Monday
27 May 2019

ഫറോക്ക് നഗരസഭാ ഭരണം എല്‍ഡിഎഫിന്

By: Web Desk | Wednesday 13 June 2018 9:26 PM IST


farok municipal chairman kamaru laila

നഗരസഭാദ്ധ്യക്ഷ കമറുൽ ലൈല 

ഫറോക്ക്: ഫറോക്ക് നഗരസഭാ ഭരണം എല്‍ഡിഎഫ്  തിരിച്ചുപിടിച്ചു. സ്വതന്ത്ര അംഗം കെ എ കമറുൽ ലൈല നഗരസഭാദ്ധ്യക്ഷയായും കെ മൊയ്തീൻകോയ ഉപാദ്ധ്യക്ഷനായും തെരഞ്ഞെടുക്കപ്പെട്ടു. ലീഗ് നേതൃത്വത്തിലുള്ള യുഡിഎഫ് ഭരണം രണ്ടര വർഷം  കൊണ്ട് ഇല്ലാതായി.  ബുധനാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ 16  നെതിരെ  21 വോട്ടുകൾക്ക്  ഇരുവരും വിജയിച്ചു.

അവിശ്വാസ പ്രമേയത്തിലൂടെ നേരത്തെ സ്ഥാനത്ത് നിന്നും പുറത്തായ ചെയർപേഴ്സൻ   മുസ്ലീം ലീഗിലെ പി റുബീന, ഉപാദ്ധ്യക്ഷൻ കോൺഗ്രസിലെ വി മുഹമ്മദ് ഹസ്സൻ എന്നിവരെയാണ് ഇവർ പരാജയപ്പെടുത്തിയത്.  ഏക ബിജെപി അംഗം വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു.

38 അംഗ കൗൺസിലിൽ 18 പേർ എൽ ഡി എഫിനുണ്ടായിരുന്നതിന് പുറമെ കമറുൽ ലൈല, കെ മൊയ്തീൻകോയ,  കെ ടി ശാലിനി  എന്നീ കോൺഗ്രസ് അംഗങ്ങളും കൂടി എൽ ഡി എഫിനൊപ്പം ചേർന്നതാണ്  യു ഡി എഫിന് തിരിച്ചടിയായത്.  മേയ് 16നു അവിശ്വാസ പ്രമേയ ചർച്ച യു ഡി എഫ്  ബഹിഷ്ക്കരിച്ചെങ്കിലും ലീഗിലെ മുൻ ചെയർപേഴ്സനും രണ്ടു കോൺഗ്രസ് അംഗങ്ങളും യു ഡി എഫിനൊപ്പമുണ്ടായിരുന്ന സ്വതന്ത്ര അംഗം കമറു ലൈലയും യോഗത്തിൽ പങ്കെടുത്ത് അവിശ്വാസത്തെ അനുകൂലിച്ചു. എൽ ഡി എഫിൽ സിപിഐ – എമ്മിന് പതിനാറും , സിപിഐ, എൻസിപി എന്നിവർക്ക് ഓരോ അംഗങ്ങളുമടക്കം 18 പേരാണുണ്ടായിരുന്നത്. യുഡിഎഫിൽ 17 ൽ മുസ്ലീം ലീഗിന് പതിനാലും കോൺഗ്രസിന് മൂന്നു കൗൺസിലർമാരുമായിരുന്നെങ്കിലും  റിബലായി മത്സരിച്ച് ജയിച്ച രണ്ടു വനിതകളും, ബിജെപിയുടെ ഏക അംഗവും ഏത് സന്നിഗ്ദ ഘട്ടങ്ങളിലും ഭരണത്തെ താങ്ങി നിർത്താൻ ഒപ്പമുണ്ടായിരുന്നു.  യുഡിഎഫിന്റെ ഭരണ വൈകല്യമാണ് കോൺഗ്രസ് -സ്വതന്ത്ര അംഗങ്ങൾ എതിരായി തിരിയാനും യു ഡി എഫ് അംഗബലം ഒരു സ്വതന്ത്രയടക്കം 16 ആയി ചുരുങ്ങാനും  ഇടയാക്കിയത്.

കല്ലംപാറ 21 ഡിവിഷനിൽ നിന്നാണ് കമറു ലൈല കൗൺസിലറായത്. മൊയ്തീൻകോയ കരുവൻതിരുത്തി കോതാർതോട് 35 ഡിവിഷനിൽ നിന്നും.

Related News