19 April 2024, Friday

ഭാരത് ബന്ദ് വിജയിപ്പിക്കുക: ഇടതുപാര്‍ട്ടികള്‍

Janayugom Webdesk
ന്യൂഡല്‍ഹി
September 2, 2021 10:59 pm

കാര്‍ഷിക കരിനിയമങ്ങള്‍ക്ക് എതിരെ കര്‍ഷകര്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് ജനങ്ങള്‍ എല്ലാ പിന്തുണയും നല്‍കണമെന്ന് ഇടതുകക്ഷി നേതാക്കള്‍ ആഹ്വാനം ചെയ്തു. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ കഴിഞ്ഞ നവംബറിലാണ് കാര്‍ഷിക കരിനിയമങ്ങള്‍ക്ക് എതിരെ കര്‍ഷകര്‍ സമരവുമായി രംഗത്ത് എത്തിയത്. കര്‍ഷകരുടെ ആവശ്യങ്ങളോടു മുഖംതിരിഞ്ഞു നില്‍ക്കുന്ന സര്‍ക്കാര്‍ പ്രശ്‌നപരിഹാരത്തിനായി നടത്തുന്ന ചര്‍ച്ചകള്‍ പ്രഹസനം ആക്കിയതോടെയാണ് പ്രക്ഷോഭം ശക്തമായി മുന്നോട്ടു കൊണ്ടുപോകാന്‍ കര്‍ഷകര്‍ തീരുമാനമെടുത്തത്. കര്‍ഷകരും സര്‍ക്കാരും തമ്മില്‍ 11 വട്ടം ചര്‍ച്ച നടന്നെങ്കിലും സമവായമോ പ്രശ്‌നപരിഹാരമോ ഉരുത്തിരിഞ്ഞിട്ടില്ല.

എല്ലാ മാര്‍ഗ്ഗങ്ങളും പയറ്റിയെങ്കിലും കര്‍ഷകരെ സമരത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ സര്‍ക്കാരിനായില്ല. ദേശീയ തലസ്ഥാന മേഖലയായ സിംഘു, ടിക്രി, ഗാസിപ്പൂര്‍ എന്നിവിടങ്ങളില്‍ നടന്നുവരുന്ന പ്രക്ഷോഭം പത്താം മാസത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായാണ് കര്‍ഷകര്‍ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുള്ളത്. കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം പ്രതിപക്ഷം സംയുക്തമായി സ്തംഭിപ്പിക്കുകയും ചെയ്തു.

കാര്‍ഷിക കരിനിയമങ്ങള്‍ പിന്‍വലിക്കാന്‍ തയ്യാറാകാത്ത മോഡി സര്‍ക്കാരിന്റെ കടുംപിടുത്തം, പ്രശ്‌നപരിഹാരത്തിനായി കര്‍ഷകരുമായി തുടര്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാകാത്ത സര്‍ക്കാര്‍ നിലപാട്, നാഷണല്‍ മോണറ്റൈസേഷന്‍ പൈപ്പ്‌ലൈന്‍ ഇല്ലാതാക്കുക, തൊഴില്‍ നിയമങ്ങള്‍ പരിഷ്‌കരിച്ചത് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി സംയുക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്ത ഈ മാസം 25 ന് സംഘടിപ്പിക്കുന്ന ഭാരത് ബന്ദ് വന്‍ വിജയമാക്കാന്‍ പാര്‍ട്ടിയുടെ എല്ലാ യുണിറ്റുകളും സജീവമായി മുന്നോട്ടുവരണമെന്ന് സമാനമനസ്‌കരായ ജനങ്ങളുടെ പിന്തുണ ആഹ്വാനം ചെയ്തുള്ള വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സിപിഐ (എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഫോര്‍വേര്‍ഡ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ദേബബ്രത ബിശ്വാസ്, ആര്‍എസ്‌പി ജനറല്‍ സെക്രട്ടറി മനോജ് ഭട്ടാചാര്യ, സിപിഐ (എംഎല്‍) ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ എന്നിവരാണ് സംയുക്ത വാര്‍ത്താക്കുറിപ്പില്‍ ഒപ്പുവച്ചിരിക്കുന്നത്. 

ENGLISH SUMMARY: Left par­ties to be with Bharat Bandh
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.