
ബിഹാര്‍ മോഡല്‍ വോട്ടര്‍പട്ടിക തീവ്ര പുനഃപരിശോധന കേരളത്തില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. വോട്ടര്‍പട്ടിക പരിഷ്കരണത്തിന്റെ യഥാര്‍ത്ഥ മുഖം തുറന്നുകാണിക്കാന്‍ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വോട്ടര്‍പട്ടിക തീവ്ര പുനഃപരിശോധനയ്ക്ക് വിധേയമാക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മിഷന്റെ നീക്കത്തില്‍ ഒട്ടേറെ ആശങ്കകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ബിഹാറില്‍ നടന്ന എസ്ഐആര്‍ ഈ ആശങ്കകള്‍ ശരിവയ്ക്കുന്നതായിരുന്നു. പൗരത്വ രജിസ്റ്റര്‍ വളഞ്ഞ വഴിയിലൂടെ നടപ്പാക്കുകയെന്നതാണ് ഇതിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്. സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട കമ്മിഷന്‍ ഈ രാഷ്ട്രീയലക്ഷ്യം വച്ച് പ്രവര്‍ത്തിക്കുകയാണ്.
കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഇതിനിടയില്‍ വോട്ടര്‍പട്ടിക പരിശോധിക്കുക എന്നത് സാധ്യമായ കാര്യമല്ല. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇക്കാര്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചിട്ടുണ്ട്. എസ്ഐആര്‍ മാറ്റിവയ്ക്കണമെന്ന ആവശ്യത്തിന് എല്‍ഡിഎഫ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബിഹാര്‍ മോഡലില്‍ വോട്ടര്‍ പട്ടികയില്‍ പേരുള്ളവരെ ഒഴിവാക്കുകയും അര്‍ഹരായവരെ ചേര്‍ക്കാതിരിക്കുകയും ചെയ്യുന്ന നിലപാടാണ് ഉദ്ദേശിക്കുന്നതെങ്കില്‍ കേരളത്തില്‍ നടപ്പാക്കാന്‍ അനുവദിക്കില്ല. ഈ സമീപനത്തെ തുറന്നുകാണിക്കാന്‍ ശക്തമായ ജനമുന്നേറ്റം നടത്താനും എല്‍ഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ എസ്ഐആറിന്റെ നിയമവശങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സെമിനാര്‍ നടത്തും.
14 ജില്ലകളിലും എസ്ഐആറില്‍ എല്‍ഡിഎഫിന്റെ നിലപാട് വ്യക്തമാക്കുന്ന വിവിധ പരിപാടികള്‍ നടത്തും. ഒക്ടോബര്‍ 21 മുതല്‍ 27 വരെ ജില്ലാ കേന്ദ്രങ്ങളില്‍ സെമിനാര്‍, കൂട്ടായ്മകള്‍, സായാഹ്ന ധര്‍ണകള്‍, പ്രകടനം, പൊതുയോഗം എന്നിങ്ങനെ വ്യത്യസ്തമായ പരിപാടികളാണ് നടത്തുകയെന്ന് ടി പി രാമകൃഷ്ണന്‍ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.