Thursday
23 May 2019

ബിജെപിയെ പുറത്താക്കാന്‍ ഇടതിനേ കഴിയൂ: കോടിയേരി

By: Web Desk | Tuesday 12 March 2019 11:07 PM IST


വടകര: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചാല്‍ ബിജെപിയെ പുറത്താക്കാന്‍ കഴിയില്ലെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇടതുമുന്നണി സ്ഥാനാര്‍ഥി പി ജയരാജന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ വടകരയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷം വിജയിച്ചാല്‍ മാത്രമേ ബിജെപിയെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ കഴിയൂ. 2004ലെ തെരഞ്ഞെടുപ്പ് ഇതിനുദാഹരണമാണ്. ഇന്നലെ വരെ കോണ്‍ഗ്രസായിരുന്നവര്‍ ഇന്ന് ബിജെപിയാണ്. കോണ്‍ഗ്രസ് ജയിച്ചാല്‍ പിന്നെങ്ങിനെ ബിജെപിയെ പുറത്താക്കാന്‍ കഴിയുകയെന്നും അദ്ദേഹം ചോദിച്ചു.
ഇടതുപക്ഷം ജയിച്ചാല്‍ ഒരിക്കലും ബിജെപിക്ക് അനുകൂലമായി കൈപൊക്കില്ല.
സംസ്ഥാനത്തെ പ്രബല നേതാക്കള്‍ മത്സരിക്കില്ലെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. വടകര മണ്ഡലത്തില്‍ ഈ പ്രാവശ്യം രക്ഷപ്പെടില്ലെന്ന് മുല്ലപ്പള്ളിക്കറിയാം. കേരളത്തില്‍ ഇടതുമുന്നണിക്ക് ആത്മവിശ്വാസം വര്‍ധിച്ചിരിക്കുന്നു. കേരള കോണ്‍ഗ്രസില്‍ തമ്മിലടി മൂര്‍ച്ഛിച്ചിരിക്കയാണ്. കേരള കോണ്‍ഗ്രസ് പിളര്‍ത്താനാണ് ഇപ്പോള്‍ കോണ്‍ഗ്രസ് ശ്രമം.
കൊലപാതകം ഒന്നിനും പരിഹാരമല്ല, അക്രമികളെ തള്ളിപ്പറയുന്ന സര്‍ക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നത്- കോടിയേരി തുടര്‍ന്നു. അക്രമം കൊണ്ട് ഏതെങ്കിലും പാര്‍ട്ടി നശിക്കുമെങ്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രാജ്യത്ത് ഉണ്ടാകില്ലെന്നും അക്രമവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ സംവാദത്തിനും ആശയപരമായ സംവാദത്തിനും മുന്‍ കയ്യെടുക്കാന്‍ എല്‍ഡിഎഫ് തയ്യാറാണെന്നും കോടിയേരി പറഞ്ഞു.
ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്ന മണ്ഡലമാണ് വടകര. കോണ്‍ഗ്രസ്സും ബിജെപിയും ചേര്‍ന്ന് പൊതുസ്ഥാനാര്‍ഥിയെ നിര്‍ത്താനാണ് ശ്രമമെന്നും ഈ സഖ്യത്തെ വടകരയിലെ പ്രബുദ്ധരായ ജനത തള്ളിക്കളയുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. സി കെ നാണു എംഎല്‍എ അധ്യക്ഷത വഹിച്ചു.

ചാനലുകള്‍ മോഡിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു; ബഹിഷ്‌കരിക്കണമെന്ന് തേജസ്വി യാദവ്

Related News