മോഡിയും അമിത് ഷായും കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി

Web Desk
Posted on May 21, 2019, 10:05 pm

ന്യൂഡല്‍ഹി: വോട്ടെടുപ്പ് ഫലം വരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ രാജ്യതലസ്ഥാനത്ത് തിരക്കിട്ട കൂടിയാലോചനകള്‍. വോട്ടിംഗ് യന്ത്രങ്ങളെക്കുറിച്ചുള്ള പരാതിയുമായി പ്രതിപക്ഷ നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ കണ്ടതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി.
ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു കൂടിക്കാഴ്ച. അമിത് ഷാ എന്‍ഡിഎ നേതാക്കള്‍ക്കൊരുക്കിയ അത്താഴ വിരുന്നിനു മുന്‍പാണ് കേന്ദ്രമന്ത്രിമാരുമായി ചര്‍ച്ച നടത്തിയത്. ചൊവ്വാഴ്ച രാത്രി ഡല്‍ഹിയിലെ അശോക ഹോട്ടലിലാണ് എന്‍ഡിഎ നേതാക്കള്‍ക്ക് അമിത് ഷാ വിരുന്നൊരുക്കിയത്. എക്‌സിറ്റ് പോള്‍ പ്രവചനങ്ങളുടെ അടിസ്ഥാനത്തില്‍ നിലവി ലുള്ള കക്ഷികളെ ഒരുമിച്ചു നിര്‍ത്താനാണ് ബിജെപി നേതാക്കള്‍ ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.