പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് തുറന്ന ചർച്ചയ്ക്ക് തയ്യാറാണെന്ന് നിരവധി പ്രതിപക്ഷ നേതാക്കൾ. ബഹുജൻ സമാജ് പാർട്ടി അധ്യക്ഷ മായാവതി, സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, അഖിലേന്ത്യാ മജ്ലിസ് ഇ‑ഇത്തിഹാദുൽ മുസ്ലിമീൻ അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി എന്നിവരാണ് ഏത് വേദിയിലും ചർച്ചയ്ക്ക് തയ്യാറാണെന്നാണ് അറിയിച്ചത്. പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് ഏതുവേദിയിലും സംവാദത്തിന് തയ്യാറാണെന്ന കേന്ദ്രമന്ത്രി അമിത് ഷാ നടത്തിയ വെല്ലുവിളിക്ക് പിന്നാലെയാണ് നേതാക്കൾ പ്രതികരിച്ചിരിക്കുന്നത്.
പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് ജനങ്ങളോട് വിശദീകരിക്കുന്നതിന് സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി ലഖ്നൗവിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യുന്നതിനിടയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പൊതുവേദിയിൽ വച്ച് പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ചുള്ള ചർച്ചയ്ക്ക് പ്രതിപക്ഷ നേതാക്കളായ രാഹുൽ ഗാന്ധി, മമത ബാനർജി, അഖിലേഷ് യാദവ്, മായാവതി എന്നിവരെ വെല്ലുവിളിച്ചിരുന്നു. മാത്രമല്ല നിയമനിർമ്മാണത്തിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധം തുടരുന്നതിനിടയിലാണ് പൗരത്വ ഭേദഗതി നിയമം പിൻവലിക്കില്ലെന്ന് അദ്ദേഹം പറഞ്ഞത്. ” ആര് പ്രധിഷേധിച്ചാലും ശരി, പൗരത്വ ഭേദഗതി നിയമം പിൻവലിക്കുന്ന പ്രശ്നമേയില്ല” എന്നാണ് ചൊവ്വാഴ്ച നടന്ന റാലിയിൽ വെല്ലുവിളിയുടെ സ്വരത്തിൽ അമിത് ഷാ പറഞ്ഞത്.
അമിത് ഷായുടെ വെല്ലുവിളി ബിഎസ്പി എറ്റെടുക്കുന്നുവെന്നും ഷായുമായി സംവാദത്തിന് തയ്യാറാണെന്നും ബിഎസ്പി അധ്യക്ഷ മായാവതി പറഞ്ഞു. സിഎഎ, എൻആർസി, എൻപിആർ വിഷയങ്ങളിൽ രാജ്യവ്യാപകമായി ഉയരുന്ന പ്രതിഷേധങ്ങളിൽ യുവാക്കളുടെയും വനിതികളുടെയും പങ്കാളിത്തം കണ്ട് ബിജെപി ആകെ അങ്കലാപ്പിലായിരിക്കുകയാണെന്നും മായാവതി കൂട്ടിചേർത്തു.
എന്നാൽ എസ് പി അധ്യക്ഷൻ അഖിലേഷ് യാദവ് ബിജെപിയെ വികസന കാര്യങ്ങൾ സംബന്ധിച്ച് സംവാദം നടത്താനാണ് ക്ഷണിച്ചത്. വാദത്തിനായി ബിജെപിക്ക് ഏത് വേദിയും തെരഞ്ഞെടുക്കാമെന്നും ബിജെപിക്ക് ആഭിമുഖ്യമുള്ള ടിവി ചാനലുകളിലൂടെ വേണമെങ്കിലും ചർച്ചയാകാമെന്നും അവിടെയും താൻ വരാൻ തയ്യാറാണെന്നും അഖിലേഷ് പറഞ്ഞു. ബിജെപി ഭാരതീയരെ മതത്തിന്റെ പേരിൽ വിഭജിക്കുകയാണെന്നും രാജ്യത്തിന്റെ മതേരതര ആത്മാവിനെ തിരിച്ചറിഞ്ഞിട്ടുള്ളവർ പൗരത്വഭേദഗതി നിയമത്തെ ഏതിർക്കുകതന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തെ പിൻതുണയ്ക്കുനായി ബിജെപി പണം നൽകുന്നുണ്ടെന്നും അതേസമയം നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർ സ്വമനസ്സാലെയാണ് രംഗത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വ ഭേഗദതി നിയമത്തിനെതിരെ സ്ത്രീകളും കുട്ടികളും പ്രതിഷേധിക്കുന്നത് അവർ നിർബന്ധിക്കപ്പെടുന്നതു കൊണ്ടാണെന്നും അവർക്ക് നിയമത്തിന്റെ അർത്ഥം എന്താണെന്ന് കൂടി അറിയില്ലെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നടത്തിയ ആരോപണത്തിന് മറുപടിയായിട്ടായിരുന്നു അഖിലേഷിന്റെ പ്രതികരണം. ഷഹീൻബാഗിൽ പ്രതികരിക്കുന്ന സ്ത്രീകൾക്ക് ദിവസം 500 രൂപ വീതം സംഘാടകർ നൽകുന്നുണ്ടെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ നടത്തിയ പ്രസ്താവനയും വിവാദമായിരുന്നു. മാളവ്യക്കെതിരെ ഷഹീൻബാഗിലെ പ്രതിഷേധത്തിൽ പങ്കെടുത്ത വനിതകൾ തങ്ങളെ അപർകീർത്തിപ്പെടുത്തിയതിന് നോട്ടീസും അയച്ചിരുന്നു.
പൗരത്വ ഭേദഗതി നിയമത്തിൽ രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കളെ സംവാദത്തിന് വെല്ലുവിളിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് മറുപടിയുമായി അസദുദ്ദീൻ ഒവൈസിയും രംഗത്തെത്തിയിരുന്നു. “നിങ്ങളെന്തിന് അവരോട് സംസാരിക്കാൻ പോകുന്നു, എന്നോട് സംസാരിക്കൂ,
താടിയുള്ളയാളുമായി സംവദിക്കൂ. എനിക്ക് സിഎഎയെക്കുറിച്ചോ എൻപിആറിനെക്കുറിച്ചോ എൻആർസിയെക്കുറിച്ചോ സംവദിക്കാൻ കഴിയും” — ഒവൈസി പറഞ്ഞു. തെലങ്കാനയിലെ കരീംനഗറിൽ സംഘടിപ്പിച്ച റാലിയിലാണ് ഒവൈസി ഇക്കാര്യം പറഞ്ഞത്. ഹൈദരാബാദിലെ എഐഎംഐഎം എംപിയാണ് അസദുദ്ദീൻ ഒവൈസി. അതേസമയം രാഹുൽ ഗാന്ധിയോ മമത ബാനർജിയോ അഖിലേഷ് യാദവോ അമിത് ഷായോട് പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
English summary: Leaders taking on the challenge of Amit Shah; Ready for debate at any stage
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.