പാരമ്യതയിലും മേല്‍കൈ നേടി അനന്തപുരിയിലെ ഇടതുശക്തി

Web Desk
Posted on April 21, 2019, 9:14 am

മനോജ് മാധവന്‍

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം പരിസമാപ്തിയിലേക്ക് എത്തുമ്പോഴും തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തില്‍ തുടക്കം മുതലുള്ള ഇടതുജനാധിപത്യ മുന്നണിയുടെ മുന്‍കൈ നിലനിര്‍ത്താനായിട്ടുണ്ടെന്ന് മണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് എം വിജയകുമാറും സെക്രട്ടറി അഡ്വ. ജി ആര്‍ അനിലും വിലയിരുത്തുന്നു. ഇടതുജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി സി ദിവാകരന്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നകാര്യം ഉറപ്പാണെന്നും നേതാക്കള്‍ പറഞ്ഞു. എല്‍ഡിഎഫിനെ സംബന്ധിച്ച് രാഷ്ട്രീയമായി മുന്‍പന്തിയില്‍ നില്‍ക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം.
2014ന് ശേഷം 2015ല്‍ നടന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തില്‍ 66,000 വോട്ടിന്റെ ഭൂരിപക്ഷം എല്‍ഡിഎഫിനുണ്ട്. രണ്ടാംസ്ഥാനം യുഡിഎഫും മൂന്നാം സ്ഥാനം ബിജെപിക്കുമാണ്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 60,000 വോട്ടിന്റെ ഭൂരിപക്ഷം നേടാന്‍ സാധിച്ചു. അഞ്ച് വര്‍ഷകാലയളവില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടന്ന വാര്‍ഡുകളില്‍ മുന്‍കൈ നേടിയത് എല്‍ഡിഎഫാണ്. ഈ പാര്‍ലമെന്റ് അതിര്‍ത്തിയില്‍ നൂറുകണക്കിന് സഹകരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളില്‍ 90 ശതമാനവും എല്‍ഡിഎഫ് വിജയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളിലും സമ്പൂര്‍ണ്ണ ആധിപത്യമാണ് ഇടതുമുന്നണി കൈവരിച്ചത്. മണ്ഡലത്തില്‍ എല്‍ഡിഎഫിന് മുന്‍തൂക്കമുണ്ട്. 2016 ല്‍ ഇടതുജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിലുള്ള ജനകീയ സര്‍ക്കാര്‍ വന്നതിന്റെ സാഹചര്യം നിലനില്‍ക്കുന്നത് അനുകൂലമാണ്. ഈ അനുകൂല സാഹചര്യത്തില്‍ ത്രികോണ മത്സരത്തിലൂടെ ഇത്തവണ ഇടതുഭൂരിപക്ഷം ഒരുലക്ഷ്യമാക്കാന്‍ കഴിയുമെന്നതാണ് മുന്നണി വിലയിരുത്തല്‍. കഴിഞ്ഞ കാലങ്ങളില്‍ ഒന്നും പ്രകടമാകാത്ത ഇടതു ജനാധിപത്യമുന്നണിയുടെ അതിശക്തമായ പ്രവര്‍ത്തനമാണ് പാര്‍ലമെന്റ് മണ്ഡലത്തില്‍ കാണുന്നത്. വനിത പാര്‍ലമെന്റില്‍ അത്ഭുതകരമായ പങ്കാളിത്തമാണ് പ്രകടമായത്. ഇതിനെയൊക്കെ തടയാനാണ് ബിജെപി ഇപ്പോള്‍ ശബരിമല വിഷയമാക്കാന്‍ ശ്രമിക്കുന്നത്, അതൊന്നും ഇക്കുറി വിലപ്പോകില്ല.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ ആദ്യ ഘട്ടമായി വോട്ടര്‍മാരെ നേരില്‍ കണ്ട് നടത്തുന്ന വെരിഫിക്കേഷന്‍ കാലയളവില്‍ എല്‍ഡിഎഫ് ഒന്നാമതും യുഡിഎഫ് രണ്ടാമതും ബിജെപി മൂന്നാം സ്ഥാനത്തുമായിരുന്നു. എന്നാല്‍ ക്രമേണ അതില്‍ മാറ്റംവന്നു. യുഡിഎഫ് പടിപടിയായി പിന്നോട്ട് പോയിരിക്കുന്നു. 2014ല്‍ കോണ്‍ഗ്രസിന് അടിത്തറയുള്ള നേമം നിയോജക മണ്ഡലത്തില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ലഭിച്ചത് 40,000 വോട്ടാണ്. എന്നാല്‍ 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ നേമത്ത് കോണ്‍ഗ്രസിന്റെ വോട്ട് 13,000 ആയി കുറഞ്ഞാണ് ബിജെപി അവിടെ ജയിക്കുന്നത്. തിരുവനന്തപുരത്ത് ബിജെപി വോട്ട് യുഡിഎഫിനും നേമത്ത് യുഡിഎഫ് വോട്ട് ബിജെപിക്കുമാണ് അന്ന് ലഭിച്ചത്. നേമത്തെ ഈ പരീക്ഷണം ഇപ്പോള്‍ വട്ടിയൂര്‍ക്കാവിലുണ്ട്. വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് എംഎല്‍എ വടകരയിലെ സ്ഥാനാര്‍ഥിയാണ്. വട്ടിയൂര്‍ക്കാവിലെ കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിയിലേക്കും പകരം വടകരയിലെ ബിജെപി വോട്ട് യുഡിഎഫിനും നല്‍കാനാണ് ധാരണ. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തില്‍ ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍, എല്‍ഡിഎഫിന് തൊട്ടു പിന്നിലുണ്ടായിരുന്ന യുഡിഎഫ് പിന്നോട്ടും ബിജെപി രണ്ടാം സ്ഥാനത്തേക്കും എത്തിയത്. അതുകൊണ്ട് തിരുവനന്തപുരത്ത് പ്രധാനമത്സരം നടക്കുന്നത് എല്‍ഡിഎഫും-ബിജെപിയും തമ്മിലാണെന്ന് എല്‍ഡിഎഫ് നേതാക്കള്‍ ചൂണ്ടിക്കാട്ടി.