Web Desk

December 19, 2019, 9:54 pm

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇടതുപാർട്ടികൾ ആഹ്വാനം ചെയ്ത ദേശീയ പ്രക്ഷോഭം; ആയിരങ്ങൾ തെരുവിലിറങ്ങി

Janayugom Online

ന്യൂഡല്‍ഹി: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇടതുപാർട്ടികൾ ആഹ്വാനം ചെയ്ത ദേശീയ പ്രക്ഷോഭം വൻ ജനമുന്നേറ്റമായി. എല്ലാ സംസ്ഥാനങ്ങളിലും പ്രതിഷേധവുമായി ആയിരങ്ങൾ തെരുവിലിറങ്ങി. ബിഹാറിൽ ആഹ്വാനം ചെയ്ത ബന്ദ് പൂർണ്ണമായിരുന്നു. ഡൽഹിയിൽ അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യങ്ങൾ ഒരുക്കിയും ഉത്തർപ്രദേശ്, കർണ്ണാടക, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചും പ്രതിഷേധം തടയാൻ ശ്രമിച്ചുവെങ്കിലും അധികൃതർ പരാജയപ്പെട്ടു.
അതിശക്തമായ പ്രതിഷേധത്തിനാണ് തലസ്ഥാന നഗരി വേദിയായത്. സിപിഐ, സിപിഐ (എം) എഐഎഫ്ഭി, ആര്‍എസ് പി, സിപിഐ (എം എല്‍) സിജിപിഐ എന്നീ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ സമരത്തിന് മണ്ഡിഹൗസില്‍ നിന്നാണ് തുടക്കം കുറിച്ചത്. അതേസമയം സമരത്തെ നേരിടാന്‍ ഡല്‍ഹി പൊലീസ് വടക്കു കിഴക്കന്‍ മേഖലകളിലും ചെങ്കോട്ട മേഖകളിലും ഉള്‍പ്പെടെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജനപങ്കാളിത്വംകൊണ്ട് ശ്രദ്ധേയമായ പ്രതിഷേധസമരം ആരംഭിച്ചയുടന്‍തന്നെ നേതാക്കളെ പൊലീസ് അറസ്റ്റുചെയ്തു നീക്കി. ഇവരെയും വഹിച്ചുകൊണ്ടുള്ള വാഹനത്തെ പ്രവര്‍ത്തകര്‍ തടഞ്ഞതോടെ പൊലീസ് പ്രവര്‍ത്തകരെയും അറസ്റ്റുചെയ്തു നീക്കി. ചെറു സംഘങ്ങളായാണ് സമരക്കാര്‍ മണ്ഡിഹൗസിലെ സമരവേദിയിലേക്ക് എത്തിയത്. രാവിലെ പത്തുമണി മുതല്‍ വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും സ്ത്രീജനങ്ങളുടെയും ഒഴുക്കായിരുന്നു മണ്ഡിഹൗസിലേക്ക്. പൊലീസ് കനത്ത ബന്ദവസ്സാണ് ഇവിടെ സൃഷ്ടിച്ചിരുന്നത്. ചെറുസംഘങ്ങളെ പൊലീസും വനിതാ പൊലീസും ചേര്‍ന്ന് കൈകോര്‍ത്തുനിന്ന് വളഞ്ഞ് അറസ്റ്റ് ചെയ്തു ബസ്സുകളിലേക്കു നീക്കുന്നത് രാവിലെ മുതല്‍ മണ്ഡിഹൗസിലെ കാഴ്ചയായിരുന്നു.

ഡി രാജയുള്‍പ്പെടെയുള്ള ഇടതു നേതാക്കള്‍ മണ്ഡി ഹൗസിലെ സമരവേദിയിലെത്തിയ ഉടന്‍ പൊലീസ് അവരെ അറസ്റ്റ് ചെയ്യുകയാണുണ്ടായത്. സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ പല്ലബ് സെൻ ഗുപ്ത, ബാൽ ചന്ദ്ര കാംഗോ, അമർജിത്ത് കൗർ, എക്സിക്യൂട്ടീവ് അംഗം ആനിരാജ, ഡൽഹി സംസ്ഥാന സെക്രട്ടറി ദിനേഷ് ചന്ദ്ര വാഷ്നെ, എഐവൈഎഫ് ജനറൽ സെക്രട്ടറി ആർ തിരുമലൈ, എഐഎസ്എഫ് ജനറൽ സെക്രട്ടറി വിക്കി മഹേശരി, സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, നേതാക്കളായ ബൃന്ദാ കാരാട്ട്, നിലോത്പൽ ബസു, ഹനൻമുള്ള തുടങ്ങിയ നേതാക്കളെയും പ്രവർത്തകരെയുമാണ് അറസ്റ്റ് ചെയ്തത്. വിവിധ സ്റ്റേഷനുകളിലേയ്ക്ക് മാറ്റിയ നേതാക്കളെ വൻ പ്രതിഷേധത്തെ തുടർന്ന് വിട്ടയക്കുകയായിരുന്നു. തുടർന്ന് ജന്തർ മന്തറിലെത്തി പ്രതിഷേധത്തിൽ പങ്കെടുത്തു.
ഉച്ചയ്ക്ക് ഒന്നരയോടെ എഐഎസ്എഫിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളുടെ ഒരു സംഘം വീണ്ടും പ്രതിഷേധവുമായി മണ്ഡിഹൗസിലെത്തി. ബംഗാളി മാര്‍ക്കറ്റ് റോഡിലൂടെ മുന്നേറിയ വിദ്യാര്‍ത്ഥികളെ പൊലീസ് ഇതേരീതിയില്‍ അറസ്റ്റുചെയ്തു. ഓള്‍ ഇന്ത്യാ തന്‍സീം ഇ ഇന്‍സാഫിന്റെ പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ചേര്‍ന്നിരുന്നു. പത്തനംതിട്ട റാന്നി സ്വദേശിയായ ഡി യു വിദ്യാര്‍ത്ഥി ഷിജോ വര്‍ഗ്ഗീസുള്‍പ്പെടെ വിവിധ യൂണിവേഴ്‌സിറ്റികളിലെ വിദ്യാര്‍ത്ഥികളാണ് പൗരത്വ ഭേഗദതി നിയമ വിരുദ്ധ മുദ്രാവാക്യങ്ങളുമായി പ്രതിഷേധം നടത്തിയത്.
പ്രതിഷേധ സമരങ്ങളെ പ്രതിരോധിക്കാന്‍ ഇന്റര്‍നെറ്റ് എസ്എംഎസ് സര്‍വ്വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ മൊബൈല്‍ സേവനദാതാക്കള്‍ക്ക് പോലീസ് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതോടെ മൊബൈല്‍ സര്‍വ്വീസുകള്‍ താറുമാറായി. ഓള്‍ഡ് ഡല്‍ഹി, മണ്ഡിഹൗസ്, സീലംപൂര്‍ ജാഫരാബാദ്, മുസ്തഫാബാദ്, ജാമിഅ നഗര്‍, ഹീന്‍ ബാഗ്, ബവാന ഉള്‍പ്പെടെ നിരവധി മേഖലകളില്‍ മൊബൈല്‍ സേവനം തടസ്സപ്പെട്ടു.

അയല്‍ സംസ്ഥാനങ്ങളില്‍നിന്നും ഡല്‍ഹിലേക്ക് ആളുകള്‍ പ്രതിഷേധ സമരത്തില്‍ പങ്കെടുക്കുന്നത് തടയാന്‍ അതിര്‍ത്തി മേഖലകളില്‍ പൊലീസ് കര്‍ശന പരിശോധനയാണ് നടത്തിയത്. ഇതിനു പുറമെ ഡല്‍ഹി മെട്രോയുടെ വിവിധ മേഖലകളിലേക്കുള്ള റൂട്ടുകളായ മജന്ത, യെല്ലോ, വയലറ്റ്, ബ്ലൂ ലൈനുകളിലെ പതിനേഴോളം സ്‌റ്റേഷനുകള്‍ പൊലീസ് നിര്‍ദ്ദേശ പ്രകാരം അടച്ചിട്ടു. ജമ്പഥ്, പട്ടേല്‍ ചൗക്ക്, ലോക് കല്യാണ്‍ മാര്‍ഗ്ഗ്, ഉദ്യോഗ് ഭവന്‍, ഐ ടി ഒ, പ്രഗതി മൈദാന്‍, മണ്ഡി ഹൗസ്, ഖാന്‍ മാര്‍ക്കറ്റ്, ജാമിയ തുടങ്ങിയ സറ്റേഷനുകള്‍ ഉള്‍പ്പെടെയുള്ള സ്റ്റേഷനുകളാണ് ഇന്നലെ പ്രതിഷേധക്കാരെ തടയാനായി പൊലീസ് അടപ്പിച്ചത്. കൊൽക്കത്തയിൽ പതിനായിരങ്ങളാണ് ഇടതുപ്രകടനത്തിൽ പങ്കെടുത്തത്. സംസ്ഥാനത്ത് എൽഡിഎഫ് ആഹ്വാനപ്രകാരം എല്ലാ ജില്ലകളിലും വൻ പ്രതിഷേധമാണ് നടന്നത്.