Web Desk

തൃശൂര്‍\തിരുവനന്തപുരം

February 25, 2021, 11:06 pm

നാടിന്റെ ബോധ്യത്തില്‍ നിശ്ചയദാര്‍ഢ്യം: ജാഥകളുടെ ഉള്ളടക്കം നെഞ്ചേറിയിരിക്കുന്നു

Janayugom Online

അനുഭവച്ചറിയുന്ന കരുതലിന്റെ നേർസാക്ഷ്യങ്ങളായി ഒഴുകിയെത്തുന്ന ജനസഞ്ചയം. അവരുടെ ഹൃദയത്തുടിപ്പില്‍ ഇടതുഭരണം തുടരണമെന്ന വശ്യതാളവും ബോധ്യത്തില്‍ നിശ്ചയദാര്‍ഢ്യവും. സർക്കാരിന്റെ വികസനനേട്ടങ്ങളുടെയും ക്ഷേമ പ്രവർത്തനങ്ങളുടെയും വിളംബരമായ എൽഡിഎഫ് വികസന മുന്നേറ്റ ജാഥകൾ ഇന്നവസാനിക്കുകയാണ്. ജനഹൃദയങ്ങളില്‍ ആവേശം അടങ്ങുന്നില്ല, പെരുക്കുകയാണ്. മേഖലാ ജാഥകളുടെ ഉള്ളടക്കം നെഞ്ചേറിയിരിക്കുന്നു.

എ വിജയരാഘവൻ നയിക്കുന്ന എൽഡിഎഫ് വികസന മുന്നേറ്റ ജാഥക്ക് സാംസ്കാരിക തലസ്ഥാനം ഊഷ്മള വരവേൽപ്പ് നൽകി. രാവിലെ തൃശൂർ ജില്ലാ അതിർത്തിയിലെ പ്ലാഴിയിൽ എത്തിയ ജാഥയെ എൽഡിഎഫ് നേതാക്കളായ കെ രാധാകൃഷ്ണൻ, എം എം വർഗ്ഗീസ്, കെ കെ വത്സരാജ്, ബേബി ജോൺ, പി ബാലചന്ദ്രൻ, സി ആർ വത്സൻ, മന്ത്രിമാരായ എ സി മൊയ്തീൻ, സി രവീന്ദ്രനാഥ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. എൽഡിഎഫ് ജില്ലാ കൺവീനർ എം എം വർഗ്ഗീസ്, ജാഥാ ക്യാപ്റ്റൻ എ വിജയരാഘവനെ ഷാളണിയിച്ചു. നൂറ് കണക്കിന് ഇരുചക്ര വാഹനങ്ങളും വാദ്യഘോഷങ്ങളുമായാണ് ആദ്യ സ്വീകരണ കേന്ദ്രമായ ചേലക്കരയിലേക്ക് ജാഥയെ നയിച്ചത്.

ചേലക്കര ബസ്‌സ്റ്റാന്റ് പരിസരത്തെ ആദ്യ സ്വീകരണത്തിൽ സിപിഐ മണ്ഡലം സെക്രട്ടറി അരുൺ കാളിയത്തും വടക്കാഞ്ചേരിയിൽ സിപിഐ മണ്ഡലം സെക്രട്ടറി കെ കെ ചന്ദ്രനും അധ്യക്ഷരായി. തുടർന്ന് കുന്നംകുളം ചെറുവത്തൂർ മൈതാനത്തും, ചാവക്കാട് ടൗണിലും സ്വീകരണം നൽകി. കുന്നംകുളത്ത് സിപിഐ കുന്നംകുളം മണ്ഡലം സെക്രട്ടറി കെ ടി ഷാജൻ, ചാവക്കാട് സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ. പി മുഹമ്മദ് ബഷീർ എന്നിവർ അധ്യക്ഷരായി. വൈകിട്ട് നാട്ടിക, കയ്പമംഗലം മണ്ഡലങ്ങൾ സംയുക്തമായി വലപ്പാട് ചന്തപ്പടിയിൽ നൽകിയ സ്വീകരണത്തോടെ ജില്ലയിലെ ആദ്യ ദിനം സമാപിച്ചു. സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ക്യപ്റ്റനു പുറമെ അംഗങ്ങളായ കെ പി രാജേന്ദ്രൻ, അഡ്വ. പി സതീദേവി, പി ടി ജോസ്, കെ ലോഹ്യ, പി കെ രാജൻ, ബാബു ഗോപിനാഥ്, കെ പി മോഹനൻ, ജോസ് ചെമ്പേരി, കാസിം ഇരിക്കൂർ എന്നിവരും സംസാരിച്ചു.

ഇന്ന് രാവിലെ പത്തിന് കൊടുങ്ങല്ലൂർ മണ്ഡലത്തിലാണ് ആദ്യ സ്വീകരണം. തുടർന്ന് മാള ടൗൺ, ചാലക്കുടി എന്നിവിടങ്ങളിലും സ്വീകരണം നൽകും. വൈകിട്ട് ഇരിങ്ങാലക്കുട, പുതുക്കാട് സെന്റർ എന്നിവിടങ്ങളിലെ സ്വീകരണശേഷം തൃശൂരിൽ വടക്കൻമേഖല ജാഥ സമാപിക്കും. തൃശൂർ, ഒല്ലൂർ, മണലൂർ മണ്ഡലങ്ങൾ സംയുക്തമായി തേക്കിൻകാട് മൈതാനിയിൽ നൽകുന്ന സ്വീകരണവും സമാപന സമ്മേളനവും സിപിഐ (എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും.

സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം നയിക്കുന്ന വികസന മുന്നേറ്റ തെക്കന്‍ മേഖലാ ജാഥയ്ക്ക് കഴക്കൂട്ടം മണ്ഡലത്തിലെ ശ്രീകാര്യത്തായിരുന്നു ആദ്യ സ്വീകരണം. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനായി. വാമനപുരം മണ്ഡലത്തിൽ കല്ലറയിൽ നടന്ന സ്വീകരണ യോഗത്തിൽ പി എസ് ഷൗക്കത്ത് അധ്യക്ഷനായി. നെടുമങ്ങാട് നടന്ന സ്വീകരണ യോഗത്തില്‍ സി ദിവാകരൻ എംഎൽഎയും അരുവിക്കര മണ്ഡലത്തിൽ ആര്യനാട് എം എസ് റഷീദും അധ്യക്ഷരായി, കാട്ടാക്കട മണ്ഡലത്തിലെ മലയിൻകീഴിലാണ് ഇന്നലെ ജാഥ സമാപിച്ചത്. ഐ ബി സതീഷ് എംഎൽഎ അധ്യക്ഷനായി.

സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. ജി ആർ അനിൽ, സിപിഐ(എം) നേതാക്കളായ വി ശിവൻകുട്ടി, എൽഡിഎഫ് ജില്ലാ കൺവീനർ ഫിറോസ് ലാൽ തുടങ്ങി എൽഡിഎഫിന്റെ നേതാക്കൾ ജാഥയെ അനുഗമിച്ചു.

ഇന്ന് രാവിലെ വെള്ളറടയിൽ നിന്നും ആരംഭിക്കുന്ന ജാഥ നെയ്യാറ്റിൻകര, വിഴിഞ്ഞം എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം വൈകുന്നേരം അഞ്ചിന് നായനാർ പാർക്കിൽ എത്തിച്ചേരും. തുടർന്ന് വമ്പിച്ച സമാപനയോഗം നടക്കും. യോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

Eng­lish sum­ma­ry: LDF ral­ly updates

You may also like this video: