രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാതിരാത്രിയിൽ പി വി അൻവറിനെ സന്ദർശിച്ച സംഭവത്തിൽ എതിർത്തും പിന്തുണച്ചും നേതാക്കൾ എത്തിയതോടെ കോൺഗ്രസിൽ കലാപം. രാഹുലിനെ എതിർത്തു പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് രംഗത്തെത്തിയപ്പോൾ
പിന്തുണയുമായി മുൻ കെപിസിസി പ്രസിഡന്റ് കെ മുരളീധരനുമെത്തി. ഇത്തരം ഒരു കൂടിക്കാഴ്ചക്ക് ജൂനിയർ എംഎൽഎയായ രാഹുൽ മാങ്കൂട്ടത്തിനെ കോൺഗ്രസ് നേതൃത്വം ചർച്ചക്ക് അയക്കേണ്ട കാര്യമില്ലെന്ന് പറഞ്ഞു പരിഹസിച്ച വി ഡി സതീശൻ, അൻവറിന്റെ മുന്നിൽ യുഡിഎഫിന്റെ വാതിൽ അടഞ്ഞതാണെന്നും കൂട്ടിച്ചേർത്തു.
പി വി അന്‍വറിനെ കാണാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ ചുമതലപ്പെടുത്തിയിട്ടില്ലെന്നായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം. സംഭവത്തില്‍ രാഹുലിനോട് വിശദീകരണം തേടുന്ന കാര്യം ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. അന്‍വറിന് നിലപാടുകളില്‍ ചാഞ്ചാട്ടമുണ്ട്. അദ്ദേഹം മത്സരിച്ചാലും യുഡിഎഫിനെ ബാധിക്കില്ലെന്നും കെപിസിസി അധ്യക്ഷന്‍ പറഞ്ഞു. കൂടിക്കാഴ്ച ഒരു വിവാദമാക്കേണ്ട കാര്യമൊന്നും ഇല്ലെന്നായിരുന്നു മുരളീധരന്റെ പ്രതികരണം. തികച്ചും വ്യക്തിപരമായ കൂടിക്കാഴ്ചയാണെന്ന് രാഹുല്‍ തന്നെ സൂചിപ്പിച്ചിട്ടുണ്ടെന്നു പറഞ്ഞ മുരളീധരന്‍ അതിൽ മറ്റൊരു ഉദ്ദേശവും ഇല്ലെന്നും കൂട്ടിച്ചേര്‍ത്തു.
ശനിയാഴ്ച അര്‍ധരാത്രിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎ, പി വി അന്‍വറിന്റെ ഒതായിയിലെ വീട്ടിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പിന്നാലെ പാര്‍ട്ടി ചുമതലപ്പെടുത്തിയിട്ടല്ല അന്‍വറിന്റെ വീട്ടില്‍ പോയതെന്നും എൽഡിഎഫിനെതിരായ പോരാട്ടത്തില്‍ യുഡിഎഫിനെ പിന്തുണക്കണമെന്നാണ് അദ്ദേഹത്തോട് ആവശ്യപ്പെട്ടതെന്നും രാഹുല്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.