Web Desk

March 18, 2021, 1:48 pm

ബാലുശ്ശേരി ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ട

Janayugom Online

സോഷ്യലിസ്റ്റ് പാർട്ടിയിൽ നിന്നും കോൺഗ്രസിലേക്കും പിന്നീട് ഇടതുപക്ഷത്തേക്കുമെത്തിയ ബാലുശ്ശേരി മണ്ഡലം ഇന്ന് ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയാണ്. 15,464 വോട്ടിന്റെ ഭൂരിപക്ഷത്തിന് ഇടതുപക്ഷത്തെ പുരുഷൻ കടലുണ്ടി വിജയിച്ച മണ്ഡലത്തിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയും അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയുമായ കെ എം സച്ചിൻദേവിനെയാണ് ഇടതുപക്ഷം പോരാട്ടത്തിനിറക്കിയിരിക്കുന്നത്. യുവത്വത്തിന്റെ ആവേശവും കരുത്തുമായെത്തിയ സ്ഥാനാർത്ഥിയെ ആവേശപൂർവമാണ് മണ്ഡലത്തിൽ എല്ലാ വിഭാഗം ജനങ്ങളും സ്വീകരിക്കുന്നത്. കോഴിക്കോട് നെല്ലിക്കോട് സ്വദേശി. റിട്ടയേർഡ് മാതൃഭൂമി ജീവനക്കാരൻ കെ എം നന്ദകുമാറിന്റേയും കോഴിക്കോട് മെഡിക്കൽ കോളജ് ഗവ: ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയും കെഎസ്­ടിഎ കോഴിക്കോട് ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ എം ഷീജയുടെയും മകനാണ് സച്ചിൻദേവ്. സഹോദരി സാന്ദ്ര കെ എം, ബിഎഡ് വിദ്യാർത്ഥിനിയാണ്. ദേവഗിരി സേവിയോ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ഹൈസ്കൂൾ വിദ്യാഭ്യസവും കോഴിക്കോട് മെഡിക്കൽ കോളജ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് സെക്കണ്ടറി വിദ്യാഭ്യാസവും പൂർത്തീകരിച്ചു. കോഴിക്കോട് ഗവ: ആർട്സ് ആന്റ് സയൻസ് കോളജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കോഴിക്കോട് ഗവ: ലോ കോളജിൽ നിന്ന് നിയമത്തിൽ ബിരുദവും കരസ്ഥമാക്കി. കുടുംബയോഗങ്ങളും മറ്റ് പരിപാടികളുമായി സച്ചിൻദേവ് പ്രചരണ രംഗത്ത് ഏറെ ദൂരം മുന്നിലെത്തിയിട്ടുണ്ട്. 

കെ എം സച്ചിൻദേവിനെ നേരിടാൻ യു ഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത് സിനിമാ നടനും മിമിക്രി കലാകാരനുമായ ധർമ്മജൻ ബോൾഗാട്ടിയെയാണ്. കെട്ടിയിറക്കി­യ സ്ഥാനാർത്ഥിക്കെതിരെ മണ്ഡലത്തി­ൽ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർക്കിടയിൽ കനത്ത പ്രതിഷേധമുണ്ട്. ദളിത് കോൺഗ്രസ് ഉൾപ്പെടെയുള്ള സംഘടനകൾ നേരത്തെ തന്നെ ധർമ്മജന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. നടിയെ ആക്രമിച്ച കേസിലെ പ്രതിയെ ഉൾപ്പെടെ പിന്തുണച്ച ധർമ്മജനെതിരെ കനത്ത പ്രതിഷേധമാണ് മണ്ഡലത്തിൽ നിലനിൽക്കുന്നത്. യുവമോർച്ച കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് ലിബിൻ ഭാസ്ക്കറാണ് എൻഡിഎ സ്ഥാനാർത്ഥി. 

ഉണ്ണികുളം, പനങ്ങാട്, ബാലുശ്ശേരി, കായണ്ണ, കോട്ടൂർ, നടുവണ്ണൂർ, ഉള്ള്യേരി, അത്തോളി, കൂരാച്ചുണ്ട് പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് ബാലുശ്ശേരി മണ്ഡലം. തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ണികുളം, അത്തോളി, കൂരാച്ചുണ്ട് പഞ്ചായത്തുകൾ ഒഴികെ എല്ലാ പഞ്ചായത്തുകളും എൽഡിഎഫിനൊപ്പമാണ്. 1980 മുതൽ 20 വർഷം എ സി ഷൺമുഖദാസ് പ്രതിനിധീകരിച്ച മണ്ഡലമാണ് ബാലുശ്ശേരി. കോൺഗ്രസ് യു, കോൺഗ്രസ് എസ്, എൻസിപി പാർട്ടികളുടെ പ്രതിനിധിയായാണ് തുടർച്ചയായി അദ്ദേഹം നിയമസഭയിൽ എത്തിയത്. ഇതിന് മുമ്പ് 1970ലും അദ്ദേഹം മണ്ഡലത്തിൽ നിന്ന് വിജയിച്ചിട്ടുണ്ട്. 1957,60 വർഷങ്ങളിൽ പിഎസ്­പിയുടെ എം നാരായണക്കുറുപ്പ്, 65,67 വർഷങ്ങളിൽ എസ്എസ്­പിയുടെ എ കെ അപ്പു, 77ൽ ഭാരതീയ ലോക്ദളിന്റെ പി കെ ശങ്കരൻ കുട്ടി എന്നിവർ മണ്ഡലത്തെ പ്രതിനിധീകരിച്ചു. 80 മുതൽ 2001 വരെ എ സി ഷൺമുഖദാസ് പ്രതിനിധീകരിച്ച മണ്ഡലത്തിൽ 2006ൽ എൻസിപിയിലെ എ കെ ശശീന്ദ്രനാണ് വിജയിച്ചത്. 2011, 2016 വർഷങ്ങളിലായി രണ്ടു തവണ വിജയിച്ച പുരുഷൻ കടലുണ്ടി എംഎൽഎയുടെ നേതൃത്വത്തിൽ വൻ വികസന മുന്നേറ്റമാണ് മണ്ഡലത്തിൽ നടന്നിരിക്കുന്നത്.
2008ലെ മണ്ഡല പുനർനിർണയത്തിന് ശേഷം പട്ടികജാതി സംവരണ മണ്ഡലമായി മാറി. സംസ്ഥാന സർക്കാർ നടപ്പാക്കിയ വൻകിട പദ്ധതികള്‍ ഇവിടെ ഇടതുവിജയം സുനിശ്ചിതമാക്കിയിരിക്കുന്നു.

ENGLISH SUMMARY:ldf pow­er in Balussery
You may also like this video