8 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 8, 2024
December 7, 2024
December 7, 2024
December 7, 2024
December 7, 2024
December 7, 2024
December 7, 2024
December 7, 2024
December 7, 2024
December 7, 2024

തിരിച്ചുപിടിക്കാൻ എൽഡിഎഫ്; തമ്മിലടിച്ച് യുഡിഎഫും ബിജെപിയും

രാജേന്ദ്രകുമാർ ബി
പാലക്കാട്
November 9, 2024 10:28 pm

നിയമസഭാ മണ്ഡലം തിരികെപ്പിടിക്കാന്‍ എൽഡിഎഫ് അതിഗംഭീര പ്രചരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെ കോൺഗ്രസിൽ കലാപവും ബിജെപിയില്‍ തമ്മിലടിയും കൊഴുക്കുന്നു. എല്‍ഡിഎഫ് സ്ഥാനാർത്ഥി ഡോ. പി സരിന്‍ ഇതിനകം മണ്ഡലത്തെയാകെ കയ്യിലെടുത്തുകഴിഞ്ഞു. പ്രിയങ്കരനായ ഡോക്ടര്‍ക്ക് പാലക്കാടിന്റെ വികസനദോഷങ്ങള്‍ക്ക് വേണ്ട ചികിത്സ നല്‍കാന്‍ കഴിയുമെന്ന് ജനങ്ങള്‍ കയ്യടിച്ച് അംഗീകരിക്കുന്നു. ഇക്കാലമത്രയും കാണാത്ത തരത്തില്‍ വീറും വാശിയും തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ കാഴ്ചവയ്ക്കാന്‍ എല്‍ഡിഎഫിന് കഴിഞ്ഞതോടെ വിജയം സുനിശ്ചിതമെന്ന ഉറപ്പിലാണ് പ്രവര്‍ത്തകരും പൊതുജനങ്ങളും.

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലാണ് യുഡിഎഫ് സ്ഥാനാർത്ഥി. ഷാഫി പറമ്പിൽ വടകരയിൽ മത്സരിച്ച് എംപി ആയതിനെ തുടന്നുണ്ടായ ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹം കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥി എന്ന പരിവേഷമാണ് രാഹുലിന്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മുതലുള്ള പൊട്ടിത്തെറികള്‍ യുഡിഎഫില്‍ ഇനിയും അവസാനിച്ചിട്ടില്ല. നേതൃത്വത്തിന്റെ പക്ഷപാതപരമായ നിലപാടില്‍ പ്രതിഷേധിച്ച് ഡോ. പി സരിന്‍ കോണ്‍ഗ്രസ് വിട്ടതോടെ പ്രതിഷേധം മനസില്‍ അടക്കിയിരുന്ന യുവജന നേതാക്കള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു. പാര്‍ട്ടിയിലെയും മുന്നണിയിലെയും പ്രതിസന്ധികളെ പണമൊഴുക്കി ഒതുക്കാമെന്ന് കരുതിയപ്പോഴാണ് പൊലീസ് പരിശോധനയുടെ പേരില്‍ തിരിച്ചടിയുണ്ടായത്. നിരത്തുന്ന ന്യായങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പോലും അംഗീകരിക്കാന്‍ കഴിയാത്ത സ്ഥിതിയായതോടെ യുഡിഎഫും കോണ്‍ഗ്രസും ഇറക്കുമതി സ്ഥാനാര്‍ത്ഥിയും നട്ടംതിരിഞ്ഞ അവസ്ഥയിലാണ്.

എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് ബിജെപി സംസ്ഥാന സെക്രട്ടറിമാരിലൊരാളായ സി കൃഷ്ണകുമാർ ആണ്. പതിറ്റാണ്ടുകളായി ഗ്രൂപ്പ് പോരില്‍ നട്ടംതിരിയുന്ന പാലക്കാട്ടെ ബിജെപിയില്‍ ഇക്കുറി വെടിപൊട്ടിച്ചത് സന്ദീപ് വാര്യരാണ്. ബിജെപിയില്‍ വിഭാഗീയതയുടെ വിത്തിട്ടുമുളപ്പിച്ച് പടര്‍ത്തിയ സി കൃഷ്ണകുമാറിന്റെ സ്ഥാനാര്‍ത്ഥിത്വമാണ് സന്ദീപ് വാര്യര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനതല നേതാക്കളെപ്പോലും ചൊടിപ്പിച്ചത്. ഇത് വലിയ പൊട്ടിത്തെറികളിലേക്ക് കാര്യങ്ങളെത്തിച്ചു. ബിജെപി നേതൃത്വവും ആര്‍എസ്എസ് നേതാക്കളും ഇടപെട്ടിട്ടും സി കൃഷ്ണകുമാറിനെതിരെയുള്ള രോഷം തണുപ്പിക്കാന്‍ സാധിച്ചിട്ടില്ല.

2011ൽ കെ കെ ദിവാകരനെ തോല്പിച്ചാണ് ഷാഫി പറമ്പിൽ ആദ്യമായി വിജയിച്ചത്. 47,641 വാേട്ടുകൾ ഷാഫി നേടിയപ്പോൾ 40,238 വോട്ടുകൾ കെ കെ ദിവാകരന് ലഭിച്ചു. പിന്നീട് രണ്ടു തവണയും ഷാഫിയാണ് മണ്ഡലം നിലനിർത്തിയത്. 2021ലെ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് 35,622 വോട്ടുകൾ സമാഹരിക്കാൻ കഴിഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തിൽ നിന്നും എ വിജയരാഘവന് 34,640 വോട്ടുകളാണ് ലഭിച്ചത്. പുതിയ വോട്ടർമാരും, സ്ത്രീ വോട്ടർമാരും ഡോ. പി സരിനൊപ്പം നിലയുറപ്പിക്കുന്നതാണ് പ്രചരണദിവസങ്ങളില്‍ കാണാൻ കഴിയുന്നത്. അതാണ് സരിന്റെ വിജയത്തിന് അനുകൂലമായ തരംഗവും.

നഗരസഭയിലെ 52ഉം മൂന്നു പഞ്ചായത്തുകളും ഉൾപ്പെടെ ആകെ 104 വാർഡുകളുള്ള പാലക്കാട് മണ്ഡലം കഴിഞ്ഞ മൂന്നു തവണയും കൈവിട്ടത് ഇത്തവണ വൻ ഭൂരിപക്ഷത്തില്‍ തിരിച്ചുപിടിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഇടതുമുന്നണി. അന്തിമ വോട്ടർ പട്ടികയിൽ 1,94,706 വോട്ടർമാരാണുള്ളത്. 1,00,290 സ്ത്രീകളും, 88,652 പുരുഷന്മാരും. 2,306 പേർ 85 വയസിനു മുകളിൽ പ്രായമുള്ളവരും 2,445 പേർ 18–19 വയസുകാരും 780 പേർ ഭിന്നശേഷിക്കാരും നാലു ട്രാൻസ്ജെൻഡേഴ്സും ആണ്. 229 പ്രവാസി വോട്ടർമാരും പട്ടികയിലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.