രാജ്യം ഉറ്റുനോക്കുന്ന നേതൃമാറ്റം

Web Desk
Posted on August 11, 2019, 10:07 pm

സോണിയ ഗാന്ധിയെ ഇടക്കാല പ്രസിഡന്റായി കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അവരോധിച്ചു. രാഹുല്‍ഗാന്ധി രാജിവച്ച ഒഴിവിലേക്കാണ് 20 മാസങ്ങള്‍ക്കുശേഷം സോണിയ തിരിച്ചുവന്നിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തെയും രാഹുല്‍ഗാന്ധിയുടെ രാജിയെയും തുടര്‍ന്ന് പാര്‍ട്ടി ഛിന്നഭിന്നമാകാതിരിക്കാന്‍ മറ്റൊരു മാര്‍ഗവും ഇല്ലെന്നതിനാലാണ് താല്‍ക്കാലിക ചുമതലയേല്‍ക്കാന്‍ സോണിയ തയ്യാറായത്. പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ ചേര്‍ന്ന വര്‍ക്കിംഗ് കമ്മിറ്റി മുതിര്‍ന്ന നേതാക്കളായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, മുകുള്‍ വാസ്‌നിക്, യുവനേതാവായ ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുടെ പേരുകള്‍ പരിഗണിച്ചു. അവരില്‍ ഒരാള്‍ക്കും ഒരു ശതമാനം പിന്തുണപോലും ആര്‍ജിക്കാനായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന, സ്വാതന്ത്ര്യ സമരത്തിനു നേതൃത്വം നല്‍കുകയും സ്വാതന്ത്ര്യാനന്തര ഘട്ടത്തില്‍ ഏറിയ കാലം രാജ്യഭരണം കയ്യാളുകയും ചെയ്ത, പാര്‍ട്ടി നേരിടുന്ന അതീവ ഗുരുതരവും നിരാശാജനകവുമായ അവസ്ഥയെയാണ് വര്‍ക്കിംഗ് കമ്മിറ്റി തീരുമാനം അടയാളപ്പെടുത്തുന്നത്. നിരവധി ദശകങ്ങളുടെ അനുഭവ സമ്പത്തും മുഖ്യമന്ത്രിപദം മുതല്‍ കേന്ദ്ര മന്ത്രിമാര്‍, പ്രധാനമന്ത്രി തുടങ്ങിയ പദവികള്‍ വരെ വഹിച്ചവരുടെ നീണ്ടനിര ഉണ്ടായിട്ടും രോഗബാധയെ തുടര്‍ന്ന് വിശ്രമ ജീവിതത്തിലേക്ക് പ്രവേശിച്ച സോണിയയെ തിരിച്ചുവിളിക്കേണ്ടിവന്നുവെന്നത് കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വത്തിന്റെ രാഷ്ട്രീയ പാപ്പരത്തത്തെയാണ് തുറന്നു കാണിക്കുന്നത്. പരസ്പര വിശ്വാസം, കൂട്ടായ നേതൃത്വം തുടങ്ങി അടിസ്ഥാന ജനാധിപത്യ മൂല്യങ്ങള്‍ നഷ്ടപ്പെട്ട ഒന്നാണ് കോണ്‍ഗ്രസിന്റെ സമുന്നത നേതൃത്വം എന്നാണ് പുതിയ സംഭവവികാസം വെളിവാക്കുന്നത്.
കോണ്‍ഗ്രസിന് കൂട്ടായ നേതൃത്വം നഷ്ടമായിട്ടും ആ പാര്‍ട്ടിയില്‍ ജനാധിപത്യപരമായ തെരഞ്ഞെടുക്കപ്പെട്ട നേതൃഘടകങ്ങള്‍ ഇല്ലാതായിട്ടും ദശകങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ആ പാര്‍ട്ടിയെ കൂട്ടിയോജിപ്പിക്കുന്ന ഏക ഘടകം നെഹ്‌റു ഗാന്ധി കുടുംബം മാത്രമാണെന്ന് വന്നിരിക്കുന്നു. അതിന്റെ ഏക കാരണം ആ കുടുംബവും പാര്‍ട്ടിക്ക് കാലാകാലം നേതൃത്വം നല്‍കിവന്നിരുന്ന മറ്റ് കുടുംബങ്ങളും മാത്രമാണെന്ന് കരുതുന്നതും വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. പാര്‍ട്ടിയിലെ പ്രാദേശിക നേതാക്കള്‍ക്കും അവരുടെ പിന്മുറക്കാര്‍ക്കും ഏറ്റവും സൗകര്യപ്രദമായ സംവിധാനമാണ് നെഹ്‌റു-ഗാന്ധി കുടുംബവാഴ്ച. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃസ്ഥാനങ്ങളും തെരഞ്ഞെടുക്കപ്പെട്ട പദവികളും കയ്യാളുന്നവരില്‍ ഭൂരിപക്ഷവും അത്തരക്കാരാണ്. രാഷ്ട്രീയവും ആശയപരവുമായ യാതൊരു പ്രതിബദ്ധതയും കൂടാതെ അധികാരത്തിനും സമ്പത്ത് ആര്‍ജിക്കലിനുമുള്ള കുറുക്കുവഴിയാണ് ‘കുടുംബ’ത്തോടുള്ള സമ്പൂര്‍ണ വിധേയത്വം. പതിനേഴാമത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പോലും മക്കള്‍ക്കും മരുമക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും വിധേയര്‍ക്കും സ്ഥാനാര്‍ഥിത്വവും സ്ഥാനവും ഉറപ്പിക്കാനുള്ള അത്യന്തം അപമാനകരവും നിന്ദ്യവുമായ കളികളാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നടന്നത്. ‘നേതൃകുടുംബം’ അത്തരം സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ പാര്‍ട്ടിയെ പിളര്‍ക്കാനും തകര്‍ക്കാനും അവര്‍ മടിക്കില്ലെന്ന അവസ്ഥ സംജാതമായി. രാജിയിലേക്കും ആ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കാനും രാഹുല്‍ ഗാന്ധിയെ നയിച്ചത് തലമുതിര്‍ന്ന നേതാക്കളടക്കമുള്ളവരുടെ നിലപാടുകളാണെന്നും അദ്ദേഹം തുറന്നു പറയുകയുണ്ടായി. പണത്തിനും പദവിക്കും അവ കൂടുതല്‍ ഉറപ്പുവരുത്താനും ഏതറ്റംവരെ പോകാനും മുതിര്‍ന്ന നേതാക്കള്‍പോലും മടിക്കില്ലെന്നാണ് കോണ്‍ഗ്രസില്‍ നിന്നുള്ള ഒഴിഞ്ഞുപോക്കും കൂട്ടകാലുമാറ്റങ്ങളും തെളിയിക്കുന്നത്. ജനാധിപത്യത്തിലും മതനിരപേക്ഷയിലും സാമൂഹ്യ സാമ്പത്തിക നീതിയിലും ഊന്നിയുള്ള രാഷ്ട്രീയ കാഴ്ചപ്പാട് കോണ്‍ഗ്രസ് നേതൃത്വത്തിന് കൈമോശം വന്നിരിക്കുന്നു. ധനമോഹത്തിലും അധികാര വ്യാമോഹങ്ങളിലും അഭിരമിക്കുന്ന അനിയന്ത്രിത ജനക്കൂട്ടമായി കോണ്‍ഗ്രസ് നേതൃത്വം അധഃപതിച്ചിരിക്കുന്നു.
ധാര്‍മികവും രാഷ്ട്രീയവും സംഘടനാപരവുമായ കോണ്‍ഗ്രസിന്റെ തകര്‍ച്ചയും ആ പാര്‍ട്ടി നേരിടുന്ന ശിഥിലീകരണവും ഇന്ത്യന്‍ ജനാധിപത്യവും മതനിരപേക്ഷ മൂല്യങ്ങളും പുരോഗമന രാഷ്ട്രീയ സംസ്‌കാരവും നേരിടുന്ന കനത്ത വെല്ലുവിളിയാണ്. ഇത് സുരക്ഷിത താവളങ്ങള്‍ തേടുന്ന അവസരവാദ കോണ്‍ഗ്രസ് നേതൃത്വത്തെപ്പറ്റിയുള്ള ഉല്‍ക്കണ്ഠയല്ല. മേല്‍പറഞ്ഞ മൂല്യങ്ങളിലും രാഷ്ട്രീയ പരിപ്രേക്ഷ്യത്തിലും ഉറച്ചു വിശ്വസിക്കുന്ന ബഹുജനങ്ങളുടെ ആത്മവിശ്വാസ തകര്‍ച്ചയേയും നിരാശാബോധത്തെയും അത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സൃഷ്ടിച്ചേക്കാവുന്ന ശൂന്യതയേയും പറ്റിയുള്ള ആശങ്കയാണ്. അവസരവാദ കോണ്‍ഗ്രസിന്റെ അതെ വിനാശകരമായ പാത പിന്തുടരുന്ന പാര്‍ട്ടികളുടെ ഒരു സമുച്ചയമായി ഇന്ത്യന്‍ രാഷ്ട്രീയം അധഃപതിക്കുന്നു. കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം അതിനെ നയിച്ച വ്യക്തിത്വമാണ് സോണിയ ഗാന്ധിയുടേത്. കോണ്‍ഗ്രസിന്റെയും രാജ്യത്തിന്റെയും ചരിത്രത്തിലെ വെല്ലുവിളികള്‍ നിറഞ്ഞ കാലഘട്ടത്തിലാണ് അവര്‍ താല്‍ക്കാലികമെങ്കിലും അധ്യക്ഷ പദവി ഏറ്റെടുക്കുന്നത്. കോണ്‍ഗ്രസിനെ നിലനിര്‍ത്താനും അതിനെ ആശയപരമായും സംഘടനാപരമായും പുനരുജ്ജീവിപ്പിക്കാനും രാജ്യത്തിന്റെ മതനിരപേക്ഷ പുരോഗമന മുന്നേറ്റത്തിന് പ്രതിപക്ഷ ഐക്യനിര പടുത്തുയര്‍ത്താനും കഴിയുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.