എല്‍ഡിഎഫ് വന്‍ കുതിപ്പ് നടത്തും : എ വിജയരാഘവന്‍ 

Web Desk
Posted on April 21, 2019, 1:18 pm
തിരുവനന്തപുരം: ദേശീയ രാഷ്ട്രീയത്തില്‍ അനിവാര്യമായിരിക്കുന്ന ഇടതുമതേതര ബദലിന് കരുത്ത് പകരാന്‍ എല്‍ഡിഎഫിന് തിളക്കമാര്‍ന്ന വിജയം സമ്മാനിക്കണമെന്ന് കണ്‍വീനര്‍ എ വിജയരാഘവന്‍ പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.
  കോണ്‍ഗ്രസും ബിജെപിയും രാജ്യത്ത് നടപ്പാക്കുന്നത് ഒരേ നയമാണ്. 2014 ല്‍ തെരഞ്ഞെടുപ്പ് നടന്നപ്പോഴുള്ള അതേ സാഹചര്യമാണ് ഇന്ന് സംജാതമായിരിക്കുന്നത്. അന്ന് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ രാജ്യത്തെ നാശത്തിലേക്കാണ് നയിച്ചത്. അഴിമതിയുടെ കൂത്തരങ്ങായി കേന്ദ്ര സര്‍ക്കാര്‍ അധഃപതിച്ചു. അതിനെതിരെയുള്ള വിധിയെഴുത്തിലൂടെ അധികാരത്തില്‍ വന്ന ബിജെപി, മതനിരപേക്ഷതയെ തകര്‍ക്കാനും ഭരണഘടനാ മൂല്യങ്ങളെ കടന്നാക്രമിക്കാനുമാണ് ശ്രമിച്ചത്. അഴിമതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസിനെ കടത്തിവെട്ടിയതിന് തെളിവാണ് റഫേല്‍ വിമാന ഇടപാട്. മോഡി സര്‍ക്കാരും സംഘപരിവാറും ഉയര്‍ത്തിയ വര്‍ഗീയതയ്‌ക്കെതിരെ ഉറച്ച നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസും തയ്യാറായില്ല. സംഘപരിവാര്‍ വര്‍ഗീയതയുമായി സമരസപ്പെടാനുള്ള നീക്കമാണ് കോണ്‍ഗ്രസ് പുലര്‍ത്തിയത്. കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറി കൊണ്ടിരിക്കുകയാണ്. ജനങ്ങള്‍ക്ക് വിശ്വാസം അര്‍പ്പിക്കാന്‍ കഴിയാത്ത പാര്‍ടിയായി കോണ്‍ഗ്രസ് മാറി.
  ബിജെപിയും കോണ്‍ഗ്രസും മുഖ്യശത്രുവായി കേരളത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നത് ഇടതുപക്ഷത്തെയാണ്. ബദല്‍ നയങ്ങളുമായി ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന സംസ്ഥാന സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനുള്ള നീക്കമാണ് അവര്‍ നടത്തുന്നത്. രാഹുല്‍ഗാന്ധിയുടെ കേരളത്തിലെ സ്ഥാനാര്‍ഥിത്വം തന്നെ അതിന് തെളിവാണ്. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച നയങ്ങളും നിലപാടും മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്നതാണ്. ബദല്‍ സാമ്പത്തികനയം നടപ്പിലാക്കുന്നതു വഴി സാമൂഹികനീതി ഉറപ്പുവരുത്താനാണ് സര്‍ക്കാര്‍ ശ്രമിയ്ക്കുന്നത്. ഈ നയം ദേശീയതലത്തിലും സാര്‍വ്വദേശീയ തലത്തിലും അംഗീകരിക്കപ്പെട്ടതാണ്.
   കേരളത്തിനെതിരെ നുണപ്രചാരണം നടത്തുന്ന നരേന്ദ്രമോഡിക്ക് ചുട്ടമറുപടി നല്‍കാന്‍ ജനങ്ങള്‍ തയ്യാറാകണം. മതേതരത്വവും ഭരണഘടനാ മൂല്യങ്ങളും സാമ്പത്തിക സ്വാതന്ത്ര്യവും സംരക്ഷിക്കാന്‍ കേന്ദ്രത്തില്‍ ഇടതുപക്ഷത്തിന് നിര്‍ണ്ണയാക സ്വാധീനമുള്ള സര്‍ക്കാര്‍ കേന്ദ്രത്തില്‍ വരണം. മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ അക്രമം നടത്തുന്നവര്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്ന് വിജയരാഘവന്‍ അഭ്യര്‍ത്ഥിച്ചു.