24 April 2024, Wednesday

Related news

April 17, 2024
April 15, 2024
April 3, 2024
April 3, 2024
February 28, 2024
February 26, 2024
February 23, 2024
February 20, 2024
February 8, 2024
February 2, 2024

‘ഹരിത’ത്തില്‍ വരള്‍ച്ച വിതയ്ക്കുന്ന ലീഗ് താലിബാനിസം

വി പി ഉണ്ണികൃഷ്ണൻ
മറുവാക്ക്
August 20, 2021 5:13 am

രിടവേളയ്ക്കുശേഷം അഫ്ഗാനിസ്ഥാനെ‍ താലിബാന്‍ ഭീകരവാദികള്‍ കാല്‍ക്കീഴിലമര്‍ത്തുകയും രാജ്യത്തെ ഇസ്‌ലാമിക എമിറേറ്റായി പ്രഖ്യാപിക്കുകയും പ്രസിഡന്റിന്റെ കൊട്ടാരത്തിനു മുകളില്‍ താലിബാന്‍ പതാക ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു. രാഷ്ട്ര തലവന്മാര്‍ ജനതയെ മറന്ന് അന്യരാഷ്ട്രങ്ങളിലേക്ക് പ്രാണരക്ഷാര്‍ത്ഥം ഓടിമറഞ്ഞു. അമേരിക്ക പരിശീലിപ്പിച്ച് സജ്ജമാക്കിയെന്നവകാശപ്പെട്ട അഫ്ഗാന്‍ സൈന്യം താലിബാന്‍ മുന്നേറ്റത്തില്‍ കാണാമറയത്ത് ഓടിമറഞ്ഞു, പതിനായിരങ്ങള്‍ കൂട്ട പലായനം നടത്തുന്നു. പറന്നുയരുന്ന വിമാനങ്ങളുടെ ചിറകുകളില്‍ തൂങ്ങിനിന്ന് യാത്ര ചെയ്ത് രാജ്യം വിടാന്‍ കൊതിക്കുന്നവര്‍ നിലത്തുവീണ് ചിന്നിച്ചിതറുന്നു. 1996 ല്‍ താലിബാന്‍ അഫ്ഗാനെ കീഴ്പ്പെടുത്തിയപ്പോള്‍ ഉണ്ടായ ദുരന്ത പര്‍വങ്ങള്‍ ആ ജനതയെ ഇന്നും വേട്ടയാടുന്നു, ഭയപ്പെടുത്തുന്നു. അക്കാലത്ത് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം നിരോധിച്ചു. പള്ളിക്കൂടങ്ങള്‍, കലാലയങ്ങള്‍ താഴിട്ടു ബന്ധിച്ചു. സ്ത്രീകള്‍ വീടിനുള്ളില്‍ നിന്ന് പുറത്തിറങ്ങാന്‍ പാടില്ലെന്ന കല്പന പുറപ്പെടുവിച്ചു. മറ്റു വസ്ത്രങ്ങള്‍ നിരോധിച്ചു. കുടുംബാംഗങ്ങളോടൊപ്പം സ്ത്രീകള്‍ പുറത്തിറങ്ങിയാല്‍ പര്‍ദ്ദ ധരിച്ചിരിക്കണം. മാധ്യമ പ്രവര്‍ത്തനത്തിന് വിലങ്ങിട്ടു. തങ്ങള്‍ക്ക് അനിഷ്ടം തോന്നുന്നവരെ വെടിയുതിര്‍ത്തും തെരുവില്‍ കല്ലെറിഞ്ഞും തെരുവില്‍തന്നെ കഴുവിലേറ്റിയും കൊന്നുതള്ളി. സ്ത്രീകള്‍ ഭീകരമായ ബലാത്സംഗത്തിന് ഇരകളായി. മതതീവ്രവാദ ഭീകരതയ്ക്കാണ് ലോകം അന്ന് സാക്ഷിയാകേണ്ടിവന്നത്.

ഇന്നിപ്പോള്‍ താലിബാനുകാര്‍ ആദ്യം മധുരവാക്കുകള്‍ മൊഴിഞ്ഞെങ്കിലും സ്ഥിതി തഥൈവ തന്നെയെന്ന് ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ തന്നെ തെളിയിച്ചുകഴിഞ്ഞു. താലിബാനിസം എത്രമേല്‍ പൈശാചികമാണെന്ന് മുഖാവരണങ്ങളൊന്നുമില്ലാതെ അവര്‍ ആവര്‍ത്തിച്ചു തെളിയിക്കുകയാണ്. സ്ത്രീകള്‍ക്ക് മതം അനുവദിക്കുന്ന എല്ലാ സ്വാതന്ത്ര്യവും നല്കുമെന്ന് പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ മുഖം മറയ്ക്കാതെ പുറത്തിറങ്ങിയെന്നാരോപിച്ച് ഒരു സ്ത്രീയെ വെടിവച്ചു കൊന്നു. കാബൂളില്‍ വീടിനുള്ളില്‍ നിന്ന് പുറത്തിറങ്ങിയ സ്ത്രീകളെ അതിക്രൂരമായി മര്‍ദ്ദിച്ചു. മാധ്യമപ്രവര്‍ത്തകരെ പൈശാചികമായി വേട്ടയാടാന്‍ തുടങ്ങി. ചന്ദര്‍കിന്ദിലെ വനിതാ ഗവര്‍ണറെ താലിബാന്‍ സംഘം പിടികൂടി അവരുടെ അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. ദേശീയ പതാക പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജലാലാബാദില്‍ മുദ്രാവാക്യം മുഴക്കിയവര്‍ക്കുനേരെ താലിബാനിസ്റ്റുകള്‍ നിറയൊഴിച്ചു. മൂന്നുപേര്‍ കൊല്ലപ്പെട്ടു.

വയലാര്‍ ‘പ്രൊക്യൂസ്റ്റസ്’ എന്ന കവിതയില്‍ എഴുതി;

അവന്റെ കട്ടിലിനേക്കാള്‍ വലുതാ-

ണവരുടെയുടലുകളെങ്കില്‍

അരിഞ്ഞു ദൂരെത്തള്ളും കത്തി-

ക്കവരുടെ കൈയും കാലും.

അവന്റെ കട്ടിലിനേക്കാള്‍ ചെറുതാ-

ണവരുടെ യുടലുകളെങ്കില്‍

അടിച്ചുനീട്ടും ചുറ്റികകൊണ്ടവ-

നവരുടെ കൈയും കാലും’ ഇതാണ് താലിബാനിസത്തിന്റെ ആത്മമന്ത്രം.

അഫ്ഗാനിസ്ഥാനിലെ കാഴ്ച ഇതാണെങ്കില്‍ ഈ കൊച്ചു കേരളത്തിലും താലിബാനിസത്തിന്റെ ശബ്ദം മെല്ലെ മെല്ലെ മുഴങ്ങാന്‍ തുടങ്ങിയിരിക്കുന്നു. അത് മുസ്‌ലിം ലീഗ് എന്ന പാര്‍ട്ടിക്കുള്ളിലാണെന്ന് മാത്രം. സ്ത്രീകളുടെ അവകാശങ്ങളോട്, ജനാധിപത്യ കടമകളോട്, ലിംഗനീതിയോട് എന്നും മുഖംതിരിഞ്ഞു നില്ക്കുകയും പുറംകാലുകള്‍ കൊണ്ട് തിരസ്ക്കരിക്കുകയും ചെയ്ത ചരിത്ര പാരമ്പര്യം അഭിമാന മകുടംപോലെ ശിരസിലേറ്റുന്നവരാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗുകാര്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അമ്പതു ശതമാനം സ്ത്രീസംവരണം നിയമംമൂലം നിലവില്‍ വന്നില്ലായിരുന്നെങ്കില്‍ മുസ്‌ലിം ലീഗിലെ ഒരു വനിതാ പ്രവര്‍ത്തകയും പഞ്ചായത്ത് അംഗംപോലും ആവുമായിരുന്നില്ല. താലിബാനിസ്റ്റുകളെ പോലെ സ്ത്രീ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് മുസ്‌ലിം ലീഗ്.

താലിബാന്‍ എന്ന വാക്കിന്റെ അര്‍ത്ഥം വിദ്യാര്‍ത്ഥി എന്നാണെന്നുപോലും. ലീഗും താലിബാനിസം നടപ്പാക്കുവാന്‍ തുടങ്ങുന്നത് വിദ്യാര്‍ത്ഥിനികള്‍ക്കുമേല്‍ തന്നെ എന്നത് യാദൃശ്ചികമാവാം. കാബൂളില്‍ താലിബാന്‍ നേതാവ് പത്രസമ്മേളനം നടത്തവേ, എന്നാണ് അഫ്ഗാനിസ്ഥാനില്‍ വനിതാ സ്ഥാനാര്‍ത്ഥികളുണ്ടാവുകയെന്നും വനിതകള്‍ക്ക് വോട്ടവകാശം ലഭിക്കുമോയെന്നും ആരാഞ്ഞപ്പോള്‍ മാധ്യമപ്രവര്‍ത്തകയോട് പൊട്ടിത്തെറിച്ച താലിബാന്‍ നേതാവ് പൊട്ടിച്ചിരിച്ചതിനുശേഷം ക്യാമറ ഓഫ് ചെയ്യാന്‍ അലറിയതിന്റെയും വീഡിയോ പ്രചരിക്കുന്നതായി മാധ്യമങ്ങള്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എംഎസ്എഫ് എന്ന ലീഗ് വിദ്യാര്‍ത്ഥി സംഘടനയുടെ ഉപവിഭാഗമായ വിദ്യാര്‍ത്ഥിനികളുടെ ‘ഹരിത’ ഉന്നയിച്ച വിഷയങ്ങളെ സംബന്ധിച്ച് എം കെ മുനീറും പി എം എ സലാമും പി കെ കുഞ്ഞാലിക്കുട്ടിയും ലീഗിന്റെ മഹിളാ നേതാവ് നൂര്‍ബിന റഷീദിന്റെയും മാധ്യമങ്ങളുടെ മുന്നിലുള്ള പ്രതികരണങ്ങള്‍ ആ താലിബാന്‍ നേതാവിന്റെ വാക്കുകളെയും പ്രവൃത്തികളെയും ഓര്‍മ്മിപ്പിച്ചാല്‍ അമ്പരപ്പെടാനാവുകയില്ല.

സ്വന്തം സംഘടനയിലെ വനിതാ പ്രവര്‍ത്തകര്‍ക്കു നേരെ നേരിട്ട് ലൈംഗികാധിക്ഷേപം നടത്തിയത് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റും ഇതര സംസ്ഥാന ഭാരവാഹികളില്‍ ചിലരുമാണ്. ഉന്നത വിദ്യാഭ്യാസം ആര്‍ജ്ജിച്ച വിദ്യാര്‍ത്ഥിനികളെയാണ് തീര്‍ത്തും മ്ലേച്ഛമായ ഭാഷയില്‍ ലൈംഗികാധിക്ഷേപം നടത്തിയത്. ‘കല്യാണം കഴിച്ച് പെറ്റുപെരുകി വീട്ടില്‍ കഴിഞ്ഞുകൂടേ’, ‘വേശ്യയുടെ ചാരിത്ര പ്രസംഗം’, ‘ഹരിതയിലെ പെണ്‍കുട്ടികള്‍ കല്യാണം കഴിക്കാന്‍ തയാറല്ലെന്നും ഇനി അഥവാ കല്യാണം കഴിച്ചാല്‍തന്നെ പ്രസവിക്കുവാന്‍ തയാറല്ലെന്നും’ തുടങ്ങി തീര്‍ത്തും അപമാനകരമായ പ്രയോഗങ്ങള്‍ പറയാനോ എഴുതുവാനോ കഴിയാത്ത മറ്റു നിരവധി പ്രയോഗങ്ങള്‍ നവമാധ്യമങ്ങളിലൂടെ അവര്‍ പ്രവഹിപ്പിക്കുകയും ചെയ്യുന്നു.

പരമ്പരകളായി തുടരുന്ന വ്യക്തിഹത്യക്കും ലൈംഗികാധിക്ഷേപത്തിനുമെതിരായി ‘ഹരിത’­യിലെ പത്തു വിദ്യാര്‍ത്ഥിനികള്‍ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ എംഎസ്എഫ് ദേശീയ നേതൃത്വത്തിനും മുസ്‌ലിംലീഗ് സംസ്ഥാന നേതൃത്വത്തിനും പരാതി നല്കി നീതിക്കുവേണ്ടി കാത്തിരുന്നു. പക്ഷേ, സ്ത്രീ അവകാശനിഷേധത്തിന്റെ കക്ഷിയായ മുസ്‌ലിംലീഗ് തങ്ങളുടെ പുരുഷ അധിനിവേശ അജണ്ടയുടെ ഭാഗമായി മുറിവേറ്റ വിദ്യാര്‍ത്ഥിനി മനസുകളെ അവഗണിച്ചു. അധിക്ഷേപകരെ ഹൃദയത്തോട് ചേര്‍ത്തുപിടിച്ചു. അവര്‍ക്കായി സംരക്ഷക കോട്ടകള്‍ പണിതു. മുസ്‌ലിം ലീഗിന്റെ പ്രധാന സംസ്ഥാന നേതാക്കളെയെല്ലാം ‘ഹരിത’ അംഗങ്ങള്‍ നേരില്‍ കണ്ട് കാര്യങ്ങള്‍ അവതരിപ്പിച്ചു. 52 ദിവസങ്ങള്‍ അവര്‍ കാത്തിരുന്നു അവര്‍ വിശ്വസിച്ച പാര്‍ട്ടിയില്‍ നിന്ന് നീതി കിട്ടുമെന്ന് പ്രതീക്ഷിച്ചും ആശിച്ചും കൊണ്ട് നീതി അപ്രാപ്യമാണെന്ന് ബോധ്യപ്പെട്ടപ്പോഴാണ് അവര്‍ നിയമവഴി തേടി വനിതാ കമ്മിഷനെ സമീപിച്ചത്. കേരളത്തിലെ ഏതൊരു സ്ത്രീയുടെയും പൗരാവകാശമാണത്. തങ്ങളുടെ മാനാഭിമാനം സംരക്ഷിക്കുവാന്‍ ഏതൊരു സ്ത്രീക്കും സംഘടനാ സംവിധാനത്തില്‍ കഴിയുന്നില്ലെങ്കില്‍ അവര്‍ നിയമത്തിന്റെ വഴി തേടുന്നതില്‍ അതിശയമെന്ത്?

അവര്‍ വനിതാ കമ്മിഷനില്‍ പോയെന്നറിഞ്ഞപ്പോള്‍ ലീഗ് നേതൃത്വം ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നു. ‘ഹരിത’ക്കാരോട് വനിതാ കമ്മിഷനില്‍ നല്കിയ പരാതി പിന്‍വലിക്കുവാന്‍ കല്പിച്ചു. അപ്പോഴും ലൈംഗികാധിക്ഷേപക്കാര്‍ ലീഗ് കോട്ടകളില്‍ സുരക്ഷിതരും സദാചാരക്കാരുമാണ്. വിദ്യാസമ്പന്നരായ പെണ്‍കുട്ടികള്‍ കേസ് പിന്‍വലിക്കണമെന്ന കല്പനയ്ക്ക് വഴങ്ങിയില്ല. അത് പുരോഗമന കേരളത്തിന് ആശ്വാസം നല്കുന്നു. പള്ളികളില്‍ ആരാധനയ്ക്ക് സ്ത്രീകളെ പ്രവേശിപ്പിക്കാത്ത പ്രാകൃതത്വം ഇന്നും മാറോടണച്ചുപിടിക്കുന്നവരാണ് ലീഗ് ഉള്‍പ്പെടെയുള്ള സംഘടനകള്‍. ശബരിമല സ്ത്രീപ്രവേശനത്തിനെ വോട്ടുകച്ചവടത്തിന് ഉപയോഗിക്കുന്ന സംഘപരിവാര അജണ്ടയാണ് മുസ്‌ലിം പള്ളികളിലെ പ്രവേശനത്തിന്റെ കാര്യത്തില്‍ ലീഗിനുള്ളത്. വനിതാ കമ്മിഷനിലെ പരാതി പിന്‍വലിക്കാത്തതിനെ തുടര്‍ന്ന് ‘ഹരിത’യെ മരവിപ്പിച്ചു ലീഗ് നേതൃത്വം. ‘ഫ്രീസ്’ ചെയ്തു എന്നാണ് ലീഗ് നേതൃത്വം പ്രഖ്യാപിച്ചത്. വാദികള്‍ക്ക് ശിക്ഷ കല്പിക്കുകയും പ്രതികള്‍ക്ക് ബഹുമതി മുദ്ര നല്കുകയും ചെയ്യുന്ന പാര്‍ട്ടിയാണ് മുസ്‌ലിം ലീഗ് എന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുന്നു അവര്‍. ലീഗിന്റെ വനിതാ നേതാവിന്റെ അപഹാസ്യ പ്രകടനങ്ങളും കണ്ടു ഇതിനിടയില്‍. ഇങ്ങനെയൊക്കെ നടന്നാല്‍ താത്തമാരോട് പറയണ്ടേ, ഉമ്മമാരോട് പറയണ്ടേ, ഞങ്ങള്‍ വനിതാ ലീഗുകാരോട് അവരാരും പറഞ്ഞില്ല, അവര്‍ എന്തിന് വനിതാ കമ്മിഷനില്‍ പോയി. ഇതായിരുന്നു അവരുടെ പ്രതികരണം. വനിതാ ലീഗ് ഉയര്‍ത്തുന്ന സ്ത്രീ സുരക്ഷയുടെ പ്രകടമുഖമാണ് ഈ പ്രതികരണം. ഇതിനിടയില്‍ എം കെ മുനീറിന്റെ ഫലിത പ്രകടനവും ഉണ്ടായി. താലിബാനിസ്റ്റുകള്‍ക്കെതിരെ ഞങ്ങള്‍ പൊരുതുമ്പോള്‍ നിങ്ങളെല്ലാവരും മുസ്‌ലിം ലീഗിനെ ആക്രമിക്കുന്നതെന്തിനാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. സ്വന്തം വിദ്യാര്‍ത്ഥി സംഘടനയില്‍ താലിബാനിസം നടപ്പാക്കുന്നവര്‍ അഫ്ഗാനിസ്ഥാനിലെ താലിബാനിസത്തിനെതിരെ പൊരുതുന്നുപോലും, ബഹുഫലിതം!.

‘ഹരിത’യുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന എംഎസ്എഫിന്റെ ഏക വനിതാ ദേശീയ വൈസ് പ്രസിഡന്റുമായ ഫാത്തിമ തഹ്‌ലിയയുടെ വാക്കുകള്‍ ശ്രദ്ധേയമാണ്. ”ലൈംഗികാധിക്ഷേപം നടത്തിയവര്‍ക്ക് ലഭിച്ച സ്വാഭാവിക നീതി പരാതിക്കാരായ ‘ഹരിത’യുടെ ഭാരവാഹികള്‍ക്ക് ലീഗ് നേതൃത്വത്തില്‍ നിന്ന് ലഭിച്ചില്ല” തുടര്‍ന്ന് അവര്‍ പറയുന്നു; ”ലൈംഗികാധിക്ഷേപത്തിന്റെയും വ്യക്തിഹത്യകളുടെയും നിരന്തരമായ മാനസിക സംഘര്‍ഷത്തിലൂടെ കടന്നുപോയതുകൊണ്ടാണ് ഒടുവില്‍ വനിതാ കമ്മിഷനെ സമീപിച്ചത്”. പരാതി നല്കിയ പത്തു പെണ്‍കുട്ടികള്‍ക്കൊപ്പം താനും ഉറച്ചുനില്ക്കുമെന്നും എംഎസ്എഫ് ദേശീയ നേതാവ് ഫാത്തിമ തഹ്‌ലിയ പ്രഖ്യാപിച്ചു.

കുഞ്ഞാപ്പ എന്ന പി കെ കുഞ്ഞാലിക്കുട്ടിയുടെ പാര്‍ട്ടിയല്ലേ! സ്ത്രീകള്‍ക്കുനേരെയുള്ള കടന്നാക്രമണത്തില്‍ അത്ഭുതപ്പെടാനില്ല.

വെളിച്ചം ദുഃഖമാണുണ്ണീ

തമസ്സല്ലോ സുഖപ്രദം’ എന്ന് അക്കിത്തം എഴുതിയത് വെറുതെയല്ല. മുസ്‌ലിം ലീഗുകാര്‍ വെളിച്ചത്തെ തമസ്ക്കരിക്കുകയും ഇരുട്ടിനെ പുണരുകയും ചെയ്യുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.