Web Desk

കണ്ണൂർ

July 22, 2021, 9:49 pm

ബാലറാം ഉൾപ്പെടെയുള്ള നേതാക്കൾ പ്രസ്ഥാനത്തിന് ഊർജം പകർന്നവർ: ഡി രാജ

Janayugom Online

സാമൂഹ്യ അസന്തുലിതാവസ്ഥയ്ക്കും ജാതി വ്യവസ്ഥയ്ക്കുമെതിരെ പോരാട്ടം സംഘടിപ്പിക്കുന്നതിനും ജനങ്ങളെ അണിനിരത്തുന്നതിനുമായി അക്ഷീണം പ്രവർത്തിച്ച മഹാന്മാരായിരുന്നു എൻ ഇ ബാലറാം ഉൾപ്പെടെയുള്ള കമ്മ്യൂണിസ്റ്റ് നേതാക്കൾ എന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. എൻ ഇ ബാലറാം, പി പി മുകുന്ദൻ, പി യശോദ ടീച്ചർ എന്നീ നേതാക്കളുടെ ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി സിപിഐ കണ്ണൂർ ജില്ലാ കൗൺസിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാതൃകാപരമായ കമ്മ്യൂണിസ്റ്റ് ജീവിതം നയിക്കുകയും രാജ്യത്താകമാനം നിറഞ്ഞു നിന്ന് പ്രവർത്തിക്കുകയും ചെയ്ത സമർപ്പിത ജീവിതത്തിനുടമയായിരുന്നു ബാലറാം. വർഗസമരമെന്നത് സാമ്പത്തിക സമരം മാത്രമല്ലെന്ന് വിലയിരുത്തുകയും തൊഴിലാളി വർഗത്തിന്റെ ഐക്യത്തിന് വേണ്ടി നിലകൊള്ളുകയും ചെയ്ത നേതാവായിരുന്നു ബാലറാം. പാർട്ടിയുടെ പ്രവർത്തനങ്ങളെ കൂടാതെ നിരവധി പുസ്തകങ്ങളും ലേഖനങ്ങളും എഴുതുകയും നിരന്തരം വായിക്കുകയും ആശയ അടിത്തറ ഉറപ്പിക്കുന്നതിലും കർമ്മ നിരതമായിരുന്നു ബാലറാമിന്റെ ജീവിതമെന്നും രാജ അനുസ്മരിച്ചു.
ശാരീരിക പരിമിതികൾക്കിടയിലും പ്രഗത്ഭനായ നേതാവായി പാർട്ടി ദേശീയ കൗൺസിൽ അംഗമെന്ന നിലയിൽ വരെ ഉജ്ജ്വലമായ പ്രവർത്തനം നടത്തിയ നേതാവായിരുന്നു പി പി മുകുന്ദൻ.

പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറി എന്ന നിലയിലും കരുത്തുറ്റ നേതാവായിരുന്നു അദ്ദേഹമെന്നും രാജ പറഞ്ഞു.
സേലം ജയിൽ സമരമുൾപ്പെടെയുള്ള പോരാട്ടങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ജനമനസിൽ ഇടം നേടിയ നേതാവും സംഘാടകയുമായിരുന്നു പി യശോദ ടീച്ചർ എന്നും മൂന്ന് നേതാക്കളുടെയും പ്രവർത്തനങ്ങളും കമ്മ്യൂണിസ്റ്റ് ജീവിതവും എക്കാലവും പാർട്ടിക്ക് ഊർജം പകരുന്നതാണെന്നും ഡി രാജ കൂട്ടിച്ചേർത്തു. കണ്ണൂർ എൻ ഇ ബാലറാം സ്മാരകത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവംഗം സി എൻ ചന്ദ്രൻ അധ്യക്ഷനായി. ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, അജിത്ത് കൊളാടി എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി പി സന്തോഷ് കുമാർ സ്വാഗതവും കണ്ണൂർ മണ്ഡലം സെക്രട്ടറി എൻ ഉഷ നന്ദിയും പറഞ്ഞു.

Eng­lish sum­ma­ry; Lead­ers includ­ing Balaram were the ones who gave impe­tus to the move­ment: D Raja

You may also like this video;