Web Desk

സൂററ്റ്

January 19, 2020, 10:09 am

വന്ദേമാതരം വിളിക്കാത്തവർ ഇന്ത്യ വിട്ട് പോകണം: ആവശ്യം ആവർത്തിച്ച് കേന്ദ്രമന്ത്രി പ്രതാപ് ചന്ദ്ര

Janayugom Online

വന്ദേമാതരം വിളിക്കാൻ തയ്യാറാകാത്തവർ ഇന്ത്യ വിട്ടു പോകണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി വീണ്ടും രംഗത്ത്. രാജ്യത്തിന്റെ സ്വാതന്ത്രത്തെയും അഖണ്ഡതയെയും അംഗീകരിക്കണം. അതുപോലെ വന്ദേമാതരത്തെയും അംഗീകരിക്കാൻ തയ്യാറാകണം. അതിന് താൽപ്പര്യമില്ലാത്തവർ ഇന്ത്യയിൽ ജീവിക്കാൻ അർഹരല്ല. അവർ രാജ്യം വിടുകയാണ് വേണ്ടതെന്നും പ്രതാപ് ചന്ദ്ര വ്യക്തമാക്കി. ഗുജറാത്തിൽ ശനിയാഴ്‌ച നടന്ന ഒരു ചടങ്ങിലായിരുന്നു മന്ത്രിയുടെ പ്രസ്താവന.

നമ്മൾ യുഗങ്ങളായി മുസ്ലിമുകൾക്കൊപ്പമാണ് ജീവിക്കുന്നത്. അവരോട് രാജ്യംവിട്ടുപോകാൻ പറഞ്ഞിട്ടില്ല. സ്വാതന്ത്രത്തിന് മുമ്പ് രാജ്യത്തെ രണ്ടായി വെട്ടി മുറിച്ചവരുടെ പാപത്തിനുള്ള പരിഹാരമാണ് പൗരത്വ ഭേദഗതി നിയമമെന്നും സാരംഗി പറഞ്ഞു.

രാഷ്ട്രീയമായും ഭൂമിശാസ്ത്രപരമായും സാമ്പത്തികമായും അല്ല, രാജ്യം മതാടിസ്ഥാനത്തിലാണ് വിഭജിക്കപ്പെട്ടിരിക്കുന്നത്. സിഎഎ 70 വർഷം മുമ്പ് തന്നെ നടപ്പാക്കേണ്ടതായിരുന്നു. ഈ രാജ്യം ആരുടേയും സ്വത്തല്ല. കോൺഗ്രസാണ് ദ്വിരാഷ്ട്ര സിദ്ധാന്തം രൂപീകരിച്ചത്. നെഹ്റുവാണ് ഒത്തുതീർപ്പ് ചർച്ചകൾക്ക് മുൻകൈ എടുത്തത്. വിഭജനം അംഗീകരിക്കാൻ കഴിയാത്തതാണ്. പൗരത്വ നിയമത്തിലൂടെ രാജ്യത്തെ വിഭജിച്ചവരുടെ പാപങ്ങൾ കഴുകിക്കളഞ്ഞതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കണമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

YOU MAY ALSO LIKE