December 3, 2022 Saturday

Related news

December 2, 2022
November 18, 2022
November 15, 2022
November 15, 2022
November 15, 2022
November 15, 2022
November 10, 2022
November 10, 2022
November 10, 2022
November 9, 2022

ബംഗാളും ഉറപ്പാക്കി ഇടതുതരംഗം

സ്വന്തം ലേഖകൻ
കൊൽക്കത്ത
March 25, 2021 9:42 am

ബംഗാളിൽ ഇടതുതരംഗമുയർത്തി തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ ഇടതുപക്ഷ സ്ഥാനാർത്ഥികൾ മുന്നിൽ. ബിജെപിയുടെ വർഗീയതയ്ക്കും തൃണമൂൽ കോൺഗ്രസിന്റെ അക്രമരാഷ്ട്രീയത്തിനുമെതിരെ ഇത്തവണ ബംഗാൾ വിധിയെഴുതുമെന്നാണ് വിലയിരുത്തൽ. ആദ്യഘട്ട പരസ്യപ്രചാരണത്തിന് ഇന്ന് തിരശ്ശീല വീഴും. 27നാണ് ഒന്നാംഘട്ട തെരഞ്ഞെടുപ്പ്.

സീറ്റ് വിഭജനവും സ്ഥാനാർത്ഥി പ്രഖ്യാപനവും നേരത്തെ പൂർത്തിയാക്കിയതോടെ ഇന്ത്യൻ സെക്കുലർ ഫ്രണ്ട്, കോൺഗ്രസ് എന്നിവർ ഉൾപ്പെട്ട സംയുക്ത സഖ്യം പ്രചാരണത്തിലും മേൽക്കൈ നേടിയിരുന്നു. തൃണമൂൽ ശക്തികേന്ദ്രങ്ങളായി അറിയപ്പെടുന്ന പല കേന്ദ്രങ്ങളും ഇത്തവണ ഇടതുപക്ഷം പിടിച്ചെടുത്തേക്കും. സ്വന്തം ശക്തികേന്ദ്രങ്ങളിൽ വിജയം ഉറപ്പാക്കിയും കാർഷിക‑നഗര മേഖലകളിലേക്ക് സ്വാധീനം വർധിപ്പിച്ചുമാണ് സംയുക്ത സഖ്യം മുന്നേറുന്നത്.

ബംഗാളില്‍ പൗരത്വ ഭേദഗതി നിയമവും എന്‍ആര്‍സിയും നടപ്പാക്കില്ലെന്ന ഉറപ്പാണ് ഇടതുപക്ഷം പ്രകടനപത്രികയിലൂടെ നൽകിയിട്ടുള്ളത്. സംസ്ഥാനത്ത് നിയമവാഴ്ച പുനഃസ്ഥാപിക്കുമെന്നും മതേതര തത്വങ്ങള്‍ പാലിക്കുമെന്നും മുസ്‌ലിങ്ങള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്നും പ്രകടന പത്രിക വ്യക്തമാക്കുന്നു. കുടിയേറ്റ തൊഴിലാളികൾക്കായി പ്രത്യേക വകുപ്പ്, തൊഴിലുറപ്പ് പദ്ധതിയിലൂടെ 150 ദിനം തൊഴിൽ തുടങ്ങിയ വാഗ്‌ദാനങ്ങളും ജനശ്രദ്ധ ആകർഷിച്ചിട്ടുണ്ട്.

ഇടതുസഖ്യം തെരഞ്ഞെടുപ്പ് രംഗത്ത് മുന്നേറിയതോടെ ബിജെപിയുടെ മുന്‍ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ മത്സരിക്കുന്ന ടോളിഗഞ്ച് പ്രത്യേക ശ്രദ്ധാകേന്ദ്രമായി മാറിയിട്ടുണ്ട്. ദേവദൂത് ഘോഷാണ് ഇവിടെ ഇടതുസഖ്യ സ്ഥാനാർത്ഥി. നിലവിൽ മന്ത്രിയായ അരൂപ് ബിശ്വാസ് തൃണമൂലിനായും രംഗത്തിറങ്ങിയതോടെ കടുത്ത മത്സരമാണ് നടക്കുന്നത്. അസൻസോൾ കലാപത്തിൽ ബാബുൽ സുപ്രിയോയുടെ പങ്കും വർഗീയ പ്രസ്താവനകളും എടുത്തുപറഞ്ഞുള്ള പ്രചാരണം ഇദ്ദേഹത്തിന്റെ ജയസാധ്യത ഇല്ലാതാക്കിയിട്ടുണ്ട്.

ജാദവ്പൂർ അടക്കമുള്ള പരമ്പരാഗത ഇടതുപക്ഷ കോട്ടകൾ ഇത്തവണയും ഇളക്കമില്ലാതെ തുടരുമെന്നാണ് വിലയിരുത്തൽ. ഡോ. സുജൻ ചക്രവർത്തി കഴിഞ്ഞതവണ 20000ത്തിലേറെ വോട്ടുകൾക്കാണ് ജാദവ്പൂരിൽ ജയിച്ചത്. ഇത്തവണ ഭൂരിപക്ഷം ഉയർത്തുമെന്ന വിശ്വാസത്തിലാണ് പ്രവർത്തകർ. മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ മത്സരിച്ചിരുന്ന മണ്ഡലം കൂടിയാണിത്. ബിജെപിയിൽ നിന്നും അടുത്തിടെ എത്തിയ ദേബബ്രത മജുംദാർ തൃണമൂൽ സ്ഥാനാർത്ഥിയായും സിപിഐഎമ്മിൽ നിന്നും ബിജെപിയിലേക്ക് ചേക്കേറിയ റിങ്കു നാസ്കർ ബിജെപിക്കായും മത്സരിക്കുന്നു. രണ്ട് സ്ഥാനാർത്ഥികളുടെയും കൂറുമാറ്റം തെരഞ്ഞെടുപ്പിൽ ചർച്ചാവിഷയമാക്കാൻ ഇടതുപക്ഷ പ്രചാരണത്തിന് കഴിഞ്ഞിട്ടുണ്ട്.

ഭാംഗർ ഉൾപ്പെടെയുള്ള കാർഷിക മേഖലയിലെ മണ്ഡലങ്ങളിൽ സഖ്യകക്ഷി സ്ഥാനാർത്ഥികളും പ്രചാരണത്തിൽ മുന്നേറിയിട്ടുണ്ട്. ഐഎസ്എഫ് സ്ഥാനാർത്ഥിയായി നൗഷാദ് സിദ്ദിഖി മത്സരിക്കുന്ന ഭാംഗറിൽ തെരഞ്ഞെടുപ്പ് റാലിക്ക് പിന്നാലെ ഇടത് പ്രവർത്തകർക്ക് നേരെ തൃണമൂൽ പ്രവർത്തകരിൽ നിന്ന് വ്യാപകമായ ആക്രമണമുണ്ടായി. ഇതിനെതിരെ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയവർക്ക് വീണ്ടും മർദ്ദനമേറ്റു. ഇത്തവണ തൃണമൂലിന്റെ അക്രമരാഷ്ട്രീയത്തിനെതിരെയുള്ള വിധിയെഴുത്ത് കൂടിയായി തെരഞ്ഞെടുപ്പ് മാറുമെന്ന വിശ്വാസത്തിലാണ് ഇടത്-സംയുക്ത സഖ്യ പ്രവർത്തകർ.

Eng­lish sum­ma­ry: Left wave in westbengal

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.