സാദ് ഹരീരി രാജി പിന്‍വലിച്ചു

Web Desk
Posted on November 23, 2017, 12:30 am

ബെയ്‌റൂട്ട്: ലെബനീസ് പ്രധാനമന്ത്രി സാദ് ഹരീരി രാജി പിന്‍വലിച്ചു. രണ്ടാഴ്ചയ്ക്ക് മുന്‍പ് സൗദിയില്‍ വെച്ചാണ് സാദി അപ്രതീക്ഷിത രാജി പ്രഖ്യാപനം നടത്തിയത്.
അപകടത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കേണ്ട സമയമാണിത്. ആഭ്യന്തരവും അന്തര്‍ദേശിയയവുമായി രാജ്യത്തെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്. അതിനാല്‍ തന്നെ രാജി പ്രഖ്യാപനം പിന്‍വലിക്കുന്നതായി പാരിസില്‍ നിന്ന് ബെയ്‌റൂട്ടില്‍ തിരിച്ചെത്തിയ ശേഷം ഹരീരി പറഞ്ഞു.
നവംബര്‍ നാലിന് സൗദി അറേബ്യയില്‍ വച്ച് അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ച സാദ് അല്‍ ഹരീരി, സൗദിയില്‍ വീട്ടുതടങ്കലിലാണെന്ന് നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു. ഇവിടെ നിന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ ക്ഷണപ്രകാരം പാരിസിലെത്തിയ ശഷം അവിടെ നിന്നാണ് ഹരീരി സ്വന്തം നാട്ടിലേക്ക് തിരിച്ചത്.
റിയാദില്‍ വച്ച് സൗദിയുടെ ഔദ്യോഗിക ടി വി ചാനലിലൂടെ രാജി പ്രഖ്യാപിച്ച ഹരീരി, ലബനാന്‍ ആഭ്യന്തര കാര്യങ്ങളില്‍ ഇറാന്റെ ഇടപെടലാണ് രാജിക്ക് കാരണമെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും സൂചിപ്പിച്ചിരുന്നു. ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹിസ്ബുല്ലയ്‌ക്കെതിരേയും രൂക്ഷമായ ഭാഷയിലായിരുന്നു അദ്ദേഹം പ്രതികരിച്ചത്. ആയുധ ബലത്തില്‍ രാജ്യത്ത് എല്ലാം നിയന്ത്രിക്കുന്നത് ഹിസ്ബുല്ലയാണെന്നും രാജ്യത്തിനകത്തെ മറ്റൊരു രാജ്യമായാണ് അവര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഹരീരി കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ ഹിസ്ബുല്ലയ്‌ക്കെതിരായി ശക്തമായി നിലപാടെടുക്കാത്തതിനെ തുടര്‍ന്ന് സൗദി പിന്തുണയോടെ അധികാരത്തിലെത്തിയ ഹരീരി രാജിവയ്ക്കാന്‍ നിര്‍ബന്ധിതമാവുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
ലബനനില്‍ വച്ച് രാജി പ്രഖ്യാപിച്ചാല്‍ മാത്രമേ അത് സ്വീകരിക്കൂ എന്ന നിലപാടിലായിരുന്നു ഭരണകൂടം. ഹരീരിയുടെ പാര്‍ട്ടിയായ ഫ്യൂച്ചര്‍ മൂവ്‌മെന്റും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും അദ്ദേഹം ഉടന്‍ ലബനനിലേക്ക് മടങ്ങിവരണമെന്ന് ആവശ്യപ്പെടുന്നതിനിടയിലാണ് അദ്ദേഹം ചൊവ്വാഴ്ച ഇവിടെയെത്തിയത്. ബുധനാഴ്ച നടക്കുന്ന സ്വാതന്ത്രദിന ചടങ്ങുകളില്‍ ഹരീരി പങ്കെടുക്കും.