സാമ്പത്തികമാന്ദ്യം: ഇടതുപാര്‍ട്ടികള്‍ രാജ്യവ്യാപക പ്രക്ഷോഭത്തിലേയ്ക്ക്

Web Desk
Posted on September 18, 2019, 7:26 pm

ന്യൂഡല്‍ഹി: ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ഇടതുപാര്‍ട്ടികള്‍ തീരുമാനിച്ചു. പ്രക്ഷോഭപരിപാടികള്‍ക്ക് രൂപം നല്‍കുന്നതിന് 20 ന് കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ കണ്‍വന്‍ഷന്‍ ചേരും. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി വലിയ തോതിലുള്ള തൊഴില്‍ നഷ്ടമുള്‍പ്പെടെ ജനങ്ങള്‍ക്കുമേല്‍ വന്‍ ദുരിതങ്ങളാണ് അടിച്ചേല്‍പ്പിച്ചിരിക്കുന്നതെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ(എംഎല്‍) ലിബറേഷന്‍ ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ, ഫോര്‍വേഡ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ദേബബ്രത ബിശ്വാസ്, ആര്‍എസ്പി ജനറല്‍ സെക്രട്ടറി ക്ഷിതി ഗോസ്വാമി എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

ഇപ്പോള്‍ കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി പ്രഖ്യാപിച്ചിരിക്കുന്ന 70,000 കോടി രൂപയുടെ നടപടികള്‍ പ്രതിസന്ധി മറികടക്കുന്നതിനോ ആശ്വാസം നല്‍കുന്നതിനോ ഒട്ടും പര്യാപ്തമല്ല, മറിച്ച് പ്രതിസന്ധി കൂട്ടുകയാണ് ചെയ്യുക. പൊതുനിക്ഷേപം വലിയ തോതില്‍ വര്‍ധിപ്പിക്കുകയും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന വിധത്തില്‍ അടിസ്ഥാന മേഖലയെ ശക്തിപ്പെടുത്തുകയും ചെയ്തുകൊണ്ട് ജനങ്ങളുടെ വാങ്ങല്‍ ശേഷി കൂട്ടാനുള്ള നടപടികളാണ് ഉണ്ടാകേണ്ടത്. ഇത്തരം വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് 20 ന് ചേരുന്ന കണ്‍വന്‍ഷന്‍ രൂപം നല്‍കുമെന്ന് നേതാക്കള്‍ അറിയിച്ചു.

എല്ലാ ജനാധിപത്യ പ്രസ്ഥാനങ്ങളും പ്രതിഷേധത്തിന്റെ ഭാഗമാകണമെന്നും ജനകീയ പോരാട്ടത്തെ ശക്തിപ്പെടുത്തണമെന്നും പ്രസ്താവനയില്‍ ആഹ്വാനം ചെയ്തു.