സുരേന്ദ്രന് കുത്തനൂര്‍
തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും പാര്‍ട്ടി നേതൃത്വത്തിന്റെ ഏകാധിപത്യ നിലപാടുകളിലും പ്രതിഷേധിച്ച് ബി ജെ പി യില്‍ നിന്ന് പ്രവര്‍ത്തകരും നേതാക്കളും രാജി തുടരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പണവും ജാതിയും മാത്രം മാനദണ്ഡമാക്കുന്നുവെന്നും സംസ്ഥാനനേതൃത്വത്തിലെ ചിലരുടെ ഇഷ്ടക്കാര്‍ക്ക് മാത്രം പരിഗണന നല്കുന്നുവെന്നുമാണ് പ്രധാന ആരോപണം. ബി ജെ പി മികച്ച നേട്ടമുണ്ടാക്കുമെന്ന് അവകാശമുന്നയിക്കുന്ന തിരുവനന്തപുരം, ബി ജെ പി നഗരസഭാ ഭരണം നടത്തിയിരുന്ന പാലക്കാട്, പ്രതീക്ഷ പുലര്‍ത്തുന്ന തൃശൂര്‍ ജില്ലകളിലാണ് കൂട്ടരാജി തുടരുന്നത്.
തൃശൂരില്‍ പാര്‍ട്ടി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണനു വേണ്ടി ഒഴിവാക്കിയ കോര്പ്പറേഷന് സിറ്റിങ്ങ് കൗണ്‍സിലര്‍ ഐ ലളിതാംബിക രാജിവെച്ചു. നിയോജകമണ്ഡലം വൈസ് പ്രസിഡണ്ടാണ് ലളിതംബിക. കോണ്‍ഗ്രസ് വിജയിച്ചിരുന്ന കുട്ടന്‍കുളങ്ങര ഡിവിഷനില്‍ നിന്നാണ് കഴിഞ്ഞ തവണ ലളിതംബിക വിജയിച്ചത്. ബി ജെ പിക്ക് ആകെയുണ്ടായിരുന്ന അഞ്ച് കൗണ്‍സിലര്‍മാരില്‍ നാല് പേര്‍ക്ക് വീണ്ടും മത്സരിക്കാന്‍ അവസരം നല്കിയപ്പോള് സീറ്റ് നിഷേധിച്ചത് ലളിതാംബികക്ക് മാത്രമാണ്. പാര്‍ട്ടിക്ക് വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നവരെ അവഗണിക്കുകയാണെന്ന് ലളിതാംബിക കുറ്റപ്പെടുത്തിയ ലളിതാംബിക സംസ്ഥാന പ്രസിഡണ്ട്, ജില്ലാ പ്രസിഡണ്ട്, മണ്ഡലം പ്രസിഡണ്ട് എന്നിവര്‍ക്ക് രാജിക്കത്ത് അയച്ചു. ഇതേ വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിക്കുമെന്നും അവര്‍ സൂചന നല്കി. ബി ജെ പി മുന്‍ ജില്ലാ പ്രസിഡന്റ് എ നാഗേഷിന്റെ പ്രദേശമായ തലവണിക്കര, പുലക്കാട്ടുകര മേഖലയിലെ സജീവ പ്രവര്‍ത്തകരായ 12 പേരും കുടുംബാംഗങ്ങളും കഴിഞ്ഞദിവസം ബി ജെ പി വിട്ട് ഇടതുപക്ഷവുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരുന്നു.
തിരുവനന്തപുരത്ത് കഴിഞ്ഞ ജൂണില്‍ യുവമോര്‍ച്ച സംസ്ഥാന സമിതിയംഗം രാജാജി മഹേഷ്, ജില്ലാ സെക്രട്ടറി പ്രശോഭ് എന്നിവര്‍ തുടങ്ങിവെച്ച രാജി പരമ്പര നീളുകയാണ്. വട്ടിയൂര്‍ക്കാവ് മണ്ഡലം സെക്രട്ടറി ആര് ബിന്ദുവാണ് ഏറ്റവും അവസാനം രാജിവെച്ചത്. വലിയവിള വാര്‍ഡിലെ സ്ഥാനാര്‍ത്ഥിത്വ തര്‍ക്കത്തെ തുടര്‍ന്നാണ് ബിന്ദു രാജിവച്ചത്. ജാതീയമായ വേര്‍തിരിവാണ് പാര്‍ട്ടി വെച്ചു പുലര്‍ത്തുന്നതെന്നും വലിയവിള വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും ബിന്ദു പറയുന്നു. കോര്പ്പറേഷന് ശ്രീകാര്യം വാര്‍ഡിലും അമ്പതിലേറെ പേര് നേതൃത്വത്തിന് രാജിക്കത്ത് നല്‍കിയിട്ടുണ്ട്. ജില്ലാ സെക്രട്ടറി പാങ്ങപ്പാറ രാജീവിനെ സ്ഥാനാര്‍ത്ഥിയാക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. നേതൃത്വം അവഗണിക്കുന്നെന്ന പരാതിയുമായി ബി ജെ പി മുന്‍ മീഡിയ കണ്‍വീനര്‍ വലിയശാല പ്രവീണ്‍ രണ്ടാാഴ്ച മുമ്പ് രാജി പ്രഖ്യാപിച്ചിരുന്നു.
കൊല്ലം തീരമേഖലയിലെ 200 ഓളം ബി ജെ പി പ്രവര്‍ത്തകരും കുടുംബങ്ങളും കഴിഞ്ഞദിവസം പാര്‍ട്ടി വിട്ട് ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്നു. ബിജെപി തികച്ചും വര്‍ഗീയ പാര്‍ട്ടിയെന്ന് ബിജെപി വിട്ട മത്സ്യ തൊഴിലാളികള്‍ വ്യക്തമാക്കി.ബി ജെ പി ഭരിക്കുന്ന കേരളത്തിലെ ഏക നഗരസഭയായ പാലക്കാട് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ശോഭാ പക്ഷത്തെ ഒതുക്കിയതിനെ തുടര്‍ന്ന് മുതിര്‍ന്ന നേതാക്കള്‍ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്. പാര്‍ട്ടി ദേശീയ കൗണ്‍സില്‍ അംഗം എസ് ആര് ബാലസുബ്രഹ്മണ്യത്തെ ശോഭാപക്ഷക്കാരനായതിന്റെ പേരില്‍ സിറ്റിങ്ങ് സീറ്റില്‍ നിന്ന് മാറ്റി. ഇതില്‍ പ്രതിഷേധിച്ച് ബാലസുബ്രഹ്മണ്യം മത്സരത്തില്‍ നിന്ന് പിന്മാറിയിരിക്കുകയാണ്. സിറ്റിങ് സീറ്റില്‍ നിന്ന് മാറ്റി പുത്തൂര്‍ നോര്‍ത്തില്‍ സ്ഥാനാര്‍ത്ഥിയാക്കിയത് തന്നോട് ആലോചിക്കാതെയാണെന്ന് ബാലസുബ്രഹ്മണ്യം പറഞ്ഞു. അദ്ദേഹം പിന്മാറിയതോടെ ബി ജെ പി ജില്ല അധ്യക്ഷന്‍ ഇ കൃഷ്ണദാസാണ് പകരം മത്സരിക്കുന്നത്. ബി ജെ പി ക്ക് ജയസാധ്യതയുള്ള സീറ്റില്‍ നിന്ന് മാറ്റിയതില്‍ പ്രതിഷേധിച്ച് മുന്‍ ആര് എസ് എസ് നേതാവായിരുന്ന എം സുനിലും മത്സരിക്കാനില്ലെന്ന് അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ജയിച്ച തിരുനെല്ലായ് വെസ്റ്റിലേക്കാണ് സുനിലിനെ മാറ്റിയത്.
നിലവിലെ നഗരസഭാ വൈസ് ചെയര്‍മാനും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സി കൃഷ്ണകുമാറും ജില്ലാ പ്രസിഡണ്ട് ഇ കൃഷ്ണദാസും ചേര്‍ന്ന് തന്നിഷ്ടം പോലെ പാര്‍ട്ടിയെ കൊണ്ടു പോകുകയാണെന്ന് രണ്ടു പതിറ്റാണ്ടിലേറെ കാലം നഗരസഭ കൗണ്‍സിലറായ ബാലസുബ്രഹ്മണ്യവും വിട്ടുനില്‍ക്കുന്ന മറ്റു നേതാക്കളും പറയുന്നു. അതേസമയം സി കൃഷ്ണകുമാറിന് ഇത്തവണ സീറ്റ് നല്‍കിയിട്ടില്ല. പകരം ഭാര്യ മിനി കൃഷ്ണകുമാറിന് ആര് എസ് എസ് നേതൃത്വം ഇടപെട്ട് സീറ്റ് നല്കി. കൃഷ്ണകുമാറിന്റെ പേരിലുള്ള അഴിമതിക്കഥകളുടെ തെളിവാണ് ഒഴിവാക്കലെന്ന് മറുപക്ഷം പറയുന്നു. ശോഭാ സുരേന്ദ്രന്റെ അനുയായിയും ആലത്തൂര്‍ നിയോജക മണ്ഡലം വൈസ് പ്രസിഡന്റും മുന്‍ ജില്ലാ കമ്മറ്റി അംഗവുമായ എല്‍ പ്രകാശിനി, ഒ ബി സി മോര്‍ച്ച നിയോജക മണ്ഡലം ട്രഷറര്‍ കെ നാരായണന്, മുഖ്യശിക്ഷക് ആയിരുന്ന എന്‍ വിഷ്ണു എന്നിവര്‍ ഒരാഴ്ച മുമ്പാണ് ബി ജെ പി വിട്ടത്. സ്ത്രീകള്‍ക്ക് പാര്‍ട്ടിയില്‍ ഒരു പരിഗണനയും ലഭിക്കില്ലെന്ന് അന്ന് മാധ്യമങ്ങളോട് പ്രതികരിച്ച പ്രകാശിനി പ്രാദേശികതലം മുതല്‍ അഴിമതിയില്‍ മുങ്ങിയിരിക്കുകയാണ് ബി ജെ പി എന്നും പറഞ്ഞിരുന്നു.
ENGLISH SUMMARY: leaders resigned from bjp
YOU MAY ALSO LIKE THIS VIDEO