13 February 2026, Friday

Related news

February 12, 2026
February 11, 2026
February 11, 2026
February 11, 2026
February 11, 2026
February 11, 2026
February 10, 2026
February 10, 2026
February 10, 2026
February 9, 2026

എല്‍ഡിഎഫ് വടക്കന്‍ മേഖലാ ജാഥയ്ക്ക് ആവേശോജ്വല തുടക്കം

സ്വന്തം ലേഖകന്‍
കാസർകോട്‌
February 1, 2026 7:27 pm

കേന്ദ്രത്തിന്റെ കടുത്ത സാമ്പത്തിക ഉപരോധത്തിനിടയിലും സംസ്ഥാന സർക്കാർ സൃഷ്ടിച്ച വികസന മുന്നേറ്റവും സാമൂഹ്യക്ഷേമ നടപടികളും ജനങ്ങളുമായി സംവദിക്കാൻ എൽഡിഎഫ് വടക്കൻ മേഖലാ വികസന മുന്നേറ്റ യാത്രയ്ക്ക് തുടക്കമായി. 10 വർഷ ഭരണം പൂർത്തിയാക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ജനങ്ങൾക്കിടയിലുള്ള വർധിച്ച സ്വീകാര്യത എതിരാളികളിൽ സൃഷ്ടിക്കുന്ന അലോസരം ചെറുതല്ല. മുന്നണിഭരണം മാറിമാറി പരീക്ഷിച്ചിരുന്ന കേരള മനസ് തുടര്‍ച്ചയായ മൂന്നാംതവണയും ഇടതുചേർന്നു നിൽക്കുമെന്നതിന്റെ നേർചിത്രമാണ് യാത്രയുടെ തുടക്കത്തിൽ ദൃശ്യമാകുന്നത്. ഭരണത്തുടർച്ച എന്ന ചരിത്രത്തിലേക്ക് കേരളം ചുവടുവയ്ക്കുന്നതിന്റെ പ്രതീക്ഷയും ആഹ്ലാദവും ഭൂരിഭാഗം ജനങ്ങളിലുമുണ്ട്. ജാഥാ ഉദ്ഘാടന പരിപാടിയിലും തുടർന്ന് കാസർകോട് മണ്ഡലത്തിലെ നുള്ളിപ്പാടിയിലുമുണ്ടായ പങ്കാളിത്തം എൽഡിഎഫിന്റെ മുന്നേറ്റമാണ് വ്യക്തമാക്കുന്നത്. 

കുമ്പളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജാഥാ ലീഡർ സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് കേരള വികസന മിനിയേച്ചർ സമ്മാനിച്ച് ഉദ്ഘാടനം ചെയ്തു. ഇ ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷനായി. ജാഥാ മാനേജർ സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം പി സന്തോഷ് കുമാർ എംപി, അംഗങ്ങളായ കെ എസ് സലീഖ (സിപിഐ(എം), മാത്യു കുന്നപ്പള്ളി (കേരളാ കോൺഗ്രസ് എം) പി പി ദിവാകരൻ (ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ), പി എം സുരേഷ് ബാബു (എൻസിപി), മനയത്ത് ചന്ദ്രൻ (ആർജെഡി), കാസിം ഇരിക്കുർ (ഐഎൻഎൽ), ബാബു ഗോപിനാഥ് (കോൺഗ്രസ് എസ് ), വടക്കോട് മോനിച്ചൻ (കേരളാ കോൺഗ്രസ് (ബി), എ ജെ ജോസഫ് (ജനാധിപത്യ കേരളാ കോൺഗ്രസ്), നൈസ് മാത്യു കേരള കോൺഗ്രസ് (സ്കറിയാ), സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി, ജില്ലാ സെക്രട്ടറി സി പി ബാബു, സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റംഗം എം വി ജയരാജൻ, ജില്ലാ സെക്രട്ടറി എം രാജഗോപാലൻ എംഎൽഎ തുടങ്ങിയവർ പങ്കെടുത്തു. എൽഡിഎഫ് ജില്ലാ കൺവീനർ കെ പി സതീഷ്ചന്ദ്രൻ സ്വാഗതം പറഞ്ഞു. 

പ്രചരണ ഗാനങ്ങളുടെ സി ഡി നടി ഗായത്രി വർഷയ്ക്ക് നൽകി എം വി ഗോവിന്ദൻ പ്രകാശിപ്പിച്ചു. തുടര്‍ന്ന് ജാഥയ്ക്ക് കാസർകോട് നുള്ളിപ്പാടിയിൽ സ്വീകരണം നൽകി. സ്വീകരണ യോഗത്തിൽ പി സന്തോഷ് കുമാർ എംപി, കെ എസ് സലീഖ, എം വി ഗോവിന്ദൻ, കാസിം ഇരിക്കൂർ എന്നിവർ സംസാരിച്ചു. അസീസ് കടപ്പുറം അധ്യക്ഷത വഹിച്ചു. കെ എം മുഹമ്മദ് ഹനീഫ സ്വാഗതം പറഞ്ഞു.
ജാഥ നാളെ രാവിലെ പത്തിന് ഉദുമ പെരിയാട്ടടുക്കത്തും വൈകിട്ട് മൂന്നിന് കാഞ്ഞങ്ങാട് കോട്ടച്ചേരിയിലും നാലിന് തൃക്കരിപ്പൂർ കാലിക്കടവിലും സ്വീകരണത്തിനുശേഷം കണ്ണൂർ ജില്ലയിലേക്ക് പ്രവേശിക്കും. ജില്ലാ അതിർത്തിയായ കാലിക്കടവിൽ വച്ച് ജാഥയെ സ്വീകരിക്കും. വൈകുന്നേരം അഞ്ച് മണിക്ക് പയ്യന്നൂരിൽ സ്വീകരണം നൽകും. കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പര്യടനത്തിന് ശേഷം 16ന് പാലക്കാട്ടെ തരൂരിൽ സമാപിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.