ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ എല്‍ഡിഎഫ് പ്രതിഷേധമിരമ്പി

Web Desk
Posted on August 06, 2019, 10:23 pm

തിരുവനന്തപുരം: മോഡി സര്‍ക്കാരിന്റെ കേരളത്തോടുള്ള കടുത്ത അവഗണനയ്ക്കും ജനവിരുദ്ധ നയങ്ങള്‍ക്കുമെതിരെ എല്‍ ഡി എഫ് നേതൃത്വത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് ഓരോ കേന്ദ്രങ്ങളിലും അണിനിരന്നത്.

തിരുവനന്തപുരത്ത് രാജ്ഭവന് മുന്നില്‍ ധര്‍ണ്ണ സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സിപിഐ(എം) ജില്ലാസെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ഉദ്ഘാടനം ചെയ്തു. കൊല്ലത്ത് ഹെഡ്‌പോസ്റ്റോഫീസ് മാര്‍ച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ എന്‍ അനിരുദ്ധന്‍ അധ്യക്ഷത വഹിച്ചു. പത്തനംതിട്ടയില്‍ സിപിഐ(എം) സംസ്ഥാന കമ്മിറ്റിയംഗം എം വിജയകുമാര്‍ ഉദ്ഘാടനംചെയ്തു. സിപിഐ ജില്ലാ സെക്രട്ടറി എ പി ജയന്‍ അധ്യക്ഷത വഹിച്ചു.

ആലപ്പുഴയില്‍ ബിഎസ്എന്‍എല്‍ ഓഫീസിലേക്ക് നടന്ന മാര്‍ച്ച് സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസിന്റെ അധ്യക്ഷതയില്‍ സിപിഐ (എം) കേന്ദ്ര കമ്മിറ്റിയംഗം എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. കോട്ടയത്ത് ബി എസ് എന്‍ എല്‍ ഓഫീസ് മാര്‍ച്ച് ജനാധിപത്യകേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ഫ്രാന്‍സിസ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. സിപിഐ(എം) ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ അധ്യക്ഷത വഹിച്ചു. ഇടുക്കിയില്‍ കട്ടപ്പന പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് കേരള കോണ്‍ഗ്രസ് (സ്‌കറിയ) ചെയര്‍മാന്‍ സ്‌കറിയ തോമസ് ഉദ്ഘാടനം ചെയ്തു. സിപിഐ(എം) ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

എറണാകുളത്ത് ബി എസ് എന്‍ എല്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് എന്‍സിപി സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടി എംഎല്‍എ ഉദ്ഘാടനം ചെയ്തു. സിപിഐ (എം) ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ അധ്യക്ഷനായി. തൃശൂരില്‍ ഏജീസ് ഓഫീസ് മാര്‍ച്ച് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി ഉദ്ഘാടനം ചെയ്തു. സിപിഐ (എം) കേന്ദ്ര കമ്മിറ്റിയംഗം കെ രാധാകൃഷ്ണന്‍ അധ്യക്ഷനായി. പാലക്കാട് ഹെഡ്‌പോസ്റ്റോഫീസിലേക്ക് നടത്തിയ ജനകീയ മാര്‍ച്ച് സിപിഐ(എം) ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്റെ അധ്യക്ഷതയില്‍ കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി ഉദ്ഘാടനം ചെയ്തു. മലപ്പുറം ദൂരദര്‍ശന്‍ കേന്ദ്രത്തിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ജനതാദള്‍ നേതാവ് സി കെ നാണു എം എല്‍ എ ഉദ്ഘാടനം ചെയ്തു. സിപിഐ(എം) ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് അധ്യക്ഷനായി.

കോഴിക്കോട് ആദായ നികുതി ഓഫീസ് മാര്‍ച്ച് എല്‍ജെഡി ദേശീയ സെക്രട്ടറി ഡോ. വര്‍ഗീസ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. സിപിഐ(എം) ജില്ലാ സെക്രട്ടറി പി മോഹനന്‍ അധ്യക്ഷനായി.
വയനാട് കല്‍പ്പറ്റയില്‍ സിപിഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകരയുടെ അധ്യക്ഷതയില്‍ ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറി കസിം ഇരിക്കൂര്‍ ഉദ്ഘാടനംചെയ്തു. കണ്ണൂര്‍ ഹെഡ്‌പോസ്‌റ്റോഫീസിലേക്ക് നടത്തിയ മാര്‍ച്ച് എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു. മുന്‍ മന്ത്രി കെ പി മോഹനന്‍ അധ്യക്ഷനായി. കാഞ്ഞങ്ങാട് നടന്ന സമരം കോണ്‍ഗ്രസ് എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ പി ആര്‍ വേശാല ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാസെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ അധ്യക്ഷനായി.