയതിലൂടെ രാജ്യത്തെ ശിഥിലമാക്കാനാണ് ബിജെപി ലക്ഷ്യം വയ്ക്കുന്നത്. കേരളത്തിൽ ഈ നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിട്ടുണ്ട്.
ഭരണഘടന ഉറപ്പുനൽകുന്ന തുല്യത അട്ടിമറിക്കുന്നതാണ് പൗരത്വഭേദഗതി ബിൽ. മതത്തിന്റെ പേരിൽ ജനങ്ങളെ വേർതിരിക്കുന്നത് അനുവദിക്കാനാകില്ല. മതത്തിന്റേയും ജാതിയുടേയും പേരിൽ ജനങ്ങൾക്കിടയിൽ ഭിന്നിപ്പ് ഉണ്ടാക്കി മുതലെടുപ്പ് നടത്താനുള്ള മോഡി സർക്കാരിന്റെ നീക്കത്തിനെതിരെ കേരളത്തിൽ ശക്തമായ ചെറുത്തുനിൽപ്പ് സൃഷ്ടിക്കണമെന്ന് എ വിജയരാഘവൻ അഭ്യർത്ഥിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.