29 March 2024, Friday

Related news

March 28, 2024
March 27, 2024
March 26, 2024
March 26, 2024
March 26, 2024
March 25, 2024
March 24, 2024
March 24, 2024
March 23, 2024
March 23, 2024

സംസ്ഥാന കോൺഗ്രസിൽ പരസ്പരം പോരിനിറങ്ങി നേതാക്കൻമാർ; ചെന്നിത്തലക്ക് എതിരേ കൂടുതൽ പേർ രംഗത്ത്

Janayugom Webdesk
September 4, 2021 5:25 pm

ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട വിവാദത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് രാഷ്ട്രീയം കലങ്ങിമറിയുമ്പോള്‍ പരസ്പരം വെടി നിര്‍ത്താന്‍ ഇരു കൂട്ടരും തയ്യാറാകുന്നില്ല. ഉറുളയ്ക്ക് ഉപ്പേരി എന്ന നിലയില്‍ പോരിനിറങ്ങിയിരിക്കുകയാണ് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരനും, പ്രതിപക്ഷനേതാവ് വി ഡി സതീശന്‍റെയും നേതൃത്വത്തിലുള്ള വിഭാഗം ഉമ്മന്‍ചാണ്ടിയോട് മൃദു സമീപം കാട്ടി ചെന്നിത്തലയെ എതിര്‍ക്കാനുള്ള തീരുമാനത്തിലാണ്.എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും വലിയ വിശ്വസ്തനായ ടി. സിദ്ധിഖ് ഉമ്മന്‍ചാണ്ടിയെ തന്നെ തള്ളിയാണ് രംഗത്തു വന്നത്. പ്രതിപക്ഷനേതാവായി രമേശ് ചെന്നിത്തലക്ക് പിന്തുണ നല്‍കണമെന്ന ഉമ്മന്‍ചാണ്ടിയുടെ നിലപാടിന് വിരുദ്ധമായി നിന്ന പ്രധാന എ ഗ്രൂപ്പ് നേതാക്കളാണ് സിദ്ധിഖും, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റുമായ ഷാഫി പറമ്പില്‍. ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയെ തള്ളി കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് ടി. സിദ്ധിഖ് രംഗത്ത് വന്നിരിക്കുന്നു. പുന:സംഘടന സംബന്ധിച്ച് എല്ലാവരുമായും ചര്‍ച്ച നടത്തിയിരുന്നെന്ന് സിദ്ധിഖ് പറഞ്ഞു. കോണ്‍ഗ്രസില്‍ അടിമുതല്‍ മുടിവരെ കാതലായ മാറ്റം നടക്കുകയാണെന്നും ടി. സിദ്ധിഖ് പറഞ്ഞു.

വയനാട് ഡി.സി.സി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്റെ സ്ഥാനമേല്‍ക്കല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സിദ്ധിഖ്.പുന:സംഘടനയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി ചര്‍ച്ച നടന്നിരുന്നു. കെ.പി.സി.സി പ്രസിഡന്റും വര്‍ക്കിങ് പ്രസിഡന്റുമാരും പ്രതിപക്ഷ നേതാവും ചേര്‍ന്നാണ് ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവരുമായി സംഘടനാ വിഷയങ്ങളും പാര്‍ട്ടിയുടെ മുന്നോട്ടുള്ള പ്രയാണവുമെല്ലാം മണിക്കൂറുകളോളം ചര്‍ച്ച ചെയ്തത്. എല്ലാവരുമായും കൂടിക്കാഴ്ച നടന്നിരുന്നു, സിദ്ധിഖ് പറഞ്ഞു.കേരളം പ്രത്യേകസാഹചര്യത്തിലൂടെ കടന്നുപോകുകയാണ്.ഒരു തവണ യു.ഡി.എഫ്, പിന്നെ എല്‍.ഡി.എഫ് എന്നിങ്ങനെയാണ് അധികാരത്തില്‍ വരാറ്. എന്നാല്‍ ഇടതുമുന്നണി ഭരണം നിലനിര്‍ത്തിയപ്പോള്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തിന്റെ ആത്മവിശ്വാസത്തില്‍ കുറവുണ്ടായി. താഴേത്തട്ടില്‍ സംഘടനാപരമായ ദൗര്‍ബല്യങ്ങള്‍ പുറത്തുവന്നു. ഈ ദൗര്‍ബല്യങ്ങളെ തിരിച്ചറിയുക എന്നതാണ് ഒരു നേതൃത്വത്തിന്റെ ഏറ്റവും വലിയ ഉത്തരവാദിത്തം, സിദ്ധിഖ് കൂട്ടിച്ചേര്‍ത്തു.ഉമ്മന്‍ചാണ്ടിയെ തള്ളിപ്പറഞ്ഞുകൊണ്ടുള്ള രാഷ്ട്രീയം ഉണ്ടാകില്ലെന്ന് ടി. സിദ്ധിഖ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. പ്രിയപ്പെട്ട ഉമ്മന്‍ചാണ്ടിയുമായി വൈകാരിക ബന്ധമാണുള്ളതെന്നും അദ്ദേഹത്തെ ഇരുട്ടില്‍ നിര്‍ത്തിയിട്ടില്ലെന്നും സിദ്ധിഖ് പറഞ്ഞിരുന്നു.അതേസമയം ഡിസിസി പ്രസിഡന്റുമാരെ നിയമിച്ചതില്‍ കൂടിയാലോചന നടന്നില്ലെന്ന രമേശ് ചെന്നിത്തലയുടെ പ്രതികരണത്തിനെതിരെയും സിദ്ധിഖ് രംഗത്തെത്തിയിരുന്നു.


ഇതുംകൂടി വായിക്കൂ:കെപിസിസി നേതൃത്വത്തിനെതിരേ ആഞ്ഞടിച്ച് ചെന്നിത്തല; അനുനയിപ്പിക്കാൻ വി ഡി സതീശൻ


ചെന്നിത്തലയുടെ പ്രതികരണം അതിരുകടന്നതായിപ്പോയെന്നും അദ്ദേഹത്തെപ്പോലൊരാള്‍ ഇത്തരം സംസാരത്തിലേക്കു വഴുതി വീഴരുതായിരുന്നെന്നുമായിരുന്നു സിദ്ധിഖ് പറഞ്ഞത്.സംസാരത്തിലും പ്രവര്‍ത്തനത്തിലും സംയമനം പാലിക്കുന്നതിനു പകരം എരിതീയില്‍ എണ്ണയൊഴിക്കുന്ന സമീപനം ഒരാളുടെ ഭാഗത്തുനിന്നും ഉണ്ടാകാതിരിക്കുകയെന്നതാണ് സംഘടനയോട് ഇപ്പോള്‍ ചെയ്യേണ്ട ഏറ്റവും വലിയ ഉത്തരവാദിത്തമെന്നും സിദ്ധിഖ് പറഞ്ഞിരുന്നു.അതേസമയം ഇടഞ്ഞുനില്‍ക്കുന്ന ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമടക്കമുള്ള മുതിര്‍ന്ന നേതാക്കളെ അനുനയിക്കാനുള്ള നീക്കവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രംഗത്തെത്തിയിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും മാറ്റി നിര്‍ത്താന്‍ കേരളത്തിലെ കോണ്‍ഗ്രസിന് കഴിയില്ലെന്ന് അദ്ദേഹം തൃശൂരില്‍ പറഞ്ഞു.‘ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പാര്‍ട്ടിയുടെ അവിഭാജ്യ ഘടകങ്ങളാണ്. എല്ലാവരെയും ചേര്‍ത്തു കൊണ്ട് തന്നെയാകണം കോണ്‍ഗ്രസ് മുന്നോട്ട് പോകേണ്ടത്. പാര്‍ട്ടിയില്‍ ജേഷ്ഠ അനുജന്മാര്‍ തമ്മില്‍ പരിഭവം ഉണ്ടാകും. അത് പക്ഷേ ശത്രുക്കള്‍ അറിയാതെ നോക്കണം.

പ്രശ്‌നങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടാകും. അവരുടെ സ്ഥാനത്തു നിന്നു ചിന്തിച്ചാലേ പ്രശ്‌ന പരിഹാരം നടക്കുകയുള്ളു,’ വി.ഡി സതീശന്‍ പറഞ്ഞു.കെ.പി.സി.സി പ്രസിഡന്റിന്റെ വാക്കാണ് കേരളത്തിലെ കോണ്‍ഗ്രസില്‍ അവസാന വാക്കെന്ന പ്രയോഗം സംഘടനാ ബോധം ഉള്ളത് കൊണ്ടാണെന്നും തന്റെ വാക്കുകള്‍ പലരും വളച്ചൊടിച്ചുവെന്നും സതീശന്‍ കുറ്റപ്പെടുത്തി. കോട്ടയം ഡിസിസിയുടെ പുതിയ അദ്ധ്യക്ഷനായി നാട്ടകം സുരേഷ് സ്ഥാനമേല്‍ക്കുന്ന വേളയിലാണ് രമേശ് ചെന്നിത്തല നേതൃത്വത്തിനെതിരെ ആഞ്ഞിടിച്ചത്. താന്‍ പാര്‍ട്ടിയുടെ നാലണ മെമ്പര്‍ മാത്രമാണെന്നും ഉമ്മന്‍ചാണ്ടി അങ്ങനയല്ലെന്നും സംഘടനാപരമായ കാര്യങ്ങള്‍ ഉമ്മന്‍ചാണ്ടിയുമായി ആലോചിക്കേണ്ട ബാധ്യതയുണ്ടെന്നുമായിരുന്നു ചെന്നിത്തലയുടെ വാക്കുകള്‍. ഇപ്പോള്‍ നടക്കുന്നത് റിലേ ഓട്ടമത്സരമല്ലെന്നും എല്ലാവരെയും ഒരുമിച്ചുകൊണ്ടുപോവുക എന്നതാണ് നേതൃത്വത്തിന്റെ ഉത്തരവാദിത്തമെന്നും ചെന്നിത്തല പറഞ്ഞിരുന്നു.ചെന്നിത്തലയുടെ പ്രതികരണം കോണ്‍ഗ്രസിനുള്ളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു.ഇതിനുപിന്നാലെയാണ് രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി തിരുവഞ്ചൂര്‍ രംഗത്തെത്തിയത്. യോഗത്തില്‍ തിരുവഞ്ചൂര്‍ മറ്റൊന്നും പറഞ്ഞില്ല. എന്നാല്‍ പിന്നീട് രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്കെടുത്താന്‍ ശ്രമിക്കുമ്പോള്‍ പന്തം കുത്തി ആളിക്കത്തിക്കരുതെന്നും ഉമ്മന്‍ചാണ്ടിയെ മറയാക്കി പുറകില്‍നിന്ന് കളിക്കരുതെന്നും അദ്ദേഹം പ്രതികരിച്ചു. പാര്‍ട്ടിയില്‍ പകയുടെ കാര്യമില്ല, പാര്‍ട്ടി ക്ഷീണത്തിലായ നിലവിലെ സാഹചര്യം മനസിലാക്കി പ്രവര്‍ത്തിക്കണമെന്നും തിരുവഞ്ചൂര്‍ അഭിപ്രായപ്പെട്ടു.


ഇതുംകൂടി വായിക്കൂ:‍‍ഡിസിസി പുനഃസംഘടന: സ്വാധീനം പൂര്‍ണമായി നഷ്ടപ്പെട്ട് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും


പരസ്യവിമര്‍ശനം ഉന്നയിച്ച രമേശ് ചെന്നിത്തലയ്ക്കെതിരെ ഒളിയമ്പുമായി കെ. മുരളീധരന്‍ എംപിയും രംഗത്ത് വന്നു .കോട്ടയത്തെ യോഗത്തില്‍ കരുണാകരനെയും, മുരളീധരനെയും പരാമര്‍ശിച്ച് രമേശ് സംസാരിച്ചിരുന്നു. ഇതിനു മറുപടിയെന്നോണമാണ് മുരളീധരന്‍ രംഗത്തു വന്നത്, . പഴയകാര്യങ്ങള്‍ പറയാനാണെങ്കില്‍ കുറെയുണ്ട്. താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍ താന്‍ താന്‍ തന്നെ അനുഭവിച്ചിടണമെന്ന് അദ്ദേഹം പറഞ്ഞു. രമേശ് ചെന്നിത്തലയെഉദ്ദേശിച്ചാണ് മുരളീധരന്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്, പരിഹരിക്കാന്‍ കഴിയാത്ത ഒരു പോരായ്മയും പാര്‍ട്ടികകത്തില്ല. എല്ലാവരും അഡ്ജസ്റ്റ് ചെയ്യാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ഡിസിസി പ്രസിഡന്റായി പാലോട്‌ രവി ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുരളീധരന്‍.കോണ്‍ഗ്രസില്‍ നടക്കുന്നത് സമൂലമായ മാറ്റമാണ്. ഒരു കാലത്ത് താന്‍ അടക്കമുളളവര്‍ അച്ചടക്ക ലംഘനം നടത്തിയിട്ടുണ്ട് തുടര്‍ച്ചയായ പരാജയം പാര്‍ട്ടിക്ക് ഉണ്ടാകുന്നു. പാര്‍ട്ടിയെ ഇനി കുത്തഴിഞ്ഞ നിലയില്‍ കൊണ്ടുപോകാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയം ഒരു വ്യക്തിയുടെ പരാജയമല്ലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിന് മുന്‍പ് താന്‍ സൂചിപ്പിച്ച കാര്യങ്ങള്‍ ഗൗരവമായി എടുത്തില്ല. മുരളീധരന്‍ പറഞ്ഞു.ഡിസിസി പുന:സംഘടനയുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കങ്ങളില്‍ കാര്യമായി പ്രതികരിക്കാതെ ഉമ്മന്‍ ചാണ്ടി. നേതൃത്വം തീരുമാനിക്കട്ടെ എന്ന നിലപാടിലാണ് ഉമ്മന്‍ ചാണ്ടി. ഇനിയും ദിവസങ്ങളുണ്ടല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

താന്‍ ഡിസിസി യോഗത്തില്‍ നിന്ന് വിട്ടുനിന്നിട്ടില്ലെന്നും, മറ്റ് പരിപാടികള്‍ ഉള്ളത് കൊണ്ടാണ് പങ്കെടുക്കാതിരുന്നതെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കുന്ന കാര്യം പരിഗണിക്കുന്നുണ്ട്. പ്രശ്‌നങ്ങല്‍ പരിഹരിക്കാന്‍ സംസ്ഥാന നേതൃത്വം തന്നെ മുന്‍കൈയ്യെടുക്കട്ടെ എന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കുകയും ചെയ്തു. സമവായത്തിനില്ലെന്ന പരോക്ഷ സൂചന കൂടിയാണ് ഉമ്മന്‍ ചാണ്ടി നല്‍കുന്നത്.ഇതിനിടെ ഗ്രൂപ്പുകള്‍ക്കെതിരെ മുതിര്‍ന്ന നേതാവ് എകെ ആന്റണി തന്നെ രംഗത്തെത്തി.പാര്‍ട്ടി നേരിടുന്ന പ്രശ്‌നങ്ങളില്‍ താന്‍ മധ്യസ്ഥ വഹിക്കാനില്ലെന്ന് ആന്റണി വ്യക്തമാക്കി. ഗ്രൂപ്പുകള്‍ക്ക് താന്‍ ഇപ്പോള്‍ വഴങ്ങിയാല്‍ അത് പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്നും ആന്റണി വ്യക്തമാക്കി. അതേസമയം കെ സുധാകരനും വിഡി സതീശനും അദ്ദേഹം പിന്തുണ നല്‍കുന്നുവെന്നാണ് സൂചന. പ്രശ്‌നം പരിഹരിക്കാന്‍ രമേശ് ചെന്നിത്തലയെയും കാണാനാണ് സുധാകരനും സതീശനും തീരുമാനിച്ചിരിക്കുന്നത്.

ഇവരെ അത് അറിയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം ഇവര്‍ക്ക് അനുകൂലമല്ല. ഹൈക്കമാന്‍ഡ് ഇടപെടണമെന്ന് എ, ഐ ഗ്രൂപ്പുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.സുധാകരനും സതീശനും ചേര്‍ന്ന് മുതിര്‍ന്ന നേതാക്കള്‍ കൂടിയായ തങ്ങളെ അപമാനിച്ചെന്നാണ് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കരുതുന്നത്. ഹൈക്കമാന്‍ഡ് തന്നെ വിഷയത്തില്‍ ഇടപെട്ടട്ടെ എങ്കില്‍ മാത്രമേ വഴങ്ങൂ എന്ന നിലപാടിലാണ് ഇവര്‍.എന്നാല്‍ സുധാകരനും സതീശനും പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്ന നിലപാടിലാണ് ഹൈക്കമാന്‍ഡ്. താരിഖ് അന്‍വര്‍ നേരത്തെ ഇക്കാര്യം സ്ഥിരീകരിച്ചതാണ്. എന്നാല്‍ താരിഖ് അന്‍വറാണ് പ്രശ്‌നങ്ങള്‍ വഷളാക്കിയതെന്ന നിലപാടിലാണ് ഗ്രൂപ്പ് നേതാക്കള്‍. അദ്ദേഹത്തെ മാറ്റണമെന്നും ആവശ്യമുണ്ട്. ഇതെല്ലാം ഹൈക്കമാന്‍ഡിനെ ചൊടിപ്പിച്ചിട്ടുണ്ട്. ഗ്രൂപ്പ് നേതാക്കളെ കേള്‍ക്കാന്‍ അതുകൊണ്ട് തന്നെ ഹൈക്കമാന്‍ഡ് തയ്യാറാകുമെന്നു പറയുവനും കഴിയില്ല. എഐസിസി  സംഘടനാ  ജനറല്‍  സെക്രട്ടറി  കെ. സി  വേണുഗോപാലിനെതിരേ  ഹൈക്കമാന്‍ഡിന്  പരാതി  നല്‍കാനുളള തയ്യാറെടുപ്പിലാണ്  ഗ്രൂപ്പുകള്‍.
eng­lish summary;Leaders fight­ing each oth­er in the state Con­gress against Chennithala
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.