Sunday
21 Apr 2019

വോട്ട് ചോദിക്കും മുമ്പ് വയനാട്ടുകാരോട് മാപ്പ് ചോദിക്കുമോ?

By: Web Desk | Wednesday 10 April 2019 7:08 PM IST


കല്‍പറ്റ:’വോട്ട് ചോദിക്കും മുമ്പ് വയനാട്ടുകാരോട് മാപ്പ് ചോദിക്കുമോ?’എന്ന കാമ്പെയിനുമായി എല്‍ഡിഎഫ് വോട്ടര്‍മാരിലേക്ക്. എല്‍ഡിഎഫ് ഉയര്‍ത്തുന്ന പത്ത് ചോദ്യങ്ങളടങ്ങിയ ലഘുലേഖയുമായി 14 ന് 15,000 സ്‌ക്വാഡുകള്‍ ഭവന സന്ദര്‍ശനം നടത്തുമെന്ന് ചെയര്‍മാന്‍ സി കെ ശശീന്ദ്രന്‍ എംഎല്‍എ, ജനറല്‍ കണ്‍വീനര്‍ അഡ്വ: പി സന്തോഷ്‌കുമാര്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കോണ്‍ഗ്രസ് നയങ്ങള്‍ വയനാട്ടിലെ നൂറ് കണക്കിന് കര്‍ഷകരെ ആത്മഹതയിലേക്ക് തള്ളിവിട്ടിട്ടും അതേ നയങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് എല്‍ഡിഎഫിന്റെ മെഗാ സ്‌ക്വാഡ് പ്രവര്‍ത്തനം. ഒരു ബൂത്തില്‍ പത്ത് സ്‌ക്വാഡ് പ്രകാരമാണ് പ്രവര്‍ത്തകര്‍ വോട്ടര്‍മാരെ നേരില്‍ കാണുക. മുഴുവന്‍ നേതാക്കളും പ്രവര്‍ത്തകരും പകല്‍ എട്ട് മുതല്‍ 11 മണിവരെ നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവും. കോണ്‍ഗ്രസ് തുടങ്ങിവെച്ച നവ ഉദാരവല്‍ക്കരണംആഗോളവല്‍ക്കരണ നയങ്ങളും ആസിയന്‍ കരാറുമാണ് കര്‍ഷകരെ ആത്മഹത്യയിലേക്ക് നയിച്ചത്.

ഈ നയങ്ങള്‍ ഇതുവരെ തിരുത്തുമെന്ന് കോണ്‍ഗ്രസസോ ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന രാഹുല്‍ഗാന്ധിയോ പറഞ്ഞിട്ടില്ല. നയങ്ങള്‍ തുടരുന്നിടത്തോളം കര്‍ഷകര്‍ പ്രതിസന്ധിയില്‍ തന്നെയാവും. സമ്പത് സമൃതിയിലായിരുന്ന വയനാട്ടിലെ കാര്‍ഷിക മേഖലയെ തകര്‍ത്തത് കോണ്‍ഗ്രസാണ്. കാര്‍ഷിക തകര്‍ച്ചയും ഉല്‍പ്പന്ന വിലയിടുവും കടബാധ്യതകളും മൂലം രാജ്യത്ത് ആത്മഹത്യ ചെയ്യുന്ന കര്‍ഷകരുടെ നാടായി വയനാടിനെ മാറ്റി. അതുകൊണ്ടുതന്നെ ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ അവര്‍ക്ക് കര്‍ഷകര്‍ക്കിടയിലേക്ക് ഇറങ്ങാനാവില്ല.

ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരും കോണ്‍ഗ്രസ് നയങ്ങള്‍ തുടരുകയാണ് ചെയ്തത്. പുതിയ ആര്‍സിഇപി കരാര്‍ കര്‍ഷകരെ കൂടുതല്‍ ദുരിതത്തിലാക്കാന്‍ പോകുകയാണ്. ബിജെപികൊണ്ടുവന്ന ഈ കരാറിനെ കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ പിന്തുണച്ചു. ഇതോടെ പച്ചക്കറി ഉള്‍പ്പെടെ സര്‍വതും ഇറക്കുമതി ചെയ്യും. കര്‍ഷകര്‍ വീണ്ടും ആത്മഹത്യ ചെയ്യേണ്ട അവസ്ഥയിലെത്തും. കര്‍ഷകര്‍ക്ക് എന്നും താങ്ങായി നിന്നത് ഇടതുപക്ഷമാണ്. 2005ല്‍ കേരളത്തില്‍ അധികാരത്തില്‍ വന്ന വി എസ് അച്യുതനന്ദന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ എടുത്ത നടപടികളുടെ ഭാഗമായാണ് അന്ന് വയനാട്ടിലെ കര്‍ഷക ആത്മഹത്യ ഇല്ലാതാക്കിയത്.

ജപ്തി ഇല്ലാതാക്കുകയും കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ രൂപീകരിച്ച് കടങ്ങള്‍ ഇല്ലാതാക്കുകയും ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന വന്‍ കര്‍ഷക പ്രക്ഷോ ഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും ഇടതുപക്ഷമാണ്. 12ന് പുല്‍പള്ളിയില്‍ ദേശീയ നേതാക്കള്‍ പങ്കെടുത്ത് നടക്കുന്ന കര്‍ഷക പാര്‍ലമെന്റ് ദേശീയ ശ്രദ്ധയാകര്‍ഷിക്കും. 13ന് നിലമ്പൂരിലും കര്‍ഷക പാര്‍ലമെന്റ് നടക്കും. മോഡി ഭരണത്തില്‍ രാജ്യത്ത് മതേതരത്വവും ജനാധിപത്യവും ചോദ്യചെയ്യപ്പെടുമ്പോള്‍ കാഴ്ചക്കാരായി നില്‍ക്കുകയാണ് കോണ്‍ഗ്രസ്. ബീഫ് കഴിച്ചുവെന്ന് ആരോപിച്ച് 40 പേരെയാണ് ഈ ഭരണത്തില്‍ തല്ലിക്കൊന്നത്.

ഇതില്‍ ഒരാളുടെ വീട്ടില്‍ പോലും കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷന്‍ പോയിട്ടില്ല. ഇത് നല്‍കുന്ന സന്ദേശം വ്യക്തമാണ്. ഇത്തരം പ്രശ്‌നങ്ങളും മെഗാസ്‌ക്വാഡ് പ്രവര്‍ത്തനങ്ങളില്‍ വിവരിക്കും.

Related News