November 28, 2023 Tuesday

Related news

November 26, 2023
November 26, 2023
November 26, 2023
November 25, 2023
November 24, 2023
November 24, 2023
November 24, 2023
November 22, 2023
November 22, 2023
November 22, 2023

കെപിസിസി പുനസംഘടനാ മാനദണ്ഡങ്ങള്‍ക്ക് എതിരെ സോണിയാ ഗാന്ധിക്ക് നേതാക്കളുടെ കത്ത്: എഐസിസി നേതൃമാറ്റം ഉടന്‍ വേണമെന്ന് ശശി തരൂര്‍

Janayugom Webdesk
കൊച്ചി
September 18, 2021 3:19 pm

കെപിസിസി പുനസംഘടനാ മാനദണ്ഡങ്ങള്‍ക്ക് എതിരെ സോണിയാ ഗാന്ധിക്ക് നേതാക്കളുടെ കത്ത്. പരിചയസമ്പന്നരായ നേതാക്കളെ ഒഴിവാക്കുന്നത് തെറ്റായ സന്ദേശമെന്നും അടിയന്തര ഇടപെടല്‍ വേണമെന്നും ആവശ്യം. ഒരു വിഭാഗം കെപിസിസി വൈസ് പ്രസിഡന്റ്മാരും ജനറല്‍ സെക്രട്ടറിമാരുമാണ് കത്ത് അയച്ചത്. കെപിസിസി പുനസംഘടനാ മാനദണ്ഡങ്ങള്‍ക്ക് എതിരെ നിലപാട് കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് മുതിര്‍ന്ന നേതാക്കള്‍ സോണിയ ഗാന്ധിയ്ക്ക് കത്തയച്ചത്. മാനദണ്ഡങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി ഭാരവാഹികള്‍ കത്ത് നൽകിയെങ്കിലും ഇക്കാര്യത്തിൽ തുടർനടപടി സാധ്യത കുറവാണ് .പഞ്ചാബില ടക്കം പ്രശ്ങ്ങന ൾ ഉയർന്നതോടെ കേരള ത്തിലെ പ്രശ്നങ്ങൾ പുറകോട്ട് പോകാനാണ് സാധ്യത.

പരിചയ സമ്പന്നരായ നേതാക്കളെ ഒഴിവാക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. യുവാക്കളും പരിചയ സമ്പന്നരും ഉള്‍പ്പെടുന്ന കമ്മിറ്റിയാണ് കോണ്‍ഗ്രസിന് വേണ്ടത്. വിഷയത്തില്‍ സോണിയ ഗാന്ധിയുടെ അടിയന്തര ഇടപെടല്‍ വേണമെന്നാണ് നേതാക്കളുടെ ആവശ്യം. ഒരേ പദവിയില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയായ ജനറല്‍ സെക്രട്ടറിമാരേയും ഉപാദ്ധ്യക്ഷന്മാരെയും ഒഴിവാക്കുമെന്നാണ് പുനഃസംഘടന മാനദണ്ഡത്തില്‍ വ്യക്തമാക്കുന്നത്. ഒരാള്‍ക്ക് ഒരു പദവി കര്‍ശനമാക്കാനും തീരുമാനിച്ചിട്ടുണ്ട്.

 

 

പദവി ഒഴിഞ്ഞ ഡിസിസി അധ്യക്ഷന്മാരെ ഭാരവാഹി പട്ടികയില്‍ ഉള്‍പ്പെടുത്തില്ല. മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്നതോടെ 15 ലേറെ ഭാരവാഹികള്‍ക്കാണ് പദവി നഷ്ടമാകുക. കൂടിയാലോചനകള്‍ ഇല്ലാതെ തീരുമാനിച്ച മാനദണ്ഡങ്ങള്‍ അംഗീകരിക്കില്ലെന്ന നിലപാടാണ് നേതാക്കള്‍ സ്വീകരിക്കുന്നത്. ഒരു വിഭാഗം നേതാക്കളെ പൂര്‍ണമായും ഒഴിവാക്കുന്നതിന് വേണ്ടിയാണ് മാനദണ്ഡം നിശ്ചയിച്ചതെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. ഈ മാസം 25 നകം പുനസംഘടന പൂര്‍ത്തിയാക്കാനാണ് നേതൃത്വത്തിന്റെ ശ്രമം.

പുനസംഘടന പൂര്‍ത്തിയാകുന്നതിന് പിന്നാലെ കൂടുതല്‍ നേതാക്കള്‍ കലാപക്കൊടി ഉയര്‍ത്തുമെന്നാണ് സൂചന. ഇതിനിടെ എഐസിസി നേതൃമാറ്റം ഉടന്‍ ഉണ്ടാവണമെന്ന് ആവശ്യപെട്ട് ശശി തരൂര്‍ എംപി രംഗത്തെത്തി . അധ്യക്ഷസ്ഥാനം ഒഴിയണമെന്ന് സോണിയ ഗാന്ധി തന്നെ പറയുന്നു. അങ്ങനെയെങ്കില്‍ പുതിയ നേതൃത്വം ഉടന്‍ ഉണ്ടാകണം. അത് കോണ്‍ഗ്രസിന്റെ തിരിച്ച്‌ വരവിന് കൂടുതല്‍ ഊര്‍ജം പകരുമെന്നും ശശി തരൂര്‍ പറഞ്ഞു. സോണിയ ഗാന്ധി മികച്ച നേതാവാണ്. പക്ഷെ സ്ഥിരം അധ്യക്ഷ വേണമെന്ന ആവശ്യം നേതാക്കള്‍ക്ക് ഇടയില്‍ ഉണ്ട്. രാഹുല്‍ ഗാന്ധി ആ സ്ഥാനത്തേക്ക് വരുന്നെങ്കില്‍ ഉടന്‍ ഉണ്ടാകണം. അടുത്ത തെരഞ്ഞെടുപ്പില്‍ തിരിച്ചു വരണമെങ്കില്‍ ഇപ്പോള്‍ തന്നെ കോണ്‍ഗ്രസില്‍ അഴിച്ചുപണികള്‍ ആവശ്യമാണെന്നും ശശി തരൂര്‍ മൂവാറ്റുപുഴയില്‍ പറഞ്ഞു.പഞ്ചാബിൽ അമരീന്ദർ സിംഗ് അടക്കം വിമത ശബ്ദം ഉയർത്തുമ്പോൾ തരൂരിന്റെ ആവശ്യം നിരാകരിക്കുക എളുപ്പമായിരിക്കില്ല .

 

 

കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെടുന്ന നേതാക്കളുടെ കൂട്ടത്തിലാണ് ശശി തരൂരും. നേരത്തെ കോണ്‍ഗ്രസില്‍ നേതൃമാറ്റ ആവശ്യം ശക്തമായിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി വരണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പട്ടികജാതി വിഭാഗവും അഭിപ്രായപ്പെട്ടിരുന്നു. വിഷയത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ദേശീയ എക്സിക്യുട്ടീവ് യോഗം പ്രമേയം പാസാക്കുകയും ചെയ്തു. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷന്‍ ആകണമെന്ന് ആവശ്യം ഉന്നയിച്ചുകൊണ്ട് ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ്, ഡല്‍ഹി മഹിള കോണ്‍ഗ്രസ്, കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി സംഘടനയായ എന്‍.എസ്.യൂ.ഐ എന്നിവര്‍ മുന്‍പേ പ്രമേയം പാസ്സാക്കിയിരുന്നു.

2021 ജൂണ്‍ മാസത്തോട് കൂടി കോണ്‍ഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കുമെന്ന് പാര്‍ട്ടി നേതൃത്വം നേരത്തെ അറിയിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം കോണ്‍ഗ്രസില്‍ ഒരു ആഭ്യന്തര തെരഞ്ഞെടുപ്പ് നടത്താനും വര്‍ക്കിങ് കമ്മിറ്റി തീരുമാനിച്ചിരുന്നു. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ സോണിയാ ഗാന്ധിക്ക് കത്തയച്ചതിന് പിന്നാലെ സംഘടനാ തെരഞ്ഞെടുപ്പുകള്‍ നടത്താന്‍ വര്‍ക്കിങ് കമ്മിറ്റികള്‍ തീരുമാനം എടുത്തിരുന്നു .എന്നാൽ നേതാക്കളുടെ കൊഴിഞ്ഞുപോക്കും അഭിപ്രായഭിന്നതയും കാരണം ഒന്നും നടന്നില്ല .നേതൃത്വം ഏറ്റെടുക്കാൻ രാഹുൽ വിസമ്മതിക്കുകയും മറ്റുള്ളവരെ സോണിയക്ക് വിശ്വാസവുമില്ലായെന്നത് പ്രശ്നം സങ്കീർണമാക്കുന്നു .

 

Eng­lish Sum­ma­ry: Lead­ers’ let­ter to Sonia Gand­hi against KPCC reor­ga­ni­za­tion norms: Shashi Tha­roor urges imme­di­ate change of AICC leadership

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.